അഡാനി 70,000 കോടി മുടക്കി ഡേറ്റ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നു

Web Desk
Posted on July 11, 2019, 10:29 pm

ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ ഡേറ്റ ഇന്ത്യന്‍ കമ്പനികളില്‍ തന്നെ സൂക്ഷിക്കണമെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കിയ സാഹചര്യത്തില്‍ ഡേറ്റ സ്‌റ്റോറേജ് സര്‍വീസില്‍ വന്‍ സംരംഭവുമായി അഡാനി ഗ്രൂപ്പ്. 70,000 കോടി രൂപ മുടക്കി ഇന്ത്യയില്‍ ഡേറ്റ പാര്‍ക്കുകള്‍ സ്ഥാപിക്കാനാണ് ഗൗതം അഡാനി ഗ്രൂപ്പ് ഒരുങ്ങുന്നത്. ദക്ഷിണേന്ത്യയിലായിരിക്കും പാര്‍ക്ക്.
ഈ ഡേറ്റ പാര്‍ക്കുകളില്‍ ആമസോണ്‍, ഗൂഗിള്‍ ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ക്ക് ഡേറ്റ സൂക്ഷിച്ചുവയ്ക്കാനുള്ള സൗകര്യം നല്‍കുന്നതിലൂടെ കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്.

തുറമുഖ, ഖനി വ്യവസായങ്ങളില്‍ ലാഭം കൊയ്ത ഗൗതം അഡാനി അടുത്തിടെ വിമാനത്താവള നടത്തിപ്പും ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് വരുംകാലത്തെ പ്രധാന വ്യവസായമാകുന്ന ഡേറ്റ സ്റ്റോറേജ് രംഗത്തും ചുവടുറപ്പിക്കുന്നത്.
രാജ്യത്തെ ഓരോ ഡേറ്റയും പ്രാദേശികമായി സൂക്ഷിക്കുന്ന നിയമം നടപ്പിലാക്കാന്‍ കേന്ദ്രം ആലോചനകള്‍ തുടരുന്നതിനിടെയാണ് അഡാനി ഗ്രൂപ്പിന്റെ നീക്കം. കേന്ദ്രം നിയമംകൊണ്ടുവരുന്നത് മുന്നില്‍ക്കണ്ടാണ് ഡേറ്റ സ്റ്റോറേജ് വ്യവസായത്തില്‍ അഡാനി വന്‍നിക്ഷേപം നടത്തുന്നത്.

രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചുള്ള രാഷ്ട്രനിര്‍മ്മാണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗൗതം അഡാനി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ കാഴ്ചപ്പാടിനോട് ചേര്‍ന്നുള്ള വ്യവസായങ്ങളിലാണ് തങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
റിലയന്‍സ് ഗ്രൂപ്പിന്റെ ഉടമയായ മുകേഷ് അംബാനിയാണ് അഡാനിയുടെ പുതിയ സംരഭത്തിന് പ്രധാന പിന്തുണ നല്‍കുന്നത്.
വ്യക്തിഗത ഡേറ്റ പ്രൊട്ടക്ഷന്‍ നിയമത്തിന്റെ കരട് ബില്ലിലും ഡേറ്റയുടെ സൂക്ഷിപ്പ് രാജ്യത്തിനകത്തെ സെര്‍വറിലോ ഡേറ്റ സെന്ററിലോ വേണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഈ ബില്‍ ഉടന്‍തന്നെ സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് സൂചന. എങ്കില്‍ ഡേറ്റ സെന്ററുകളിലൂടെ കോടിക്കണക്കിന് രൂപയുടെ വരുമാനമാകും അഡാനി ഗ്രൂപ്പിന് ലഭിക്കുക.