Tuesday
19 Feb 2019

ആഫ്രിക്കയെ തൊട്ടറിഞ്ഞ പര്യവേക്ഷകന്‍ – ഡേവിഡ് ലിവിങ്സ്റ്റണ്‍

By: Web Desk | Tuesday 20 March 2018 2:15 PM IST

ജോസ് ചന്ദനപ്പള്ളി

മതപ്രചാരകനായി തുടക്കം. അങ്ങനെ ഇരുളടഞ്ഞ ഭൂഖണ്ഡം എന്ന് വിശേഷിപ്പിച്ചിരുന്ന ആഫ്രിക്കയിലെത്തി. ലോകം കണ്ട ഏറ്റവും വലിയ പര്യവേഷകരില്‍ ഒരാളായി ആഫ്രിക്കയെ പുറംലോകത്തിന് കാട്ടിക്കൊടുത്തത് അദ്ദേഹമാണ്. അവിടെയായിരുന്നു അന്ത്യവും. ഡേവിഡ് ലിവിങ്സ്റ്റണെപ്പറ്റിയാണ് പറയുന്നത്. മെഡിക്കല്‍ ബിരുദം നേടിയശേഷം മിഷണറിയാകാന്‍ കൊതിച്ച ഡേവിഡ് ലിവിങ്സ്റ്റണ്‍ ലണ്ടന്‍ മിഷനറി സൊസൈറ്റിയില്‍ അംഗമായി. അധികം താമസിയാതെ സൊസൈറ്റി അദ്ദേഹത്തെ ആഫ്രിക്കയിലേയ്ക്കയച്ചു. രണ്ടു പ്രവര്‍ത്തനലക്ഷ്യങ്ങളായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഒന്ന് : ആഫ്രിക്കന്‍ ജനതയെ ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യുക. രണ്ട് : അവിടെ നിലനിന്നിരുന്ന അടിമവ്യാപാരം നിര്‍ത്തലാക്കുക. അവാച്യമായ ആനന്ദത്തോടുകൂടി ഒരു മെഡിക്കല്‍ മിഷനറിയായി 1841-ല്‍ കുരുമാന്‍ എന്നപേരില്‍ ബോട്ട്‌സ്വാന്നാ ലാന്‍ഡില്‍ (ഇന്നത്തെ ബോട്ട്‌സ്വാന്നാ) റോബര്‍ട്ട് മൊഫാത്ത് സ്ഥാപിച്ച ജനാധിവാസ കേന്ദ്രത്തിലെത്തി.
1841-ല്‍ മതപ്രചാരകനായി ആഫ്രിക്കയുടെ ദക്ഷിണ ഭാഗത്തെത്തിയ ലിവിങ്സ്റ്റണ്‍ ബോട്ട്‌സ്വാന്നായിലെ കറുത്തവര്‍ഗ്ഗക്കാരായ ആഫ്രിക്കക്കാര്‍ക്കിടയില്‍ പ്രവര്‍ത്തനം തുടങ്ങിയശേഷം അവിടെനിന്നും വടക്കോട്ട് നീങ്ങാന്‍ ശ്രമിച്ചു. ഇക്കാര്യത്തില്‍ ഡച്ച് പശ്ചാത്തലമുള്ള വെള്ളവര്‍ഗ്ഗക്കാരായ ബോവര്‍മാരുടെ കടുത്ത എതിര്‍പ്പിനെ അദ്ദേഹത്തിന് നേരിടേണ്ടതായി വന്നു. 1845-ല്‍ റോബര്‍ട്ട് മൊഫാത്തിന്റെ മകള്‍ മേരി മോഫാത്തിനെ അദ്ദേഹം വിവാഹം ചെയ്തു. രണ്ടുപേരും ഒരുമിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ട് യൂറോപ്യന്മാര്‍ ഇതഃപര്യന്തം ചെന്നെത്തിയിട്ടില്ലാത്ത പ്രാദേശങ്ങളിലേയ്ക്ക് നീങ്ങി. തന്റെ പര്യവേക്ഷണങ്ങളും മിഷന്‍ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചുകൊണ്ടു പോകാനാവും വിധത്തില്‍ ഒരു സ്വതന്ത്ര മിഷന്‍ പ്രസ്ഥാനം രൂപീകരിക്കുവാന്‍ അദ്ദേഹം തീരുമാനിച്ചു. ആയതിലേയ്ക്ക് മോഫാത്തിന്റെ കേന്ദ്രത്തിനടുത്തു നിന്നും ഏകദേശം 200 മൈല്‍ അകലെ അനുയോജ്യമായ ഒരു സ്ഥലം ലിവിങ്സ്റ്റണ്‍ കണ്ടെത്തി. ആ പ്രദേശത്തുണ്ടായിരുന്ന ബാകെ്വയിന്‍ വര്‍ഗ്ഗക്കാരുടെ നേതാവായിരുന്ന സെഷേലിന്റെ പിന്തുണയും ലിവിങ്സ്റ്റണിന് ലഭിച്ചിരുന്നു. ആഫ്രിക്കയുടെ ഉള്‍ഭാഗത്തിലേക്ക് അദ്ദേഹം ആദ്യം നടത്തിയ പര്യവേക്ഷണ യാത്രകളില്‍ സെഷേലായിരുന്നു മാര്‍ഗ്ഗദര്‍ശി.
ലിവിങ്സ്റ്റണിന്റെ ചങ്ങാതിയായിരുന്ന സെഷേലും വില്യം ഓ സ്വെല്‍, മാംഗോമുറെയ് എന്നീ രണ്ടു യൂറോപ്യന്മാരോടൊപ്പം 1849-ല്‍ ലിവിങ്സ്റ്റണ്‍ മരുഭൂമിയും ബുഷ്‌മെന്‍ വര്‍ഗ്ഗത്തിന്റെ താവളമെന്ന നിലയില്‍ ഭീതിജനിപ്പിക്കുന്ന പ്രദേശമായ കല്‍ഹാരിയും കുറുകെ കടക്കുകയുണ്ടായി. തുടര്‍ന്ന് ഞാമി (ചഴമാശ)തടാകക്കരയിലെത്തിയ അദേഹം അവിടെ എത്തിയ ആദ്യത്തെ വെള്ളക്കാരനായി. എന്നാല്‍ തന്റെ പര്യടനം അദ്ദേഹത്തിന് നിര്‍ത്തേണ്ടിവന്നു.
ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍ അപകടം മുന്നില്‍കണ്ടിട്ടും ലിവിങ്സ്റ്റണ്‍ 1855-ല്‍ സാംബസി നദി കണ്ടെത്താനുള്ള തന്റെ യാത്രയില്‍ ഭാര്യയെയും മക്കളെയും കൂട്ടി അതിസാഹസികമായി സാംബസി നദീതീരത്തെത്തി. തൊഴില്‍കൊണ്ട് ഡോക്ടറായിരുന്ന അദ്ദേഹം ഒരു പ്രകൃതി ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു. അദ്ദേഹം എവിടെയൊക്കെ ചെന്നുവോ അവിടുത്തെ ഭൂമി അദ്ദേഹം പരിശോധിക്കുകയും വിവിധ വര്‍ഗ്ഗങ്ങളുമായി ഇടപഴകുകയും ചെയ്തു. അക്കൂട്ടത്തില്‍ ലിവിങ്സ്റ്റണ്‍ നദിക്കരയില്‍ അസാധാരണമായ ഒരു വെള്ളച്ചാട്ടം കണ്ടെത്തി. ആ വെള്ളച്ചാട്ടത്തിന് ബ്രിട്ടീഷ് രാജ്ഞിയുടെ പേരുനല്‍കി- വിക്‌ടോറിയ. ലിവിങ്സ്റ്റണ്‍ സാംബസി നദി കണ്ടെത്തിയതും കല്‍ഹാരി മരുഭൂമി ചിത്രവല്‍ക്കരിച്ചതും ചരിത്രത്തിന്റെ ആ ദശാസന്ധിയില്‍ ദ്രുതഗതിയിലുള്ള കോളനിവല്‍ക്കരണത്തില്‍ വ്യാപൃതമായിരുന്ന ബ്രിട്ടണില്‍ വലിയ മതിപ്പുളവാക്കി. ലിവിങ്സ്റ്റണിന്റെ പര്യവേക്ഷണങ്ങള്‍മൂലം, അക്കാലത്ത് പ്രചാരത്തിലിരുന്ന മിക്ക ഭൂപടങ്ങളും പരിഷ്‌കരിക്കേണ്ടതായി വന്നു. 1856 ഡിസംബറില്‍ ലണ്ടനില്‍ മടങ്ങിയെത്തിയ ലിവിങ്സ്റ്റണെ മഹാനായ ഒരു പര്യവേഷകന്‍ എന്ന നിലയിലാണ് ബ്രിട്ടീഷ് രാജ്ഞി സ്വീകരിച്ചത്. മിഷണറി ട്രാവല്‍സ് ആന്‍ഡ് റിസേര്‍ച്ചസ് ഇന്‍ സൗത്ത് ആഫ്രിക്ക എന്ന ഗ്രന്ഥവും ലിവിങ്‌സറ്റനെ ഏറെ പ്രശസ്തനാക്കി. ലണ്ടന്‍ മിഷനറി സൊസൈറ്റിയില്‍ നിന്നും രാജിവച്ച അദ്ദേഹത്തെ ആഫ്രിക്കയുടെ കിഴക്കന്‍ തീരത്തുളള ക്വെലിമാന്നിലെ (ഇപ്പോഴത്തെ മൊസാംബിക്) ബ്രിട്ടീഷ് കോണ്‍സലായി നിയമിക്കുകയും ചെയ്തു. ഒപ്പം കിഴക്കും മദ്ധ്യ ആഫ്രിക്കയും പര്യവേക്ഷണം ചെയ്യാനുളള പര്യവേക്ഷകസംഘത്തിന്റെ കമാന്‍ഡര്‍ ചുമതലയും അദ്ദേഹത്തെ ഏല്‍പ്പിച്ചു.
1858-ല്‍ വീണ്ടും ആഫ്രിക്കയിലേക്ക് തിരിച്ചുപോയ അദ്ദേഹം സാംബസി നദിയുടെ കൈവഴിയായ ഷയര്‍ നദിവരെ ഒരു പര്യടനം നടത്തുകയുണ്ടായി. അതിലൂടെ അദ്ദേഹം മലാവി തടാകം കാണാന്‍ കഴിഞ്ഞ ആദ്യ യൂറോപ്യനായി. അവിടെ നിന്നും മുന്നോട്ട് നീങ്ങിയ അദ്ദേഹം റുവുമാ നദിയും ചില്‍വാ തടാകവും കണ്ടെത്തി. മലാവി തടാകത്തിനു ചുറ്റുമുളള രാജ്യഭാഗങ്ങള്‍ പര്യവേക്ഷണം നടത്തുന്നതിനിടയില്‍, അറബികളും പോര്‍ച്ചുഗീസ് അടിമക്കച്ചവടക്കാരും പ്രാചീന ആഫ്രിക്കക്കാരെ കൊളളയടിക്കുന്നതില്‍ ലിവിങ്സ്റ്റണ് ഏറെ ഉത്കണ്ഠ ഉണ്ടായി. 1865-ല്‍ ഇംഗ്ലണ്ടില്‍ സന്ദര്‍ശനം നടത്തുന്നതിനിടയില്‍ അദ്ദേഹം നറേറ്റീവ് ഓഫ് ആന്‍ എക്‌സ്‌പെഡീഷന്‍ ടു ദി സാംബസി ആന്‍ഡ് ഇറ്റ്‌സ് ട്രിബ്യൂട്ടറിസ് (സാംബസിയിലേക്കും അതിന്റെ കൈവഴിയിലേക്കുമുളള പര്യടനത്തിന്റെ വിവരം) എന്ന ഗ്രന്ഥം രചിച്ചു. 1859-നും 63-നും ഇടയില്‍ കറുത്ത ഭൂഖണ്ഡത്തിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് അദ്ദേഹം നിരവധി യാത്രകള്‍ നടത്തി. 1866-ല്‍ ടാങ്കനിക്ക തടാക പ്രവിശ്യയിലേക്കുളള യാത്ര ഏറെ ദുര്‍ഘടം നിറഞ്ഞതായിരുന്നു. ഏതാനും യൂറോപ്യന്മാര്‍ അദ്ദേഹത്തെ അനുഗമിച്ചെങ്കിലും അവര്‍ പിന്മാറി. ഒടുവില്‍ തദ്ദേശീയര്‍ മാത്രമായി കൂട്ട്. ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ സഞ്ചാരം നടത്തിവന്ന ലിവിങ്സ്റ്റണെപ്പറ്റി പിന്നീട് ഒരു വിവരവുമില്ലാതെയായി. ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ അദ്ദേഹം മരിച്ചതായി വാര്‍ത്ത പരന്നു. എന്നാല്‍ റുവുമാ നദിക്കൊപ്പം നീങ്ങിയ പര്യവേക്ഷകന്‍ 1869-ല്‍ ടാങ്കനിക്കാ തടാകക്കരയില്‍ എത്തിച്ചേര്‍ന്നു. 1866-ല്‍ ആഫ്രിക്കയിലേക്കുളള മൂന്നാം യാത്രയിലാണ് ലിവിങ്സ്റ്റണ്‍ അപ്രത്യക്ഷനായത്.
ലിവിങ്സ്റ്റണിന്റെ കാര്യത്തിലെ ഉത്കണ്ഠ അന്തര്‍ദേശീയമായി പടര്‍ന്നപ്പോള്‍, അദ്ദേഹത്തെ കണ്ടെത്താന്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് പത്രം ഉടമ ജോര്‍ജ്ജ് ബെനറ്റ്, അതിന്റെ പ്രസിദ്ധനായ റിപ്പോര്‍ട്ടര്‍ ഹെന്റി മോര്‍ട്ടണ്‍ സ്റ്റാന്‍ലിയെ ആഫ്രിക്കയിലേക്ക് അയച്ചു. 192 പേരടങ്ങുന്ന സംഘവുമായി പുറപ്പെട്ട സ്റ്റാന്‍ലി ടാന്‍സാനിയായിലെ ടാങ്കിനിക്ക തടാകത്തിന്റെ കരയിലുളള ഉജിജിയില്‍ ലിവിങ്സ്റ്റണെ കണ്ടെത്തി. 1871 നവംബര്‍ 10-നായിരുന്നു അത്. അങ്ങാണ് ഡോ. ലിവിങ്സ്റ്റണ്‍ എന്നു കരുതട്ടെ എന്ന സ്റ്റാന്‍ലിയുടെ ചോദ്യം പ്രശസ്തമാണ്. ലിവിങ്സ്റ്റന്റെ പര്യടനസംഘം ആക്രമിക്കപ്പെട്ടതോടുകൂടി ലിവിങ്സ്റ്റണ്‍ ഉജിജിയിലേക്ക് കടന്നുവെന്നാണ് മനസ്സിലാക്കുന്നത്. അവിടെ സ്റ്റാന്‍ലി എത്തിച്ചേരുമ്പോള്‍ ലിവിങ്സ്റ്റണ്‍ പനിയും വിശപ്പും കാരണം തളര്‍ന്ന് അവശനായിക്കഴിഞ്ഞിരുന്നു. ചരിത്രംകുറിച്ച ആ കണ്ടുമുട്ടലിനുശേഷം സ്റ്റാന്‍ലിയും ഡോ. ലിവിങ്സ്റ്റണും അനുഭവങ്ങള്‍ പങ്കുവച്ചു. നാട്ടില്‍ താന്‍ മരിച്ചുപോയി എന്ന വാര്‍ത്ത പ്രചരിച്ചിരിക്കുന്നതില്‍ ഡോ. ലിവിങ്സ്റ്റണ്‍ അത്ഭുതപ്പെട്ടു. മലേറിയ ബാധിച്ചതിനെത്തുടര്‍ന്നുണ്ടായ അനാരോഗ്യവും ഭക്ഷണ ദൗര്‍ലഭ്യവുമാണ് തന്നെ ഇവിടെ കുടുക്കിക്കളഞ്ഞതെന്ന് അദ്ദേഹം സ്റ്റാന്‍ലിയെ അറിയിച്ചു.
ഡോക്ടറെ കണ്ടെത്തി അത് റിപ്പോര്‍ട്ടു ചെയ്യുക എന്ന ലക്ഷ്യവുമായി വന്ന സ്റ്റാന്‍ലി ആ ഉദ്ദേശ്യം സാധിച്ചശേഷവും ന്യൂയോര്‍ക്കിലേക്ക് തിരിച്ചുപോകാന്‍ തയ്യാറായില്ല. താന്‍ അനുഭവിച്ചറിഞ്ഞതും ലിവിങ്സ്റ്റണില്‍ നിന്ന് കേട്ടറിഞ്ഞതുമായ ആഫ്രിക്ക അദ്ദേഹത്തെ വശീകരിച്ചു. ഡോക്ടറുടെ പര്യവേക്ഷണത്തില്‍ പങ്കാളിയായി അവിടെത്തന്നെ തുടരാന്‍ സ്റ്റാന്‍ലി നിശ്ചയിച്ചു. നൈല്‍ നദിയുടെ ഉറവിടം കണ്ടെത്താനുളള യാത്രയില്‍ സ്റ്റാന്‍ലി ലിവിങ്സ്റ്റന്റെ സഹായിയായി. ഇക്കാലത്തിനിടയില്‍ അവര്‍ തമ്മില്‍ പിതൃ-പുത്ര സമാനമായ ഒരു ബന്ധം ഉടലെടുത്തിരുന്നു. ലിവിങ്സ്റ്റണ്‍ ല്യൂലാബ നദിയുടെ ഉറവിടം തേടിപ്പോകാന്‍ നിശ്ചയിച്ചപ്പോള്‍, ഭക്ഷണസാധനങ്ങളും മറ്റും ശേഖരിക്കാനായി സ്റ്റാന്‍ലി ഇന്ത്യന്‍ സമുദ്രത്തിന്റെ കരയിലുളള സാന്‍സിബാറിലേക്കു പോയി. 1872- ആഗസ്റ്റോടെ റിപ്പോര്‍ട്ടുകള്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡില്‍ എത്തി. ലിവിങ്സ്റ്റണിനെ കണ്ടെത്തിയ വാര്‍ത്ത – പക്ഷേ പലരും വിശ്വസിക്കാന്‍ തയ്യാറായില്ല. സ്റ്റാന്‍ലി അയച്ച ലിവിങ്സ്റ്റണിന്റെ കത്തുകള്‍ അദ്ദേഹത്തിന്റെ തന്നെയാണെന്ന് കുടുംബാംഗങ്ങള്‍ ശരി വച്ചിട്ടും അവിശ്വാസം പൂര്‍ണ്ണമായും നീങ്ങിയില്ല.
പിന്നീട് നൈലിന്റെ ഉത്ഭവം കണ്ടുപിടിക്കണമെന്ന തന്റെ ചിരകാലാഭിലാഷം സാധിക്കുന്നതിനായി ലിവിങ്‌സറ്റണ്‍ ഒറ്റയ്ക്കു പുറപ്പെട്ടു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, പതുങ്ങിയെത്തിയ മരണം ഇദ്ദേഹത്തെ കവര്‍ന്നെടുത്തു. 1873 ഏപ്രില്‍ 27-ന് മലേറിയ ബാധിച്ച സാംബിയയില്‍ വച്ച് ലിവിങ്സ്റ്റണ്‍ അന്തരിച്ചു. അദ്ദേഹം മരിച്ചു വീണ വൃക്ഷച്ചുവട്ടില്‍ ആ മഹാപ്രതിഭയുടെ അനുയായികളായ നാലു ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ഹൃദയമെടുത്ത് അടക്കംചെയ്ത ശേഷം മൃതശരീരം ഉപ്പുതേച്ചുണക്കി ടാന്‍സാനിയന്‍ തീരത്തുളള സാന്‍സിബാറില്‍ കൊണ്ടുവന്നു. മാസങ്ങള്‍ക്കുശേഷം 1874-ല്‍ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ ആബ്ബയില്‍ സംസ്‌ക്കരിച്ചു.
അഞ്ചു വര്‍ഷത്തിനുശേഷം സ്റ്റാന്‍ലി അന്തരിച്ചു . ആഫ്രിക്ക എന്ന ഇരുണ്ട ഭൂഖണ്ഡത്തിലേക്കു പുറം ലോകത്തിന്റെ കണ്ണുകള്‍ക്ക് കാഴ്ച പകര്‍ന്ന ഡോക്ടര്‍ ലിവിങ്സ്റ്റണും ഹെന്റി സ്റ്റാന്‍ലിക്കും ലോകചരിത്രത്തിലെ ഏറ്റവും വലിയ പര്യവേക്ഷകരുടെ പട്ടികയിലാണ് സ്ഥാനം. ഇവരുടെ കൂടിക്കാഴ്ച നടന്ന ഉജിജിയിലെ പ്രധാന തെരുവില്‍ ആ ചരിത്ര നിമിഷത്തെ അടയാളപ്പെടുത്തിക്കൊണ്ട് കരിങ്കല്ലില്‍ തീര്‍ത്ത ഒരു ചെറിയ സ്മാരകം മാത്രമെ ഇപ്പോഴുളളു. എന്നിരുന്നാലും കൊളോണിയല്‍ ആഫ്രിക്കയുടെ ചരിത്രത്തിലെ സുപ്രധാന നിമിഷങ്ങളിലൊന്നയി ഇവരുടെ കൂടിക്കാഴ്ച രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ആഫ്രിക്കന്‍ വന്‍കരയുടെ വിദൂരഭാഗങ്ങളെപ്പറ്റി ലിവിങ്സ്റ്റണും സ്റ്റാന്‍ലിയും നടത്തിയ കണ്ടെത്തലുകളാണ് അവിടെ യൂറോപ്യരുടെ കടന്നുകയറ്റത്തിനും മത്സരങ്ങള്‍ക്കും വേദിയാക്കി മാറ്റിയത്.