ദാസോ ഏവിയേഷന്‍ ഇന്ത്യയില്‍ റഫാല്‍ യുദ്ധവിമാന നിര്‍മാണം ആരംഭിക്കുന്നു

Web Desk
Posted on June 12, 2019, 3:03 pm

ന്യൂഡല്‍ഹി: ഫ്രഞ്ച് വിമാന നിര്‍മാണ കമ്ബനിയായ ദാസോ ഏവിയേഷന്‍ ഇന്ത്യയില്‍ റഫാല്‍ യുദ്ധവിമാന നിര്‍മാണം ആരംഭിക്കുന്നു. പരീക്ഷണാര്‍ത്ഥമുളള വിമാനഭാഗ നിര്‍മാണം ഇന്ത്യയില്‍ നടന്നിരുവെങ്കിലും വാണിജ്യ നിര്‍മാണത്തിന് കമ്ബനി ശ്രമിക്കുന്നത് ഇതാദ്യമാണ്. അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സുമായി ചേര്‍ന്നുളള സംയുക്ത സംരംഭമായ ദസോ റിലയന്‍സ് എയ്‌റോസ്‌പേസ് ലിമിറ്റഡാണ് (ഡിആര്‍എഎല്‍) ആണ് ഇന്ത്യയില്‍ വിമാന നിര്‍മാണം നടത്തുക.

ഡിആര്‍എഎല്ലിന്റെ നാഗ്പൂര്‍ നിര്‍മാണ യൂണിറ്റാണ് ഇതിനായി ഉപയോഗിക്കുന്നത്. തുടക്കത്തില്‍ യുദ്ധ വിമാനങ്ങളുടെ ഘടക ഭാഗങ്ങളാകും കമ്ബനി നിര്‍മിക്കുക. ആദ്യഘട്ടത്തില്‍ റഫാലിന്റെ വാതിലുകളാകും നിര്‍മിക്കുകയെന്നാണ് ലഭിക്കുന്ന വിവരം.ഫാല്‍ക്കണ്‍ വിമാനങ്ങളുടെ കോക്ക്പിറ്റ് നിര്‍മാണം ഡിആര്‍എഎല്ലിന്‍ നടക്കുന്നുണ്ട്. 2022 ഓടെ ജീവനക്കാരുടെ എണ്ണം 650 ആക്കി ഉയര്‍ത്തിക്കൊണ്ട് ഫാല്‍ക്കണ്‍ വിമാനങ്ങള്‍ പൂര്‍ണമായി നാഗ്പൂരില്‍ നിര്‍മിക്കാനാണ് പദ്ധതി.

ഇന്ത്യന്‍ വ്യോമസേന 36 റഫാല്‍ പോര്‍ വിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിട്ടുളളത്. ഈ ഗണത്തിലെ ആദ്യ യുദ്ധവിമാനം സെപ്റ്റംബറില്‍ ഫ്രാന്‍സില്‍ വച്ച്‌ കൈമാറാനിരിക്കുകയാണ്. ഇതിനോടനുബന്ധിച്ച്‌ കമ്ബനിയില്‍ നിന്ന് റഫാല്‍ ഘടക നിര്‍മാണത്തെ സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.