പ്രശസ്ത നൃത്ത സംവിധായിക സരോജ് ഖാൻ അന്തരിച്ചു

Web Desk

മുംബൈ

Posted on July 03, 2020, 12:09 pm

ബോളിവുഡിലെ പ്രശസ്ത നൃത്ത സംവിധായിക സരോജ് ഖാൻ (71)അന്തരിച്ചു. ശ്വാസതടസത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണ്. സരോജ് ഖാൻ ഒരുക്കിയ ജനപ്രിയ നൃത്തചുവടുകൾ ഹിന്ദി സിനിമയിൽ ഒട്ടേറെ താരോദയങ്ങൾക്ക് പിൻബലമേകിയിട്ടുണ്ട്. രണ്ടായിരത്തിലധികം ഗാനങ്ങൾക്ക് ചുവടുകൾ ഒരുക്കിയ സരോജ് ഖാന് മൂന്നുവട്ടം ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. നാലുപതിറ്റാണ്ടാണ് ബോളിവുഡ് സിനിമകളിൽ നൃത്തസംവിധാനം നിർവഹിച്ചത്.

കലങ്ക് സിനിമയിലെ ‘തബാ ഹോ ഗയേ’ ആണ് അവസാനം നൃത്തസംവിധാനം ചെയ്ത ഗാനം. മിസ്റ്റർ ഇന്ത്യ, തേസാബ്, ബാസിഗർ, ദിൽവാലെ ദുൽഹനിയ ലെ ജായേങ്കെ, ഹം ദിൽ ദേ ചുകേ സനം, ദേവദാസ്, ജബ് വി മെറ്റ്, മൊഹ്റ, ഗുരു, ലഗാൻ തുടങ്ങി 2000ത്തിലേറെ നൃത്ത പ്രാധാന്യമുള്ള ഗാനങ്ങളുടെ കോറിയോഗ്രഫി നിർവഹിച്ചത് സരോജ് ഖാനായിരുന്നു. ദ മദർ ഓഫ് ഡാൻസ് എന്നായിരുന്നു സരോജ് ഖാൻ അറിയപ്പെട്ടിരുന്നത്. മണിരത്നം സംവിധാനം ചെയ്ത ​ഗുരു, മനോജ് കെ ജയൻ, അതിഥി റാവു ഹെരൊദി എന്നിവർ പ്രധാനവേഷത്തിലെത്തിയ തമിഴ് ചിത്രം ശൃംഗാരം, ഇംത്യാസ് അലി സംവിധാനം ചെയ്ത ജബ് വി മെറ്റ് എന്നിവയാണ് മറ്റു പ്രധാനചിത്രങ്ങൾ. അതിൽ ജബ് വി മെറ്റ്, ശൃംഗാരം, ദേവദാസ് എന്നീ ചിത്രങ്ങളിലൂടെ മികച്ച നൃത്ത സംവിധായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടി.

മൂന്നാം വയസ്സിൽ ബാലതാരമായാണ് നിർമല നാ​ഗ്പാൽ എന്ന സരോജ് ഖാൻ സിനിമയിൽ അരങ്ങറ്റം കുറിച്ചത്. 1950 കളുടെ അവസാനത്തിൽ ബാക്ക് ​ഗ്രൗണ്ട് ഡാൻസറായി ഒട്ടനവധി ചിത്രങ്ങളിൽ പ്രവർത്തിച്ചു. പ്രശസ്ത നൃത്ത സംവിധായകനായ ബി സോഹൻലാലിന്റെ കീഴിലായിരുന്നു അക്കാലമത്രയും പരിശീലനം. അതിനിടെ തന്റെ 13‑മാത്തെ വയസ്സിൽ 43‑കാരനായ സോഹൻലാലിനെ സരോജ് ഖാൻ വിവാഹം കഴിച്ചു. സോഹൻലാൽ നേരത്തേ വിവാഹിതനായിരുന്നു. എന്നാൽ അതറിയാതെയായിരുന്നു കൊച്ചുകുട്ടിയായിരുന്ന സരോജ് അദ്ദേഹത്തെ വിവാഹം ചെയ്തത്. ഗീത മേര നാം (1974) എന്ന ചിത്രത്തിലൂടെ സ്വതന്ത്ര നൃത്ത സംവിധായികയായി. മിസ്റ്റർ ഇന്ത്യയിലെ ഹവ ഹവായ് (1987) എന്ന ഗാനത്തിൽ ശ്രീദേവിക്കായി നൃത്തം ചിട്ടപ്പെടുത്തിക്കൊണ്ടാണ് സരോജ് ശ്രദ്ധിക്കപ്പെട്ടത്. ഹമീദ് ഖാൻ. ഹിന ഖാൻ, സുകന്യ ഖാൻ എന്നിവർ മക്കളാണ്.

you may also like this video