Friday
22 Feb 2019

കലകളുടെ ഉന്നമനത്തിനായുള്ള കേരളത്തിന്‍റെ അർപ്പണ ബോധം നിശാഗന്ധി നൃത്തോത്സവത്തെ ശ്രദ്ധേയമാക്കുന്നു: ഗവർണർ 

By: Web Desk | Saturday 20 January 2018 10:12 PM IST

  • നിശാഗന്ധി നൃത്തോത്സവത്തിന്  തിരിതെളിഞ്ഞു 
  • ജസ്റ്റിസ് (റിട്ട.)പി.സദാശിവം  വി.പി.ധനഞ്ജയൻ-ശാന്ത ധനഞ്ജയൻമാർക്ക്  

തിരുവനന്തപുരം:  വരാനിരിക്കുന്ന ഒരാഴ്ചക്കാലം അനന്തപുരി നൂപുരധ്വനികൾ കൊണ്ട് മുഖരിതമാകും. തലസ്ഥാനനഗരിക്ക് നൃത്തവിസ്മയങ്ങളുടെ  ഏഴു സുന്ദര രാത്രികൾ സമ്മാനിച്ച്  നിശാഗന്ധി നൃത്തോത്സവത്തിന് ശനിയാഴ്ച വൈകീട്ട്  തിരിതെളിഞ്ഞു. വൈകുന്നേരം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ കേരള ഗവർണ്ണർ ജസ്റ്റിസ് (റിട്ട.)പി.സദാശിവമാണ്  നിശാഗന്ധി നൃത്തോത്സവത്തിന്റെ  ഉദ്‌ഘാടന കർമം നിർവഹിച്ചത്. ഭരതനാട്യമുൾപ്പെടെ  ലോകമെങ്ങും കീർത്തിയാർജ്ജിച്ച  ഭാരതീയ ശാസ്ത്രീയ  നൃത്ത രൂപങ്ങളുടെ വളർച്ചയ്ക്കും പ്രചരണത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച  ആദരണീയരായ നൃത്ത ദമ്പതികളായ വി.പി.ധനഞ്ജയനും ശാന്ത ധനഞ്ജയനുമുള്ള  ഇക്കൊല്ലത്തെ നിശാഗന്ധി പുരസ്കാരവും  ഗവർണർ സമ്മാനിച്ചു. ഒന്നര ലക്ഷം രൂപയും  പ്രശസ്തി പത്രവും ഭരതമുനിയുടെ ശിൽപ്പവും അടങ്ങുന്നതാണ് വിഖ്യാതമായ നിശാഗന്ധി പുരസ്കാരം.

തങ്ങളുടെ നൃത്തവൈഭവം കൊണ്ട് ലോകമെങ്ങും പുകഴ്‌പെറ്റ നൃത്തലോകത്തെ  ഇതിഹാസ സമാനരായ  ധനഞ്ജയന്മാർക്ക്  ഈ വർഷത്തെ നിശാഗന്ധി പുരസ്കാരം സമ്മാനിക്കാൻ അവസരം ലഭിച്ചതിൽ  തനിക്ക്  അതിയായ സന്തോഷമുണ്ടെന്ന് നിശാഗന്ധി നൃത്തോത്സവത്തിന്റെ  ഉദ്ഘാടനവും  പുരസ്‌ക്കാര സമർപ്പണവും നിർവഹിച്ചു കൊണ്ട് ഗവർണർ പറഞ്ഞു. കഴിഞ്ഞ ആറ് പതിറ്റാണ്ടു കാലത്തെ കലാ സപര്യയിലൂടെ ഇവർ ഒട്ടേറെ പുരസ്കാരങ്ങൾ നേടിക്കഴിഞ്ഞു. മുഴുവൻ മലയാളികളുടെയും  സ്നേഹവും ആദരവും ആശീർവാദവുമാണ് നിശാഗന്ധി പുരസ്കാരത്തിലൂടെ  ഈ മാതൃകാ ദമ്പതികൾക്ക് മുന്നിൽ സമർപ്പിക്കുന്നത്.

കലകളുടെ ഉന്നമനത്തിനു വേണ്ടിയുള്ള കേരളത്തിന്റെ അർപ്പണ ബോധമാണ് നിശാഗന്ധി നൃത്തോത്സവത്തെ ശ്രദ്ധേയമാക്കുന്നത്. എൺപതുകളിൽ തുടക്കമിട്ടു തൊണ്ണൂറുകളിൽ വളർച്ചയുടെ വിവിധ പടവുകൾ കയറിയ നൃത്തോത്സവം  കൊണാർക്, ഖജൂരാഹോ  നൃത്തോത്സവങ്ങൾ പോലെ പ്രസിദ്ധിയാർജ്ജിച്ചത് ചുരുങ്ങിയ കാലം കൊണ്ടാണ്, അദ്ദേഹം പറഞ്ഞു. നിശാഗന്ധി നൃത്തോത്സവം വിജയകരമാക്കാൻ പ്രവർത്തിച്ച സംഘാടകരെയും, നേതൃത്വം നൽകുന്ന ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്റെയും ഗവർണർ പ്രകീർത്തിച്ചു. ഒപ്പം, നൃത്തോത്സവം കാണാനെത്തുന്ന കലാസ്വാദകരെയും അദ്ദേഹം പ്രശംസിച്ചു.

സ്വന്തം നാടായ കേരളത്തിൽ നിന്ന് ഇത്രയും  മഹത്തായ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് പുരസ്കാരം ഗവർണറിൽ ഏറ്റുവാങ്ങിയ ശേഷം ശ്രീ വി പി ധനഞ്ജയൻ പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ സഹകരണ-ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ  ആധ്യക്ഷം വഹിച്ചു. “ഖജുരാഹോ, മഹാബലിപുരം, കൊണാര്‍ക്ക് തുടങ്ങി അന്തര്‍ദേശീയ പ്രശസ്തമായ ദേശീയ നൃത്തോല്‍സവങ്ങള്‍ക്ക് ഒപ്പമാണ് നിശാഗന്ധി നൃത്തോല്‍സവത്തിന്റെയും ഇടം. കുറെകാലം നൃത്തവും സംഗീതവും ഇടകലര്‍ന്നതായിരുന്നു നിശാഗന്ധി ഫെസ്റ്റിവല്‍. എന്നാല്‍ ദേശീയ തലത്തില്‍ ശ്രദ്ധേയമായ നൃത്തോല്‍സവം എന്ന സ്ഥാനം ഉറപ്പാക്കാന്‍ നൃത്തം മാത്രമായി ഈ ഫെസ്റ്റിവലിനെ മാറ്റി. സംഗീത ആസ്വാദകര്‍ക്ക് വേണ്ടി മറ്റൊരു ഫെസ്റ്റിവലും കഴിഞ്ഞ വര്‍ഷം മുതല്‍ നമ്മള്‍ നിശാഗന്ധിയില്‍ തന്നെ ഒരുക്കി. മണ്‍സൂണ്‍ രാഗ എന്ന ആ സംഗീതോത്സവം കോരിച്ചൊരിയുന്ന മഴയില്‍ സംഗീതത്തിന്റെ താളം തീര്‍ത്ത് നിശാഗന്ധിയെ സജീവമാക്കി. ഈ വര്‍ഷവും മണ്‍സൂണ്‍ രാഗ നിശാഗന്ധിയില്‍ ഉണ്ടാകും. സംഗീത ലോകത്ത് സംഭാവന നല്‍കിയ പ്രശസ്ത കലാകാരന്മാര്‍ക്ക് വേണ്ടി നിശാഗന്ധി പുരസ്കാരത്തിന്റെ മാതൃകയില്‍ ഒരു പുരസ്കാരവും മണ്‍സൂണ്‍ രാഗയുടെ ഭാഗമായി നല്‍കും. നിശാഗന്ധി എന്ന് കേട്ടാല്‍ നൃത്തം തന്നെയാണ് എല്ലാവരുടെയും മനസില്‍ ഓടിയെത്തുക. ഭാരതത്തിന്റെ നടനപാരമ്പര്യം പിന്തുടര്‍ന്ന് നര്‍ത്തന കലയ്ക്കായി ജീവിതം ഉഴിഞ്ഞുവെച്ച നര്‍ത്തകരും, നൃത്താസ്വാദകരും ഒരു മിച്ചു കൂടുന്ന ഇടമാണ് ഈ നിശാഗന്ധി, ശ്രീ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

നിശാഗന്ധി നൃത്തോല്‍സവം പോലെ തന്നെ വിഖ്യാതി നേടിയതാണ് നിശാഗന്ധി പുരസ്കാരം എന്ന് സൂചിപ്പിച്ച മന്ത്രി, ഭാരതത്തിന്റെ ശാസ്ത്രീയ നൃത്തരൂപങ്ങളുടെ വളർച്ചക്കും പ്രചാരണത്തിനും വിലപ്പെട്ട സംഭാവനകൾ നൽകുന്ന പ്രശസ്ത ഭരതനാട്യം പ്രയോക്താക്കളായ വി .പി .ധനഞ്ജയനും ശാന്ത ധനഞ്ജയനും നിശാഗന്ധി പുരസ്കാരത്തിന് തിരഞ്ഞെടുക്കനായതിൽ അഭിമാനമുണ്ട് എന്ന് പറഞ്ഞു. ഭരതനാട്യ ശൈലിയുടെ ശക്തിയും ചൈതന്യവും ചോർന്നു പോകാതെ തന്നെ കാലോചിതമായ നവഭാവുകത്വം പകർന്ന നർത്തക ദമ്പതികളാണ് ധനഞ്ജയന്മാർ. ഒരു തലമുറയ്ക്ക് തന്നെ പ്രചോദനമായി മാറിയ ധനഞ്ജയന്മാർ ഭരതനാട്യത്തിന്റെ പരമ്പരാഗത സമ്പ്രദായത്തിൽ പുതിയ ചിന്തകളും സവിശേഷമായ ക്രിയാത്മകതയും സമന്വയിപ്പിച്ച നവീന ശൈലിയുടെ പ്രയോക്താക്കളാണ് അവർ, അദ്ദേഹം കൂട്ടിച്ചേർത്തു.

നൃത്തോല്‍സവത്തോടൊപ്പം, കേരളത്തിന്റെ സ്വന്തം കലാരൂപം, നമ്മുടെ നാടിന്റെ പ്രതീകമായി മാറിയ, അഭിമാനം നിറയ്ക്കുന്ന കഥകളി കനകക്കുന്ന് കൊട്ടാരത്തിന്റെ അകത്തളത്തില്‍ അവതരിപ്പിക്കുന്നുണ്ട്. നളചരിതവും, ബാലീവധവും, ദുര്യോധനവധവും, കീചകവധവും എല്ലാം അരങ്ങേറും, മന്ത്രി അറിയിച്ചു.

ടൂറിസം- സാംസ്‌കാരിക സെക്രട്ടറി ശ്രീമതി.റാണി ജോർജ് ഐ എ എസ് സ്വാഗതവും ടൂറിസം ഡയറക്ടർ ശ്രീ. പി. ബാലകിരൺ ഐ എ എസ് നന്ദിയും പറഞ്ഞു. കൗൺസിലർ ശ്രീ. പാളയം രാജൻ ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി.കെ.മധു ; ശ്രീ. കെ.മുരളീധരൻ എം.എൽ എ എന്നിവർ ആശംസകൾ നേർന്നു.

തുടര്‍ന്ന് നടന വൈഭവത്തിന്‍റെ  അവിസ്മരണീയ നിമിഷങ്ങൾ കാണികളിലേക്ക്  പകർന്ന് നാദം എൻസെമ്പിൾ ഗ്രൂപ്പ് അവതരിപ്പിച്ച കഥക് നൃത്തം അരങ്ങേറി. വിഖ്യാത നർത്തകരായ കെ.മുരളീമോഹനും നന്ദിനി കെ മേഹ്തയും ചടുലമായ ചുവടുകൾ കൊണ്ടും അഭൗമമായ  ഭാവപ്പകർച്ചയുടെ  മാസ്മരികതകൊണ്ടും  ശ്രദ്ധേയമായി.

അതേസമയം കനകക്കുന്ന് കൊട്ടാരത്തിലെ കളിത്തട്ടിലിൽ അരങ്ങേറിയ  പദ്മശ്രീ കലാമണ്ഡലം ഗോപിയാശാന്റെ രുഗ്മാംഗദനും മാർഗി വിജയകുമാറിന്റെ മോഹിനിയും കേരളീയ  ക്‌ളാസ്സിക് കലയുടെ സമസ്ത ശക്തി  സൗന്ദര്യവും ആസ്വാദകരിലേക്ക് പകരും വിധമായിരുന്നു. നിശാഗന്ധിയിലെ നൃത്താവതരണത്തോടൊപ്പം  എല്ലാ ദിവസവും വൈകീട്ട് ആറുമണിക്ക് കനകക്കുന്നിലെ   കളിത്തട്ടിൽ നടക്കുന്ന  കഥകളിയവതരണം  നൃത്തോത്സവത്തെ  കൂടുതൽ ശ്രദ്ധേയമാക്കുന്നു. ഇന്ന് നളചരിതം ഒന്നാം ദിവസമാണ് കളിത്തട്ടിലെത്തുന്നത്.

ജനുവരി 26 വരെ നീളുന്ന നൃത്തോത്സവത്തിൽ മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, ഒഡീസി, മണിപ്പൂരി, കഥക്‌  തുടങ്ങിയ ഭാരതീയ ശാസ്ത്രീയ  നൃത്ത രൂപങ്ങൾ രാജ്യാന്തര പ്രശസ്തി  നേടിയ  നർത്തകരിലൂടെ അരങ്ങിലെത്തും. രുഗ്മാംഗദചരിതത്തിനും നളചരിതം ഒന്നാം ദിവസത്തിനും പുറമെ ബാലി  വധം ,ബാണയുദ്ധം,നളചരിതം മൂന്നാം ദിവസം ,ദുര്യോധന വധം,കീചകവധം എന്നിവയാണ് കഥകളിമേളയിൽ തുടർന്നുള്ള ദിവസങ്ങളിൽ  അരങ്ങേറുക. പദ്മശ്രീ ചിത്രാ വിശ്വേശ്വരനും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യത്തോടെ  ജനുവരി 26 ന് നിശാഗന്ധി നൃത്തോത്സവത്തിന് തിരശീല വീഴും.

Related News