ആർ ബാലചന്ദ്രൻ

ആലപ്പുഴ

March 09, 2020, 9:39 pm

അപകടകാരികളായ ഗെയിമുകൾ വീണ്ടും ഇ‑ലോകം കീഴടക്കുന്നു

Janayugom Online

കുട്ടികളെ വലയിലാക്കി സാമ്പത്തികമായും മാനസികമായും ചുഷണം ചെയ്യുന്ന അപകടകാരികളായ ഗെയിമുകൾ വീണ്ടും ഇ‑ലോകത്ത് എത്തിയതായി വിദഗ്ധരുടെ മുന്നറിയിപ്പ്. മുൻപും ഇത്തരം ഗെയിമുകൾ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ പ്രശ്നങ്ങൾ ചെറുതൊന്നുമായിരുന്നില്ല. ജീവൻ പോലും പണയപ്പെടുത്തി മുൻപ് മൊബൈൽ ഫോണുകളിലും കമ്പ്യുട്ടറുകളിലും പ്രത്യക്ഷപ്പെട്ട ബ്ലു വെയിൽ എന്ന കൊലയാളി ഗെയിമിന്റെ തരംഗം കാരണം നിരവധി പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഇതിൽ കുട്ടികളും മുതിർന്നവരുമുണ്ടായിരുന്നു. പിന്നീട് ഗൂഗിൾ അപകടകാരിയായ ബ്ലു വെയിലിനെ പാടെ നിരോധിച്ചു.

അതേസമയം ഇപ്പോൾ പിശാച് എന്നർത്ഥം വരുന്ന പുതിയ സൈബർ ഗെയിമാണ് വൈറലാകുന്നത്. വിദ്യാർഥികളെ മാത്രം ലക്ഷ്യമിട്ടാണ് ഈ ഗെയിം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗെയിം ഉപയോഗിക്കുന്നവരെ മാനസിക വിഭ്രാന്തിയിലാക്കി വരുതിയിലാക്കുകയാണ് പ്രധാന ലക്ഷ്യം. നിങ്ങളെ ലോകത്തെ ഏറ്റവും ശക്തനാക്കാം എന്ന മുഖവുരയോടെയാണു ഗെയിം തുടങ്ങുന്നത്. ഈ സന്ദേശത്തിൽ പല ഗൂഢ ഉദ്ദേശ്യങ്ങളും കഠിനമായ ടാസ്കുകളും ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്നതായാണ് സൈബർ വിദഗ്ധർ പറയുന്നത്. ഗെയിം കളിക്കുന്നവരിൽ നിന്നും പണം തട്ടിയെടുക്കുകയാണ് പ്രധാന ലക്ഷ്യം. അതിന് ശേഷം ഇവരെ മാനസികമായും ചിലപ്പോൾ ശാരീരികമായും ചുഷണത്തിനും വിധേയരാക്കും.

വിദ്യാർഥികൾക്കിടയിൽ മൊബൈൽ ഉപയോഗം സർവ സാധാരണമായതോടെ ഇരകളെ വീഴ്ത്താനും ഇവർക്ക് എളുപ്പമായിരിക്കുകയാണ്. ഈ ഗെയിമിന്റെ പ്രവേശന ഫീസ് 5000 രൂപയാണ്. ഇങ്ങനെ അംഗത്വമെടുത്താൽ അവർ ഓരോ ടാസ്കുകളായി ഏൽപ്പിക്കും. ഇതിനിടെ വിവിധ ആവശ്യങ്ങൾക്കായി പണം ആവശ്യപ്പെടുകയും ചെയ്യും. ഇങ്ങനെ പണം നഷ്ടപ്പെട്ട സംഭവങ്ങൾ സംസ്ഥാനത്ത് നിരവധിയാണ്. ഗെയിമിന് അടിപ്പെട്ട വിദ്യാർഥികൾ ഏത് വിധേനയും പണം ഉണ്ടാക്കുന്നതായാണ് ഞെട്ടിക്കുന്ന വിവരം. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ഇത്തരം ഗെയിമുകൾ കുട്ടികൾ കളിക്കുന്നതായും ചൈൽഡ് പ്രൊട്ടക്ഷൻ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രായഭേദമന്യേ കുട്ടികൾക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗം വർദ്ധിക്കുന്നതും പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. സ്കുളുകളിൽ മൊബൈൽ ഫോണുകൾക്ക് വിദ്യാഭ്യാസ വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫലപ്രദമായി നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.

Eng­lish Sum­ma­ry: Dan­ger­ous games in e‑world

 

You may also like this video