Janayugom Online
ടൈ വിമന്‍ ഇന്‍ ബിസിനസ് സമ്മേളനം മുന്‍ ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ ഉദ്ഘാടനംചെയ്യുന്നു. ( ഇടത്ത് നിന്ന്) മരിയ എബ്രഹാം, ടൈ കേരള പ്രസിഡന്റ എംഎസ്എ കുമാര്‍, വിമന്‍ ഇന്‍ ബിസിനസ് പ്രോഗ്രാം ചെയര്‍ ഷീല കൊച്ചൗസേപ്പ്,ഇഎസ്എഎഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് തോമസ്എന്നിവര്‍ സമീപം

നൂതന സംരംഭക കാഴ്ച്ചപ്പാടുകളൊരുക്കി ടൈ വിമന്‍ ഇന്‍ ബിസിനസ്സ്

Web Desk
Posted on September 21, 2019, 7:10 pm

കൊച്ചി: വനിതാ സംരംഭകര്‍ക്കും പ്രൊഫഷണലുകള്‍ക്കും മുന്നില്‍ പുതിയ സംരംഭകത്വ കാഴ്ച്ചപ്പാടുകളും വ്യത്യസ്തമയ മോഡലുകളും, റോഡ് മാപ്പുകളും നിര്‍വചിച്ചു കൊണ്ട് വനിതാ സംരംഭകരുടെ സംസ്ഥാന സമ്മേളനം വിമന്‍ ഇന്‍ ബിസിനസ് നടന്നു.
ടൈ കേരളയും, വിമന്‍ എന്റെര്‍പ്രണേഴ്‌സ് നെറ്റ്വര്‍ക്കും (വെന്‍) സംയുക്തമായി കൊച്ചി ഹോട്ടല്‍ മണ്‍സൂണ്‍ എംപ്രസിലാണ് ‘ഡെയര്‍ ടു ഡ്രീം’ എന്ന പ്രമേയത്തില്‍ സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനത്തിന്റെ ഉദ്ഘാടനം മുന്‍ ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ നിര്‍വ്വഹിച്ചു.
സ്ത്രീകള്‍ സംരംഭകരാവുന്നത് തികച്ചും വ്യക്തിപരമായ തീരുമാനം വഴിയല്ല.നമ്മുടെ സാമൂഹിക പശ്ചാത്തലത്തില്‍ അവളുടെ തീരുമാനങ്ങള്‍ കുടുംബ തീരുമാനങ്ങളാണ്. കുടുംബത്തിന്റെ സാമൂഹിക കാഴ്ചപ്പാട് ഒരു സ്ത്രീയുടെ സര്‍ഗ്ഗാത്മകത സംരംഭകത്വം എന്നിവയില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. കാലങ്ങളായി ലിംഗ വിവേചനം മറയ്ക്കുന്നതില്‍ സമൂഹം മിടുക്ക് കാട്ടുന്നുണ്ട്. പലപ്പോഴും അത് തിരിച്ചറിയാനും , വ്യക്തമാക്കാനും സ്ത്രീകളും ഇഷ്ടപ്പെടുന്നില്ല. പക്ഷേ അത് ആഴത്തില്‍ വേരൂന്നിയതാണ്. എല്ലാ സ്ത്രീകളും ഏതെങ്കിലും രൂപത്തില്‍ അത് അഭിമുഖീകരിക്കുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും പുരോഗമന സമൂഹങ്ങളിലൊന്നാണ് കേരളം എന്ന വസ്തുത നിലനില്‍ക്കെ, വനിതാ സംരംഭകത്വത്തിന്റെ പാതയില്‍ നമുക്ക് വളരെയധികം മുന്നേറാനുണ്ട്. നമ്മുടെ സാമൂഹിക വ്യവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍ സംരംഭകത്വത്തിന് പുതിയ നിര്‍വചനം ആവശ്യമാണ്’, അവര്‍ പറഞ്ഞു.
മൂലധനം, വളര്‍ച്ചാ നിരക്ക്, തുടങ്ങിയവയെ അടിസ്ഥാനമാക്കിയ വൈദേശികമായ വിജയ മാതൃകകള്‍ക്ക് ഇവിടെ വലിയ പ്രസക്തി നല്‍കുന്നതില്‍ കാര്യമില്ല. കുറച്ചുപേര്‍ക്ക് മാത്രമേ അത് നേടാന്‍ കഴിയൂ. സമൂഹത്തെ സമ്പന്നമാക്കുകയും, ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ചെറുതും സുസ്ഥിരവുമായ എന്തും നമുക്ക് വലിയ മാതൃകകളാവണം. സംരംഭങ്ങള്‍ സ്ത്രീകള്‍ നയിക്കാനാകുന്ന ഇടമാവുമ്പോള്‍ ഇത്തരം വലിയ മാതൃകള്‍ ഉണ്ടാവുന്നു. അവരുടെ സര്‍ഗ്ഗാത്മകത ഉപയോഗിച്ച് പ്രാദേശികമായി മൂല്യമേറിയ ഒരുപാട് സംരംഭങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ഓരോ സംരംഭകനും വിജയിക്കാനുള്ള കഴിവുള്ള ഒരു മാതൃകയാണ് സമൂഹത്തിന് ആവശ്യം. കല, സാഹിത്യം, പാചകം തുടങ്ങിനിരവധി ക്രിയേറ്റീവ് മേഖലകള്‍ ഇതുവഴി പുതിയ അവസരങ്ങള്‍ തുറക്കും, അരുണ സുന്ദരരാജന്‍പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തില്‍ ലോകത്തിലെ തന്നെ ശ്രദ്ധേയമായ പദ്ധതിയാണ് കുടുംബശ്രീ. സംരംഭകത്വത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലും കൂടി ഇത് സമൂഹത്തിലെ അവിഭാജ്യ ഘടകമാണിന്ന്. കുടുംബശ്രീ ജീവനക്കാര്‍ അവരുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഒരു ബാങ്കിലോ ഓഫീസിലോ എത്തുമ്പോള്‍ അവര്‍ക്ക് തിരികെ പോയി ജോലി നേരത്തെ തന്നെ ആരംഭിക്കാമെന്ന പ്രതീക്ഷയിലാണ് എത്തുന്നത്. മുന്‍ഗണന അര്‍ഹിക്കുന്നവര്‍ ദീര്‍ഘനേരം കാത്തിരിക്കാന്‍ ഇടവരുത്തരുത്, അരുണ സുന്ദരരാജന്‍ പറഞ്ഞു.

ടൈ കേരള പ്രസിഡന്റ എം.എസ്.എ കുമാര്‍, അധ്യക്ഷത വഹിച്ചു. ഇ.എസ്.എ.എഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് തോമസ്, വിമന്‍ ഇന്‍ ബിസിനസ് പ്രോഗ്രാം ചെയര്‍ ഷീല കൊച്ചൗസേപ്പ്, മരിയ എബ്രഹാം എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.

ബിസിനസ്സില്‍ ഉയര്‍ന്ന പ്രകടനം കാഴ്ച്ചവെക്കുന്ന വ്യക്തികളുടെ സവിശേഷതകളെക്കുറിച്ച് കെപിഎംജി ഇന്ത്യ മാനേജിംഗ് പാര്‍ട്ണര്‍ ശാലിനി പിള്ള മുഖ്യ പ്രഭാഷണം നടത്തി. സംരംഭങ്ങളുമായി മുന്നോട്ട് വരുന്ന സ്ത്രീകളുടെ അനുപാതത്തില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ അഞ്ജലി മേനോന്‍ സ്ത്രീകളുടെ ജന്മസിദ്ധമായ മാനേജ്‌മെന്റ് കഴിവുകള്‍, ലിംഗ നീതി എന്നിവയെക്കുറിച്ച് സംസാരിച്ചു.ബിസിനസ്സ് നൈപുണ്യവും, വളര്‍ച്ചയുടെ ഘടകങ്ങളും എന്നതിനെക്കുറിച്ച് ആമ്പിയര്‍ വെഹിക്കിള്‍സ് സി.ഇ.ഒ ഹേമലത അണ്ണാമലൈ സംസാരിച്ചു.

ചെന്നൈ ഏഞ്ചല്‍സിലെ എയ്ഞ്ചല്‍ നിക്ഷേപകയായ പത്മ ചന്ദ്രശേഖരന്‍ ബിസിനസിലെ സ്ത്രീകള്‍ക്ക് ധനസഹായം സംബന്ധിച്ച സെഷന് നേതൃത്വം നല്‍കി.

‘ദി യംഗ് ആന്‍ഡ് റെസ്റ്റ്‌ലെസ്’ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയില്‍ ബ്ലൂബീന്‍സ് സ്ഥാപക നികിത ബര്‍മന്‍, കാസറോ ക്രീമറി സഹസ്ഥാപക അനു ജോസഫ്, ട്രാഷ്‌കോണ്‍ ലാബ്‌സ് സിഇഒ നിവേദ ആര്‍.എം എന്നിവര്‍ സംസാരിച്ചു, കുടുംബശ്രീ സംരംഭകരുമായുള്ള നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് യുപിഎം അഡ്വര്‍ടൈസിങ്ങിന്റെ് മേരി ജോര്‍ജ് നേതൃത്വം നല്‍കി.

ഉഷ ഉതുപ്പ്, അഞ്ജലി ഉതുപ് കുര്യന്‍, ആയിഷ എലിസബത്ത് ജോണ്‍ എന്നിവര്‍ സംഗീതത്തിലെ വിജയ കഥകളും പാട്ടുകളുമായി സദസ്സിനെ ആകര്‍ഷിച്ചു. സേവ് ദി ലൂം ലീഡ് മെന്റര്‍ രമേശ് മേനോന്‍ ’ ദൈവത്തിന്റെ സ്വന്തം നെയ്ത്തുകാര്‍’ എന്ന വിഷയ അവതരണം നടത്തി.