പന്തുചുരണ്ടല്‍ വിവാദം: ലേമാനും പുറത്തേക്ക്

- പരിശീലകന്റെ പങ്കും അന്വേഷണവിധേയമാക്കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ
- സ്മിത്തിനും വാര്‍ണര്‍ക്കും ഒരുവര്‍ഷം വിലക്ക് കിട്ടിയേക്കും
കേപ്ടൗണ്‍: പന്തുചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട ഓസ്ട്രേലിയന്‍ ടീമിന് കൂടുതല്‍ തിരിച്ചടി സൃഷ്ടിച്ചുകൊണ്ട് പരിശീലകന് ഡാരന്‍ ലേമാന് സ്ഥാനം രാജിവെയ്ക്കാന്‍ ആഗ്രഹിക്കുന്നതായി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകും. പന്തില്‍ കൃത്രിമം കാട്ടിയെന്ന വിവാദത്തില്‍ കുടുങ്ങിയ നായന് സ്റ്റീവ് സ്മിത്തിനെയും ഉപനായകന്‍ ഡേവിഡ് വാര്‍ണറെയും 12 മാസത്തേക്ക് എല്ലാ മത്സരങ്ങളിൽ നിന്നും വിലക്കിയേക്കുമെന്നും സൂചനയുണ്ട്.
ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ തന്നെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ട പന്തു ചുരണ്ടല്‍ വിവാദത്തിന് പിന്നാലെ നടന്നുകൊണ്ടിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ നാലാമത്തെ ടെസ്റ്റ് തുടങ്ങും മുമ്പായി ലേമാന്റെ അഭ്യര്‍ത്ഥനയില്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചനകള്‍.
ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലേക്ക് പറന്നിരിക്കുന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്റ് തലവന്‍ ജെയിംസ് സുതര്‍ലാന്റ് ജോഹന്നാസ്ബര്ഗല് കളിക്കാരും കോച്ചിംഗ് സ്റ്റാഫുകളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും തീരുമാനം. ലേമാന് പുറമേ വിവാദനായകന്‍ സ്മിത്ത്, ഉപനായകന്‍ വാര്‍ണര്‍, പന്തു ചുരണ്ടല്‍ നടത്തിയ ബാന്‍ക്രോഫ്റ്റ് എന്നിവരുടെ മൊഴികളും സുതര്‍ലാന്റ് എടുക്കും.
അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി നാലാം ടെസ്റ്റ് മത്സരത്തില്‍ നിന്നും സ്മിത്തിനെയും വാര്‍ണറെയും മാറ്റി നിര്‍ത്തിയിട്ടുണ്ടെങ്കിലും ക്രിക്കറ്റ് ഓസ്ട്രേലിയ സംഭവത്തില്‍ പങ്കാളിയായിട്ടുളള മുഴുവന്‍ താരങ്ങളെയും നടപടിയുടെ ഭാഗമാക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഡാരന്‍ ലേമാന്റെ പങ്കും അന്വേഷണവിധേയമാക്കിയേക്കും.
അഞ്ചു വര്‍ഷമായി ഓസ്ട്രേലിയന്‍ ടീമിന്റെ പരിശീലകനായി സേവനം ചെയ്യുന്ന ലേമാന് 2019 ആഷസിന് ശേഷമേ പടിയിറങ്ങൂ എന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. ലേമാന് കീഴില്‍ അവര്‍ ഒട്ടേറെ കിരീടങ്ങള്‍ നേടുകയും ചെയ്തിരുന്നു. രണ്ട് ആഷസും ലോകകപ്പും ലേമാന് കീഴിലാണ് ഓസീസ് നേടിയത്.
വിവാദം തുടങ്ങിയപ്പോള്‍ തന്നെ പരിശീലകനെ രക്ഷിച്ചുകൊണ്ടുള്ള നിലപാടാണ് നായകന് സ്മിത്ത് എടുത്തത്. തീരുമാനത്തിന് പിന്നില്‍ ടീമിലെ മുന്‍നിര താരങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് സ്മിത്ത് വ്യക്തമാക്കിയതിന്റെ പൊരുളും അതു തന്നെയായിരുന്നു. സംഭവത്തില്‍ ലേമാനും ഇതുവരെ പൊതുവേദിയില്‍ പ്രതികരണം നടത്തിയിട്ടുമില്ല.
വിവാദത്തില്‍ പങ്കാളിയായിരുന്നു എന്ന് തുറന്നു പറഞ്ഞ സ്റ്റീവന്‍ സ്മിത്തിനെതിരേയും പന്തു ചുരണ്ടലിന്റെ ആസൂത്രകനായ വാര്‍ണര്‍ക്കും 12 മാസത്തെ വിലക്ക് കൊണ്ടുവരാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ആലോചിക്കുന്നുണ്ട്. അങ്ങിനെ വന്നാല്‍ ഇന്ത്യയില്‍ അടുത്ത മാസം മുതല്‍ തുടങ്ങുന്ന ഐപിഎല്ലിലും രണ്ടു പേര്‍ക്കും കളിക്കാനാകില്ല.
പന്തു ചുരണ്ടല്‍ വിവാദത്തിന്റെ കേന്ദ്രബിന്ദു ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ ആണെന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മത്സരം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ഡേവിഡ് വാര്‍ണറിന്റെ തന്ത്രം സ്മിത്തിന്റെ അംഗീകാരത്തോടെ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് നടപ്പാക്കുകയായിരുന്നു. തങ്ങള്‍ എല്ലാവരാലും ശ്രദ്ധിക്കപ്പെടുന്നവരായതിനാല് താരതമ്യേനെ തുടക്കക്കാരനായ ബാന്‍ക്രോഫ്റ്റിനെ നായകനും ഉപനായകനും ചേര്‍ന്ന് കൃത്രിമം ചെയ്യാന്‍ നിയോഗിക്കുകയായിരുന്നു.