സരിത കൃഷ്ണൻ

കോട്ടയം

October 23, 2020, 8:15 pm

അണക്കെട്ടുകൾ നിറയുന്നു; തുലാമഴയ്ക്കു മുമ്പേ കെഎസ്ഇബി ജാഗ്രതയിൽ

Janayugom Online
KSEB

തുലാമഴയിൽ ജല സംഭരണം കാര്യക്ഷമമാക്കാനൊരുങ്ങി സംസ്ഥാനത്തെ അണക്കെട്ടുകൾ. നിലവിൽ സംഭരണ ശേഷിയുടെ പൂർണതയിലെത്തിയ ചെറിയ അണക്കെട്ടുകൾ തുറന്നുവിട്ടും വൈദ്യുതി ഉൽപ്പാദനം കൂട്ടിയും ജാഗ്രതയിലാണ് കെഎസ്ഇബിയും.

ജലനിരപ്പ് പൂർണ സംഭരണശേഷിയോട് അടുക്കുന്ന ഇടുക്കി അടക്കം നാല് അണക്കെട്ടുകളിൽ വൈദ്യൂതിബോർഡ് വിവിധ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

സംഭരണ ശേഷിയിൽ താഴ്ന്ന വിഭാഗത്തിലുള്ള മൂഴിയാർ, കുണ്ടള, കല്ലാർകുട്ടി, പെരിങ്ങൽക്കുത്ത്, പൊൻമുടി, കക്കി അണക്കെട്ടുകൾ നിലവിൽ തുറന്നിട്ടുണ്ട്. ഇടുക്കി, പമ്പ അണക്കെട്ടുകളിൽ ബ്ലൂ അലർട്ടും (അണക്കെട്ട് തുറക്കുന്നതിന്റെ ആദ്യ മുന്നറിയിപ്പ്) നിലവിലുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലമുപയോഗിച്ച് പരമാവധി വൈദ്യുതി ഉല്പാദിപ്പിച്ച് ബ്ലൂ അലർട്ട് ലെവലിന്റെ താഴെയെത്തിക്കാനാണ് അധികൃതരുടെ ശ്രമം.

ഇടുക്കി ഉൾപ്പെടെ സംസ്ഥാനത്ത് കെഎസ്ഇബിയുടെ കീഴിലുള്ള 58 അണക്കെട്ടുകളുടെയും നിരീക്ഷണ ചുമതല കോട്ടയം പള്ളത്തെ ഡാം സേഫ്റ്റി ഓർഗനൈസേഷനാണ്. ഇതിൽ 18 ജലസംഭരണികളിലാണ് വേനൽക്കാലത്തേക്ക് അടക്കമുള്ള വൈദ്യുതി ഉല്പാദത്തിനും മറ്റും ആവശ്യമായ വെള്ളത്തിന്റെ ഭൂരിഭാഗവും സംഭരിക്കുന്നത്. ഇവയെ തന്നെ മൂന്ന് കാറ്റഗറികളിലായി തിരിച്ചാണ് കെഎസ്ഇബി പ്രവർത്തനം ഏകോപിപ്പിക്കുന്നത്. നിലവിലെ ജലനിരപ്പടക്കം നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ മുൻകരുതലുകളെല്ലാം സ്വീകരിക്കുന്നുണ്ടെന്നും ചീഫ് എൻജിനീയർ വ്യക്തമാക്കുന്നു.

അണക്കെട്ടുകളിലെ സംഭരണ ശേഷി പരമാവധിയിലെത്തിയതോടെ വൈദ്യുതി ഉല്പാദനം പലയിടത്തും കൂട്ടിയിട്ടുണ്ടെന്നും കെഎസ്ഇബി അധികൃതർ വ്യക്തമാക്കുന്നു. കാലവർഷത്തിനുശേഷവും ഇടവിട്ട് തുടർച്ചയായി മഴ ലഭിക്കുന്നതാണ് അണക്കെട്ടുകളിലെ ജലനിരപ്പുയരാൻ കാരണം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം മൂലമുള്ള മഴ കഴിഞ്ഞദിവസങ്ങളിൽ ലഭിച്ചിരുന്നു.

you may also like this video