നൃത്തം ഉപാസനയാക്കി ഗ്രീഷ്മ


അതുല്യ എന്‍ വി
ഗ്രീഷ്മാ കൃഷ്ണ…നൃത്തം ഒരു തപസ്യയാക്കി ജീവിക്കുന്ന അല്ലെങ്കില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന പ്രവാസി പെണ്‍കുട്ടി. ലോകമെമ്പാടും കേരളത്തിന്റെ തനത് കലയായ കേരളനടനം പരിചയപ്പെടുത്തുക എന്ന നിശ്ചയദാര്‍ഢ്യത്തോടെ ഇറങ്ങിത്തിരിച്ചവള്‍.. പിറന്ന നാടിന്റെ സാംസ്കാരിക പൈതൃക സമ്പത്തായ കലയുടെ മൂല്യം തിരിച്ചറിഞ്ഞ് അതിന്റെ ഉയര്‍ച്ചയ്ക്കായി പ്രയത്നിക്കുന്ന നര്‍ത്തകി..
ഗള്‍ഫ് മലയാളിയായ ഗ്രീഷ്മ ദുബായ് ഏഷ്യാനെറ്റ് റേഡിയോയില്‍ 10 വര്‍ഷമായി ജോലി ചെയ്തു വരികയാണ്. എംപിഎ, എംഫില്‍, ജേര്‍ണലിസത്തില്‍ പിജിയും കഴിഞ്ഞ് ഇപ്പോള്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ റിസര്‍ച്ച് സ്കോളര്‍ ആണ്. വിരമിച്ച എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ രാധാകൃഷ്ണന് നായരുടേയും വീട്ടമ്മയായ സുജാ നായരുടെയും മകളാണ് ഗ്രീഷ്മ. കുടുംബത്തില്‍ നിന്നും ലഭിച്ച പ്രേരണ കൊണ്ട് മാത്രമാണ് കലയുടെ വഴിയില്‍ സഞ്ചരിക്കാന്‍ സാധിച്ചതെന്ന് ഗ്രീഷ്മ പറയുന്നു. തൈക്കാട് സംഗീത കോളജ് അധ്യാപകരായ വിനയ ചന്ദ്രന്, ശിവാനന്ദന്, നേഹാ തങ്കച്ചി തുടങ്ങി നിരവധിപേരുടെ ശിക്ഷണം ഗ്രീഷ്മയ്ക്ക് ലഭിച്ചിട്ടുണ്ട്. മൂന്നര വയസ്സുമുതലാണ് നൃത്താഭ്യാസം ആരംഭിച്ചത്. അന്ന് തൊട്ടാരംഭിച്ച തപസ്യ വളരെ ചിട്ടയോട് കൂടി പരിപാലിച്ചുകൊണ്ട് പോവുക നിസാരമായിരുന്നില്ല..പ്രത്യേകിച്ചും പ്രവാസി ജീവിതത്തില്‍.
ഗണേശ ചതുര്‍ത്ഥിയോട് അനുബന്ധിച്ച് കേരള നടനത്തിന്റെ പിതാവായ ഗുരുഗോപിനാഥിന് പ്രണാമ മര്‍പ്പിച്ചുകൊണ്ട് ഗണേശം തീയറ്ററില്‍ ഗ്രീഷ്മ കേരളനടനം അവതരിപ്പിച്ചിരുന്നു. ലാസ്യ ഭംഗിയുടെ പൂര്‍ണതയിലേക്ക് ആസ്വാദകരെ കൊണ്ടെത്തിക്കുന്ന.. ചടുല നൃത്തചുവടുകള്‍ കൊണ്ട് ദൃശ്യചാരുത തീര്‍ത്ത അവതരണമായിരുന്നു അന്ന് അരങ്ങേറിയത്. നൃത്ത ചരിത്രത്തിലാദ്യമായി ഷോഡശ്ശ ഗണപതി ശാസ്ത്രീയ നൃത്തത്തില്‍ അവതരിപ്പിച്ചു എന്ന പൊന്‍തൂവല്‍ കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഈ നര്‍ത്തകി. അതിനായി കോഴിക്കോടുള്ള ഒരു സംസ്കൃത അധ്യാപകനെകൊണ്ട് ഷോഡശ്ശം എഴുതിച്ച് ഗ്രീഷ്മ തന്നെ ചിട്ടപ്പെടുത്തിയെടുത്ത കേരളനടനമാണ് അവതരിപ്പിച്ചത്.
ഗുരുഗോപിനാഥ് ചിട്ടപ്പെടുത്തിയതാണ് കേരളനടനം. കഥകളിയെ സാധാരണക്കാരന് മനസ്സിലാകുന്ന രീതിയില്‍ ലളിതമാക്കി അവതരിപ്പിക്കുന്നു. ഇന്ത്യന്‍ നൃത്തകലയുടെ ക്ലാസ്സിക്കല്‍ പാരമ്പര്യത്തില്‍ വേരുറച്ച് നില്ക്കുന്ന കേരളനടനം ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള കലാസ്വാദകര്‍ക്ക് കാണിച്ചു കൊടുത്തത് ഇന്ത്യന്‍ നൃത്തകലയുടെ സാര്‍വലൗകിക ഭാഷയാണ്. ഹൈന്ദവ പുരാണേതിഹാസങ്ങള്‍ മാത്രമല്ല, മനുഷ്യനെക്കുറിക്കുന്ന, സമൂഹത്തെ കുറിക്കുന്ന ഏതു വിഷയവും ഇന്ത്യന്‍ നൃത്തകലയ്ക്ക് വഴങ്ങും എന്ന് ആദ്യമായി തെളിയിച്ചത് ഗുരു ഗോപിനാഥും അദ്ദേഹമുണ്ടാക്കിയ കേരള നടനവുമായിരുന്നു. എന്നാല്‍ ഇതിന് അര്‍ഹിക്കുന്ന പ്രചാരമോ പ്രധാന്യമോ കേരളത്തില്‍ ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെയാണ് നൃത്തത്തെ സ്നേഹിക്കുന്ന ഈ കലാകാരി കേരളനടനത്തെ തപസ്യ ആക്കിയതും. കേരളത്തിലും ദുബായിലും മാത്രമല്ല യുകെയിലും യുഎസിലും വരെ കേരളനടനത്തിന്റെ മാഹാത്മ്യം അറിയിക്കാനൊരുങ്ങുകയാണ് ഗ്രീഷ്മ . അതിന്റെ ആദ്യപടിയായിരുന്നു സൂര്യകൃഷ്ണമൂര്‍ത്തിയുടെ ഗണേശം തീയറ്ററില്‍ അരങ്ങേറിയ നൃത്തം… ഇനിയങ്ങോട്ടും നൃത്തത്തിന് വേണ്ടി മാത്രമായി സമയം മാറ്റിവെയ്ക്കുവാനാണ് ഗ്രീഷ്മയുടെ തീരുമാനം.