അപായ സൂചനകള്‍ തിരിച്ചറിയണം

Web Desk
Posted on October 16, 2019, 10:25 pm

 ഇന്ത്യന്‍ സമ്പദ്ഘടനയെ സംബന്ധിച്ച് ലോകബാങ്കും റിസര്‍വ് ബാങ്കും വിവിധ റേറ്റിംഗ് ഏജന്‍സികളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ട വിലയിരുത്തലുകളും രാജ്യത്തെ വിവിധ സാമ്പത്തികതലങ്ങളില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകളും ജനജീവിതത്തെ അസ്വസ്ഥമാക്കുന്നു. ലോകബാങ്കിന്റെ വാര്‍ഷിക സമ്മേളനത്തിനു മുന്നോടിയായി അവര്‍ പുറത്തുവിട്ട വിശകലനങ്ങള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാനിരക്ക് അവര്‍ തന്നെ നേരത്തെ പ്രവചിച്ച 6.8 ശതമാനത്തില്‍ നിന്നും ആറ് ശതമാനമായി കുറയുമെന്ന് സൂചിപ്പിക്കുന്നു. അതാവട്ടെ റിസര്‍വ് ബാങ്കിന്റെ വിലയിരുത്തലുമായി ഏറെക്കുറെ പൊരുത്തപ്പെടുന്ന വിലയിരുത്തലാണ്. ആഗോളതലത്തില്‍ രാഷ്ട്രങ്ങളുടെ വായ്പാശേഷി നിരീക്ഷിക്കുന്ന പ്രമുഖ ഏജന്‍സികള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ എല്ലാംതന്നെ ഇന്ത്യയുടെ വളര്‍ച്ചാമാന്ദ്യത്തെ ശരിവയ്ക്കുന്നവയാണ്. ഈ പഠനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ കേന്ദ്ര സ്ഥിതിവിവര സംഘടന (സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍സിഎസ്ഒ), ദേശീയ സാമ്പിള്‍ സര്‍വെ ഓര്‍ഗനൈസേഷന്‍ (എന്‍എസ്എസ്ഒ) എന്നിവ നല്‍കുന്ന പ്രാഥമിക വിവരങ്ങളെ അടിസ്ഥാനമാക്കിയവയാണ്. അതുകാെണ്ടുതന്നെ സമ്പദ്ഘടനയെ ഗ്രസിച്ചിരിക്കുന്ന മാന്ദ്യത്തെയും പ്രതിസന്ധിയെയും രാഷ്ട്രീയ കാരണങ്ങളാല്‍ അല്ലാതെ ആര്‍ക്കും നിഷേധിക്കാനാവില്ല.

കേന്ദ്ര ധനമന്ത്രിയുടെ ഭര്‍ത്താവു തന്നെ ബിജെപി സര്‍ക്കാരിന്റെ സാമ്പത്തിക നയസമീപനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നതും അവഗണിക്കാനാവുന്ന വസ്തുതയല്ല. ഇക്കൊല്ലത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കുവച്ച അഭിജിത് ബാനര്‍ജിയും ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും ഇന്ത്യന്‍ സമ്പദ്ഘടനയെപറ്റി രൂക്ഷവിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്. സാമ്പത്തിക മാന്ദ്യത്തിന്റെ കാരണം ഘടനാപരമാണെന്നു അടിവരയിടുന്നവര്‍പോലും മോഡി ഭരണകൂടത്തിന്റെ നയപരാജയങ്ങള്‍ തുറന്നുകാട്ടുന്നതില്‍ യാതൊരു പിശുക്കും കാണിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. സാമ്പത്തിക മാന്ദ്യം സംബന്ധിച്ച മേല്‍പറഞ്ഞ നിഗമനങ്ങളും വിലയിരുത്തലുകളും കണക്കുകളെക്കാണ്ടുള്ള കളികള്‍ മാത്രമായി കാണുന്നവരുണ്ട്. എന്നാല്‍ സമ്പദ്ഘടനയുടെ വിവിധ തലങ്ങളില്‍ പ്രകടമാകുന്ന മാനുഷിക ദുരന്തങ്ങള്‍ക്ക് ആരാണ് ഉത്തരവാദി? അവയ്ക്ക് ആര്‍ മറുപടി നല്‍കും? ലോകത്തില്‍ ഏറ്റവും ഗുരുതരമായ 16 പട്ടിണിരാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്ന് ബുധനാഴ്ച പുറത്തുവന്ന ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. പഠനവിധേയമായ 117 രാജ്യങ്ങളില്‍ 102ാം സ്ഥാനത്താണ് ഇന്ത്യ. പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്‍മാര്‍ തുടങ്ങി അയല്‍രാജ്യങ്ങളെല്ലാം ഇന്ത്യക്ക് മുകളിലാണ് സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കാെല്ലം ഇന്ത്യയെക്കാള്‍ പിന്നിലായിരുന്ന പാകിസ്ഥാന്‍ പോലും 94ാം സ്ഥാനവുമായി ഇന്ത്യക്കു മുന്നിലാണ്. നരേന്ദ്രമോഡിക്കും അമിത്ഷാ അടക്കം അനുചരന്‍മാര്‍ക്കും അതെപ്പറ്റി എന്താണ് പറയാനുള്ളത്? ആറ് വര്‍ഷങ്ങളായി അധികാരം കയ്യാളുന്ന മോഡി സര്‍ക്കാരിന് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലുണ്ടായ ഈ നാണംകെട്ട പിന്നോട്ടടിക്ക് നെഹ്‌റുഗാന്ധി കുടുംബവാഴ്ചയെയോ ഭീകരവാദത്തെയോ പഴിചാരി രക്ഷപ്പെടാനാവുമൊ? ശിശുമരണനിരക്ക്, ശിശുക്കളുടെ വളര്‍ച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ് എന്നിവയെ അടിസ്ഥാനമാക്കി തയാറാക്കിയ സൂചിക നരേന്ദ്രമോഡി സര്‍ക്കാരിനു നേരെയാണ് വിരല്‍ചൂണ്ടുന്നത്.

സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനു റൊട്ടിക്കൊപ്പം ഉപ്പുമാത്രം നല്‍കുന്നതു പകര്‍ത്തി വാര്‍ത്തയാക്കിയ പത്രപ്രവര്‍ത്തകനെ തുറുങ്കിലടച്ച ആദിത്യനാഥുമാര്‍ ഭരിക്കുന്ന ഭരാതമായിരിക്കുന്നു നമ്മുടേത്. ഉത്തര്‍പ്രദേശിലെ സിതാപുരില്‍ പ്രാഥമിക വിദ്യാലയത്തില്‍ മഞ്ഞള്‍വെള്ളം മാത്രം കലര്‍ത്തി ചോറ് നല്‍കുന്നതിന്റെ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സമ്പദ്ഘടനയുടെ പ്രശ്‌നങ്ങള്‍ യാഥാര്‍ത്ഥ്യബോധത്തോടെ പഠിക്കാനും അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കാനുമുള്ള സന്നദ്ധതയുടെ അഭാവവും സദുദ്ദേശത്തോടെയുള്ള വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതയുമാണ് ഭരണവൃത്തങ്ങളില്‍ എവിടെയും പ്രകടമാകുന്നത്. വന്‍കിട കുത്തക കോര്‍പ്പറേറ്റുകള്‍ക്ക് ഭീമമായ നികുതിയിളവു നല്‍കിയും ലാഭകരമായി പ്രവര്‍ത്തിച്ചുവരുന്ന പൊതുമേഖലാ വ്യവസായങ്ങള്‍ തുച്ഛമായ വിലയ്ക്ക് വിറ്റഴിച്ചും പൊതുമേഖലാ ബാങ്കുകള്‍ തകര്‍ത്തും സമ്പദ്ഘടനയെ സര്‍വനാശത്തില്‍ നിന്നും കരകയറ്റാനാവില്ല. പഞ്ചാബ്മഹാരാഷ്ട്ര സഹകരണ ബാങ്കിന്റെ പ്രതിസന്ധി ഇതിനകം മൂന്നുപേരുടെ ആത്മഹത്യക്ക് കാരണമായി. സമാനമായ അഴിമതിയാണ് പൂനെയിലും മറനീക്കി പുറത്തുവന്നിരിക്കുന്നത്. ഇതിനകം പുറത്തുവന്നത് മഞ്ഞുമലയുടെ ശിഖരങ്ങള്‍ മാത്രമാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. റോം കത്തിയെരിയുമ്പോള്‍ വീണവായിക്കുന്ന നീറോ ചക്രവര്‍ത്തിയെയാണ് മോഡി അനുസ്മരിപ്പിക്കുന്നത്. കാര്‍ഷികരംഗത്തെ തകര്‍ച്ച കര്‍ഷക ആത്മഹത്യകളുടെ വേലിയേറ്റം തന്നെ സൃഷ്ടിച്ചേക്കാവുന്ന അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. മോഡിയാകട്ടെ പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദികളെ ചാെല്ലി തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കപടദേശീയ വികാരം വളര്‍ത്തി വോട്ടുപിടിത്തത്തിന്റെ തിരക്കിലാണ്. രാജ്യം പട്ടിണിയുടെ പിടിയിലമരുമ്പോള്‍ കശ്മീര്‍ താഴ്വരയെ ആകെ ജയിലറയാക്കിയും പൗരത്വ രജിസ്റ്ററിന്റെ പേരില്‍ വര്‍ഗീയത കൊഴുപ്പിച്ചും ഫാസിസ്റ്റ് വാഴ്ചയുടെ ഇരുളടഞ്ഞ വഴികളിലേക്ക് രാജ്യത്തേയും ജനതയേയും ആട്ടിത്തെളിക്കാനാണ് മോഡി ഭരണകൂടം ശ്രമിക്കുന്നത്. അപായ സൂചനകള്‍ തിരിച്ചറിയാന്‍ ജനാധിപത്യ പുരോഗമന ശക്തികള്‍ തയാറാവണം.