Friday
22 Feb 2019

ഒരു വന്യമൃഗത്തെ വീട്ടില്‍ വളര്‍ത്തുന്നതിലെ അപകടം

By: Web Desk | Wednesday 7 February 2018 4:00 PM IST

റോട്ട് വെയ്‌ലർ  

ഹരികുറിശേരി

ധുനിക മനുഷ്യന്റെ മനംപോലെ തന്നെ ദുരൂഹമാണ് അവന്റെ ഇഷ്ടങ്ങളും. നായ വളര്‍ത്തല്‍ ഇഷ്ടമാണെന്നു കരുതി വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നതിലെ അപകടം മനുഷ്യര്‍ തിരിച്ചറിഞ്ഞു തുടങ്ങുന്നതേയുള്ളൂ. വീട്ടില്‍ കാവല്‍ കിടക്കുന്ന, അടുക്കളപുറത്തെ എച്ചില്‍കാത്തുകിടക്കുന്ന നായകളുടെ കാലം കഴിഞ്ഞു. അഥവാ. ഈ സാധുമൃഗങ്ങളെ തെരുവിലാക്കി നമ്മള്‍ വിദേശികളായ അക്രമികളെ മുന്തിയവിലക്കു വാങ്ങി വീട്ടിലെ കൂട്ടിലിട്ടു വളര്‍ത്തുകയും ആപത്തുവരുത്തിവയ്ക്കുകയുമാണ്.
നായ് വളര്‍ത്തലിന് പലമാനങ്ങളുണ്ട്. അതിന്റെ കൂടെ സമയം ചിലവിടാനും അടുത്തറിയാനും ഇടയില്ലാത്തവര്‍ അതിനുപോകാതിരിക്കുന്നതാണ് നല്ലത്. സുരക്ഷയുടെ പേരില്‍ നായ്ക്കളെ തിരയുന്നവര്‍ അപകടകാരികളായ ചിലയിനങ്ങളെയാണ് കണ്ടെത്തുന്നത്. ഒരു കാലത്ത് കേട്ടുകേള്‍വിപോലുമില്ലാതിരുന്ന പല നായ് ജനുസുകളും ഇന്ന് കേരള കെന്നല്‍ വിപണിയില്‍ സുലഭമാണ്. പിറ്റ്ബുള്‍,റോട്ടവീലര്‍,ബോക്‌സര്‍,സൈബീരിയന്‍ ഹസ്‌കി തുടങ്ങിയ പല മാരക ഇനങ്ങളും ഇന്ന് കേരളത്തിലുണ്ട്. അതില്‍ തന്നെ ജര്‍മ്മന്‍ ജനുസായ റോട്ട് വീലര്‍ ബ്രീഡിംങില്‍ മുന്‍പന്തിയിലാണ്.
അപകടകാരിയായ നായ് ജനുസുകളില്‍ രണ്ടാം സ്ഥാനത്തുള്ളവയാണ് റോട്ട് വീലര്‍ നായ്ക്കള്‍. ഒന്നാമത് പിറ്റ്ബുള്‍ ജനുസാണ്. അത് കേരള നായ്‌വിപണിയില്‍ അധികമെത്തിയിട്ടില്ല. റോട്ട് വീലര്‍ എന്ന ഇനത്തിന്റെ ശൗര്യവും ഗുണ്ടാ ലുക്കും കണ്ട് അതിന്റെ അപകടമറിയാതെയാണ് പലരും വാങ്ങുന്നത്. ഒറ്റ ഉടമ(മാസ്റ്റര്‍)യെ മാത്രം അനുസരിക്കുന്ന റോട്ട് വീലറിന് ബാല്യത്തില്‍തന്നെ നല്ലപരിശീലനം ലഭിച്ചിരിക്കണം. റോട്ട് വീലറിന്റെ കടിയേല്‍ക്കാത്ത ഉടമകള്‍ ചുരുക്കമാണ്. ദേഷ്യം വന്നാല്‍ അത് മാറിയാല്‍മാത്രമേ കടി വിടുവിക്കാനാവൂ(ജാ ലോക്ക്) വീട്ടുകാരോടും കുട്ടികളോടും ഒന്നും ഈ നായക്ക് മമതയുണ്ടാവില്ല. അതായത് ഒരു ലാബ്രഡോര്‍ നായയുമായി കളിച്ചുപരിചയിച്ച കുട്ടി റോട്ട്‌വീലര്‍ നായയുമായി അടുത്ത് ഇടപഴകുമ്പോള്‍ അത് വന്‍ദുരന്തമായേക്കും. ഏതു നിമിഷവും വന്യതപ്രകടിപ്പിക്കുന്ന റോട്ട്‌വീലര്‍ മറ്റ് വളര്‍ത്തുമൃഗങ്ങള്‍ക്കും അയല്‍ക്കാര്‍ക്കും കൂടി ഭീഷണിയാണ്. വീട്ടില്‍ ഒരു കടുവയെയോ പുലിയെയോ വളര്‍ത്തുന്നതിനുപോലും ഇതില്‍ അപകടം കുറവാണെന്നു കരുതുന്നവരുണ്ട്.
ഇന്ത്യയില്‍ വളരുന്ന റോട്ട്വീലര്‍ പ്രിയം ഓരോ ദുരന്തങ്ങളായി പുറത്തുവരുന്നുണ്ട്. തുടലില്‍ പിടിച്ച് നടക്കാനിറങ്ങിയ ഉടമയുടെ തലകടിച്ചുവേര്‍പെടുത്തിയ പിറ്റ്ബുള്‍ കുറേനാൾ മുൻപ് വാര്‍ത്തയായിരുന്നു. പിറ്റ്ബുള്‍,റോട്ട് വീലര്‍ എന്നിവയെ വളര്‍ത്തുന്നതിന് പലരാജ്യങ്ങളിലും നിരോധനമുണ്ടെന്നുകൂടി മനസിലാക്കേണ്ടതുണ്ട്. പാശ്ചാത്യരെ അന്ധമായി അനുകരിക്കണമെന്നല്ലാതെ അവര്‍ സ്വീകരിക്കുന്ന സുരക്ഷാമാനദണ്ഡങ്ങളെ മലയാളി കണക്കാക്കാറില്ല. നായക്ക് വേണ്ട വ്യായാമസൗകര്യങ്ങളും അതിന്റെ ജനുസിന് അനുഗുണമായ സാഹചര്യങ്ങളുമുണ്ടെങ്കിലേ സായിപ്പ് നായയെ വളര്‍ത്താറുള്ളൂ. നമ്മൾ ഫ്‌ളാറ്റിലും ടെറസിലും നായെ വളര്‍ത്തുകയാണ്. തമിഴ്‌നാട്ടില്‍ ടെറസിനുമുകളില്‍ വളര്‍ത്തിയ റോട്ട് വീലര്‍ ഉടമയുടെ മാതാവിനെ കൊലപ്പെടുത്തിയത് അടുത്തകാലത്താണ്. മുകളില്‍ പട്ടിയുണ്ടെന്നതറിയാതെ കടന്നുചെന്നതാണ് മകന്റെ ടൗണിലെ വീട്ടില്‍ സന്ദര്‍ശനത്തിനുവന്ന മാതാവ്.  അടച്ചുപൂട്ടി വളര്‍ത്തുന്നവ ഏറെ വന്യതപ്രകടിപ്പിക്കും.

റോട്ട്‌വീലറുകളെ തെരുവിലെത്തിക്കുന്ന ദുരന്തം കൂടിയേ ഇനികാണാനുളളു. അടച്ചിട്ട വന്യതയുടെ ഒരു തലമുറ തെരുവിലെത്തിയാലുള്ള അപകടം മുന്‍കൂട്ടിമനസിലാക്കേണ്ടതാണ്. ടിബറ്റില്‍ ടിബറ്റന്‍ മാസ്റ്റിഫുകളെ വളര്‍ത്തുന്നത് നിരോധിച്ചപ്പോള്‍ ഉണ്ടായ ദുരന്തം തെരുവിലലയുന്ന ആയിരക്കണക്കിന് ഭീകരരൂപികളായിരുന്നു. ടിബറ്റന്‍ മാസ്റ്റിഫ് റോട്ട് വീലറിനെ അപേക്ഷിച്ച് അക്രമികളേയല്ല.

അപകടകാരികളായ നായ്ജനുസുകളെ വീട്ടില്‍ വളര്‍ത്തുന്നതിന് നിരോധനമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ സഭയെ അറിയിച്ചിരുന്നു.വയനാട് വൈത്തിരിയില്‍ റോട്ട് വീലറുകളുടെ ആക്രമണത്തില്‍ വീട്ടമ്മ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണിത്.

Related News