എവിൻ പോൾ

തൊടുപുഴ

July 25, 2021, 9:48 pm

ഡാമുകളില്‍ നീരൊഴുക്ക് പ്രതീക്ഷ കവിഞ്ഞു

Janayugom Online

സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയും ജലാശയങ്ങളിലേക്കുള്ള നീരൊഴുക്ക് വർധിക്കുകയും ചെയ്തതോടെ സംസ്ഥാനത്തെ ഡാമുകളിലെ ആകെ ജലശേഖരം 62 ശതമാനമായി ഉയർന്നു. ഈ മാസം 1275 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ നീരൊഴുക്ക് പ്രതീക്ഷിച്ച സ്ഥാനത്ത് ഇന്നലെ വരെ ലഭിച്ചത് 1380.388 ദശലക്ഷം യൂണിറ്റിനാവശ്യമായ ജലമാണ്. പ്രതീക്ഷിച്ചതിനെക്കാൾ 393. 291 ദശലക്ഷം യൂണിറ്റ് അധികമാണ് നിലവിലെ നീരൊഴുക്ക്. 2559.975 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ ജലം ഡാമുകളിലെല്ലാമായുണ്ട്. ഇന്നും ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്.

ഇടുക്കിയിൽ ജലനിരപ്പ് ഉയർന്ന് 2368. 90 അടിയായി. ഇത് ഡാമിന്റെ സംഭരണ ശേഷിയുടെ 62. 93 ശതമാനം വരും. 32. 196 എംസിഎം യൂണിറ്റാണ് പ്രതിദിന നീരൊഴുക്ക്. ഇടുക്കി ഡാമിന്റെ പരമാവധി സംഭരണശേഷി 2403 അടിയാണ്. 10 അടി കൂടി ജലനിരപ്പ് ഉയർന്നാൽ ഓറഞ്ച് അലർട്ടിലേക്ക് എത്തുമെന്നാണ് സൂചനകൾ. മഴയുടെ ലഭ്യത അനുസരിച്ച് അലർട്ടുകൾക്ക് വ്യത്യാസമുണ്ടാകും. ഇന്നലെ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് 35. 8 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്.

അതേസമയം മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഇന്നലെ വൈകിട്ടോടെ 135. 70 അടിയായി ഉയർന്നു. പ്രോട്ടോകോൾ അനുസരിച്ച് 140 അടിയെത്തുമ്പോഴാണ് ആദ്യ ജാഗ്രത നിർദ്ദേശം പുറപ്പെടുവിക്കുക. 142 അടി ജലമാണ് ഡാമിൽ പരമാവധി ഉൾക്കൊള്ളാനാവുക.

ഇടുക്കിയിലെ മറ്റ് ഡാമുകളായ പാംബ്ല, മലങ്കര, കല്ലാറുകുട്ടി ഡാമുകളിൽ നിന്നും നിശ്ചിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. മലങ്കര ഡാമിൽ ജലനിരപ്പ് 39.28 മീറ്ററാണ്. ഡാമിന്റെ പരമാവധി സംഭരണശേഷി 42 മീറ്ററാണ്. ഡാമിലെ ആറ് ഷട്ടറുകളും 80 സെന്റിമീറ്റർ ഉയർത്തി നിശ്ചിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.

സംസ്ഥാനത്തെ മറ്റ് ജലാശയങ്ങളായ പമ്പയിൽ 65 ശതമാനം, ഷോലയാർ 68, ഇടമലയാർ57, കുണ്ടള 55, മാട്ടുപ്പെട്ടി50, കുറ്റ്യാടി 60, ആനയിറങ്കൽ 44, പൊന്മുടി 76, നേര്യമംഗലം92, ലോവർ പെരിയാർ 100 ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ്.

Eng­lish Sum­ma­ry: dams over­flow in the state

You may like this video also