Friday
22 Feb 2019

ദയ

By: Web Desk | Sunday 1 July 2018 7:55 AM IST

കഥ

ജയറാം സ്വാമി

ഗള്‍ഫിലെ ജോലി പോയ ഉദയന്‍ നാട്ടിലെത്തിയിട്ട് നാലു ദിവസമായി. കുന്നിന്‍ ചരുവിലെ കാപ്പിത്തോട്ടങ്ങള്‍ പൂക്കാന്‍ തുടങ്ങിയിട്ട് ഏതാണ്ട് ഒരു മാസത്തിലേറെയുമായി.
നാട്ടിലേക്ക് വരുന്ന കാര്യം പറയാന്‍ വിളിച്ചപ്പോള്‍ പോയിട്ടിപ്പോ ഒന്നര വര്‍ഷമല്ലേ ആയുള്ളൂ എന്നൊന്ന് പറഞ്ഞു പോയി ശ്രീജ. അതിന് അയാള്‍ വിളിച്ച ചീത്തയ്ക്ക് കണക്കില്ല. ഓട്ടോയില്‍ വന്നിറങ്ങിയപ്പോള്‍ ബാഗും പെട്ടിയും എടുത്ത് ഇറക്കുന്നതിന് സഹായിക്കാന്‍ ഓടിച്ചെന്ന അവളെ ആദ്യം കാണുന്നത് പോലെ അടിമുടി ഒരു നോട്ടം നോട്ടം നോക്കി ഉദയന്‍. മുറിയിലെത്തിയതും കതകൊന്ന് വെറുതേ ചാരി ഭിത്തിയോട് ചേര്‍ത്ത് നിര്‍ത്തി കാലിന്റിടയിലേക്ക് കൈ തിരുകിക്കേറ്റിയിട്ട് ചിറി കോട്ടി ആ നോട്ടം ആവര്‍ത്തിച്ചു അയാള്‍. ശ്രീജ സന്ധ്യയ്ക്ക് കുളിച്ചു മുറിയിലേക്ക് കേറി പോകുമ്പോള്‍ ഉമ്മറത്ത് ഇരുന്ന് മുണ്ടി്‌ന്റെ മുന്‍ഭാഗം ഒന്ന് ചുരുട്ടി പിടിച്ചു കൊണ്ട് അയാള്‍ അതേ നോട്ടം നോക്കുന്നുണ്ടായിരുന്നു. രാത്രി വിളമ്പി കൊടുക്കുമ്പോള്‍ ചോറ് കുഴച്ചുകൊണ്ടും ആര്‍ത്തിയോടെ അയാള്‍ ഭാര്യയെ നോക്കികൊണ്ടിരുന്നു.
അവധിക്ക് വന്നാല്‍ കുറെ ദിവസത്തേക്ക് ഉദയന് കൊണ്ടു വരുന്ന മദ്യത്തിന്റെ മണവും പിന്നെ പിന്നെ നാട്ടില്‍ കിട്ടുന്നതിന്റെ മണവുമാണെന്ന് ശ്രീജയ്ക്ക് ഇപ്പോള്‍ നന്നായിട്ടറിയാം. പണ്ടൊരിക്കല്‍ നിര്‍ബന്ധിച്ച് കുടിപ്പിച്ചിട്ട് ഉറങ്ങിപ്പോയതിന് രാത്രി കട്ടിലില്‍ നിന്ന് അവളെ തള്ളിയിട്ടുണ്ട്. ആ വേദനയാ ഇളയതിനെ പെറ്റപ്പോള്‍ കൂടിയത്. ഇപ്പോ വര്‍ഷാവര്‍ഷം കാപ്പിപൂക്കുന്ന കാലമായാല്‍ അത് അസഹ്യമാകും. പിന്നെ അവള്‍ക്ക് അതങ്ങ് തലവേനയായി മാറും.
ഉദയന്‍ ഗള്‍ഫില്‍ നിന്ന് വിളിക്കുമ്പോള്‍ കാര്യങ്ങള്‍ പറഞ്ഞാപ്പോര. തല പിളരുന്ന വേദനയില്‍ കിടന്നാലും ഐഎമ്മോയിലൂടെ തുണിയഴിച്ചു കാട്ടണം. സ്വയം ചുരുങ്ങി ഇല്ലാതാകുന്ന ആ വെള്ളിയാഴ്ച്ച വിളികള്‍ ഇനി ഉണ്ടാകില്ലല്ലോ. ഉദയന്റെ പണി പോയി തിരിച്ചുവരുകയാണെന്ന് പറഞ്ഞപ്പോള്‍ ശ്രീജക്ക് തോന്നിയ ഏക ആശ്വാസം അതായിരുന്നു.
കുന്നിന്റെ പള്ളയില്‍ ഒരു കുഞ്ഞു വീടിനു വേണ്ടി നിരപ്പാക്കിയ ഇടം ഒഴിച്ചാല്‍ വീടിന്റെ പിന്നില്‍ നിന്ന് മുന്നിലെ കരനിലം വരെ കുത്തനേയുള്ള ചരിവാണ്. അതിലാകെ മൂന്നടി പൊക്കത്തിലുള്ള കാപ്പിച്ചെടികളും. കുന്നിറങ്ങി വരുന്ന കോടമഞ്ഞില്‍ ചുറ്റുമുള്ളത് ഒന്നും കാണാനാവാത്ത രാത്രികളില്‍ ചിലപ്പോഴൊക്കെ ആനച്ചൂര് മണക്കും. ഇല്ലി പൂക്കുന്ന കാലങ്ങളില്‍ ഒഴികെ ആനകള്‍ നാട്ടിലിറങ്ങും. രാത്രികളില്‍ തുമ്പിക്കൈ കൊണ്ട് വാഴത്തട നിസാരമായി പിഴുതെടുക്കുന്നത് പോലെയാണ് ശ്രീജയ്ക്ക് ഉദയന്റെ ചുറ്റിപ്പിടുത്തം തോന്നിയിട്ടുള്ളത്. ആ നേരങ്ങളില്‍ അയാളുടെ കൈകള്‍ക്ക് മണ്ണെണ്ണ മണമാണ്. പെയിന്റ് പണി കഴിഞ്ഞു ടര്‍പ്പനില്‍ കൈ കഴുകുന്നത് കൊണ്ട് വന്നതാണ് ആ മണം. നീളത്തിലടിക്കുന്ന ഒരു ബ്രഷ് ഒടുവില്‍ മണ്ണെണ്ണയില്‍ മുക്കിപ്പിഴിഞ്ഞു വയ്ക്കുന്നത് വരെയുള്ള കാര്യങ്ങള്‍ സങ്കല്‍പ്പിച്ചു കണ്ണടച്ചങ്ങ് കിടന്നു കൊടുക്കും. മറ്റൊന്നും അറിയാതെ അവള്‍ പതിയെ ഉറങ്ങിപ്പോകും.
ഉദയന്‍ കഴിഞ്ഞ തവണ വന്നു പോയതിനു ശേഷമുള്ള ഒന്നര വര്‍ഷത്തിനിടയില്‍ കുറെ മാറ്റങ്ങളുണ്ടായി വീട്ടില്‍. അരഭിത്തിയുള്ള ഉമ്മറത്തു നിന്ന് ഉള്ളിലോട്ടു കയറിയാലുള്ള ചെറിയ മുറിയില്‍ ഒരു പഴയ ഊണു മേശയും അതിനു മുകളില്‍ സീരിയല്‍ സമയങ്ങളില്‍ മാത്രം ഓണാക്കുന്ന ഒരു കൊച്ചു ടിവിയുമുണ്ട്. ആ മുറിയില്‍ അരിക് ചേര്‍ത്ത് ഇട്ടിരിക്കുന്ന തട്ടൂടിയിലാണ് ഉദയന്റെ അച്ഛന്‍ കിടക്കുന്നത്. അതില്‍ ചുരുട്ടിവയ്ക്കുന്ന പായെടുത്ത് നിലത്തു വിരിച്ച് അമ്മയും കിടന്നുറങ്ങും. ആ മുറിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങും പോലുള്ള ചെറിയ ചായ്പ്പില്‍ ഒരടുക്കള. ഉദയന്റെ കല്യാണം പ്രമാണിച്ച് പുതിയതായി കെട്ടിയെടുത്ത മുറിയില്‍ വീതിയുള്ള ഒരു പ്ലാന്തടി കട്ടിലും നിറയെ ഒട്ടിപ്പ്‌പൊട്ടും പൗഡറും കൊണ്ട് നിറം മങ്ങിയ നിലക്കണ്ണാടിയുള്ള ഇരുമ്പലമാരയും ഉണ്ട്.
ആ മുറിയില്‍ വയ്യാതെ കിടപ്പാണ് ഉദയന്റെ അച്ഛന്റെ അമ്മ. എണ്‍പതോടടുത്ത പ്രായമുണ്ട്. തലയില്‍ പ്രഷറ് കേറി ഒരുവശം തളര്‍ന്ന് പോയതാണ്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ് അമ്മൂമ്മയെ പുറത്തേക്ക് പിടിച്ചു കൊണ്ടു പോകുന്നത്. പലപ്പോഴും അറിയാതെ കിടക്ക നനച്ച് അതിലാകും അവര്‍ കിടക്കുന്നത്. നേരെചൊവ്വേ സംസാരിക്കാനാവില്ല. കേട്ട് കേട്ട് ശ്രീജയ്ക്കു മാത്രം ചിലതെല്ലാം മനസിലാകും. ഒരു കുഞ്ഞിനെ എടുക്കും പോലെ അവള്‍ അമ്മൂമ്മയെ ഒന്ന് താങ്ങി ഉയര്‍ത്തി മുണ്ടും തുണിയും മാറികൊടുക്കും. രാത്രികളില്‍ എട്ടും അഞ്ചും വയസുമുള്ള പെണ്‍മക്കള്‍ അവളുടെ ഇരുവശവുമായി നിലത്തു വിരിച്ച പനമ്പായില്‍ കിടന്നുറങ്ങും. പകലുറങ്ങുന്ന അമ്മൂമ്മ പുലരുവോളം ആ മൂത്രം മണക്കുന്ന മുറിയില്‍ കണ്ണും തുറന്നു അങ്ങനെ കിടക്കും.
എല്ലാവരും ഉറങ്ങി കഴിഞ്ഞാല്‍ മുറിയിലെ സീറോ വാള്‍ട്ട് ബള്‍ബിന്റെ മങ്ങിയ നീല വെളിച്ചത്തില്‍ അമ്മൂമ്മ ആരോടെന്നില്ലാതെ കഥകള്‍ പറഞ്ഞു തുടങ്ങും. നാക്കുവഴങ്ങാത്ത കേള്‍വിയില്ലാത്ത എന്നാല്‍ കാഴ്ച്ചയ്ക്ക് ഒരു മങ്ങലുമില്ലാത്ത അവര്‍ ഓര്‍മ്മയുടെ പായ്‌ക്കെട്ടുകള്‍ അഴിച്ചുവയ്ക്കും. താഴെ പനമ്പായുടെ ചെറു ചൂടുംപറ്റി കണ്ണടച്ച് ശ്രീജ അതൊക്കെ കേട്ടു കിടക്കും.
പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ചുരം കയറിവന്ന ഒരു ചെറുപ്പക്കാരനാണ് അമ്മൂമ്മയുടെ എല്ലാ കഥകളിലുമുള്ളത്. കാട്‌കേറിക്കിടന്നിടം ആവത് അനുസരിച്ചു തെളിച്ചെടുത്തുകൊള്ളാന്‍ കിട്ടിയ അനുമതിക്ക് അപ്പുറം ഒരു ചുവട് പോലും അധികം വച്ചില്ല അയാള്‍. കൈപിടിച്ച് കൊടുക്കും വരെ തന്റെ കണ്ണിലല്ലാതെ നോക്കീട്ടുമില്ല അയാള്‍. കിളച്ചിളക്കിയ മണ്ണിന്റെ മണമുള്ളയാള്‍. അമ്മൂമ്മ അത്രയധികം വിശേഷണങ്ങളോടെ പറയുന്ന സ്‌നേഹനിധിയായ അയാളുടെ കഥ അവസാനിക്കുന്നത് എപ്പോഴാണെന്നോ മുറിയിലെ നീലനിറം മങ്ങി മങ്ങി ഉറക്കത്തിന്റെ തിരശീല വീഴുന്നത് എപ്പോഴാണെന്നോ ശ്രീജ അറിയാറില്ല.
പതിവായി കാണുന്ന സ്വപ്‌നമാണ് ഇതെന്ന് പിറ്റേന്ന് രാവിലെ ബോധ്യം വരുമെങ്കിലും കണ്ണിലേക്ക് മാത്രം നോക്കുന്ന കരളുറപ്പുള്ളവന്റെ കഥ കേള്‍ക്കാന്‍ എന്നും രാത്രികളില്‍ അവള്‍ പനമ്പായുടെ ചൂടിലേക്ക് ചരിഞ്ഞ് കണ്ണടച്ച് കിടക്കും.
ചോറുണ്ട പാത്രമൊക്കെ കഴുകി വച്ച് ശ്രീജ വന്നപ്പോഴേക്കും മക്കളെ രണ്ടിനേയും അമ്മ അടുത്ത് പിടിച്ചു കിടത്തിയിരുന്നു. അമ്മൂമ്മയ്ക്ക് മരുന്ന് കൊടുത്തുകൊണ്ടിരിക്കേ ഉദയന്‍ ഉള്ളിലേക്ക് കയറി മുറിയടച്ചു. പായ് വിരിച്ചു നിവരും മുന്നേ പിന്നില്‍ നിന്ന് മണ്ണെണ്ണ മണമുള്ള തുമ്പികൈയില്‍ കുടുങ്ങി പോയിരുന്നു അവള്‍. കണ്ണുകൊണ്ട് കൊത്തിവലിക്കുന്ന ഉദയന്‍ അവളുടെ നീലരാവുകളിലെ സ്വപ്‌നങ്ങള്‍ക്ക് മേലെയാണ് അവള്‍ അനുവദിക്കുന്നതിനും അപ്പുറത്തേക്ക് കടന്നു കയറിയത്. അയാളുടെ ഓരോ ശ്വാസവേഗങ്ങളിലും മുറിയിലെ നീല ബള്‍ബ് മിന്നുന്നതായി ശ്രീജയ്ക്ക് തോന്നി. ഒടുവില്‍ കാഴ്ചയ്ക്ക് ഒരു കുഴപ്പവും ഇല്ലാത്ത അമ്മൂമ്മയുടെ കണ്ണുകള്‍ക്ക് മുന്നില്‍ തികച്ചും ഒരു അശ്ലീലം പോലെ ഉദയന്‍ മലര്‍ന്നു കിടന്നുറങ്ങി.
പലവട്ടം അമ്മൂമ്മ വെള്ളം ചോദിച്ചു പതിവ് രീതിയില്‍ മൂളി. ശ്രീജ കൊടുത്ത വെള്ളമെല്ലാം അവളുറങ്ങിപ്പോയ പുലര്‍ച്ചയില്‍ എപ്പോഴോ കട്ടില്‍കാല് വരെ നനയും വിധം അമ്മൂമ്മയില്‍ നിന്ന് പുറത്തേക്കു പോയി.
പിന്നീട് മരുന്നെടുത്തു കൊടുക്കുമ്പോഴും പുറത്തേക്കു പിടിച്ചുകൊണ്ടു പോകുമ്പോഴുമെല്ലാം തന്റെ കൈ വിറയ്ക്കുന്നതായി ശ്രീജയ്ക്ക് തോന്നി. നീല ബള്‍ബിന്റെ വെളിച്ചത്തില്‍ ഉറങ്ങാതെ കണ്ണും തുറന്ന് കിടക്കുന്ന അമ്മൂമ്മ എല്ലാം കണ്ടുകാണുമല്ലോ. അവരുടെ മുഖത്ത് നോക്കാനാകാതെ അവള്‍ കുഴങ്ങി.
ഇരുള്‍ വീഴുന്ന നേരം ഈറ്റപ്പുല്ല് വകഞ്ഞു മാറ്റി കയറി വരുന്ന കൊമ്പന് മുന്നില്‍ ചെന്ന് പെടാതിരിക്കാന്‍ ഒരു വഴിയുമില്ലെന്ന് ഓര്‍ത്ത് അവളുടെ കാലുകള്‍ തളര്‍ന്നപോലെയായി. അമ്മൂമ്മയുടെ കണ്‍ മുന്നില്‍ ഉദയന്റെ കൈകളില്‍ നിന്ന് പടരുന്ന മണ്ണെണ്ണ മണം ആളിക്കത്തി തന്റെ ഉടലാകെ കരിച്ചു കളയുമെന്ന് അവള്‍ക്കു തോന്നി.
‘ഇതു ശരിയാവില്ല.’ ഉദയന്‍ തീര്‍ത്തു പറഞ്ഞു.
‘അവര്‍ ഉറങ്ങാതെ കിടക്കുന്നതല്ലേ നിന്റെ പ്രശ്‌നം. അത് ഞാന്‍ തീര്‍ത്തു തരാം.’
അന്ന് രാത്രി പരദാഹം പോലെ അമ്മൂമ്മ അടുപ്പിച്ചടുപ്പിച്ച് പലതവണ വെള്ളം ചോദിച്ചു. പതിവില്ലാതെ പാതിരാത്രിക്ക് മുന്നേ അവര്‍ ഉറങ്ങിയതുപോലെ തോന്നി. അമ്മൂമ്മയുടെ മൂളല്‍ പിന്നെ കേട്ടില്ല. പുലര്‍ച്ചെ അരിച്ചെടുത്തതു പോലെ പുറത്തു പോയ മൂത്രം അവരുടെ മുണ്ടാകെ മഞ്ഞനിറമാക്കിയിരുന്നു. രാവിലെ തന്നെ വെള്ളം ചോദിച്ച അവരുടെ വരണ്ട തൊണ്ടയിലേക്ക് താന്‍ ഒഴിച്ചുകൊടുത്തതെല്ലാം ഉദയന്‍ വെള്ളത്തില്‍ വീര്യം കൂട്ടി കലക്കി വച്ച മദ്യമാണ് എന്ന് ശ്രീജ അറിഞ്ഞില്ല. പതിവുകളെല്ലാം തെറ്റിച്ച് അമ്മൂമ്മ ബോധമറ്റുകിടന്നു. വയസായി കിടക്കുന്നവരില്‍ ജീവിതത്തിന്റെ അവസാന മണിക്കൂറുകളിലെ ഉണ്ടാകുന്ന മാറ്റങ്ങള്‍ കണ്ടു തുടങ്ങി.
എന്നും മോളെപ്പോലെയാ എന്നെ കണ്ടതെന്ന് പറഞ്ഞു കരച്ചിലിന്റെ വക്കിലെത്തിയ അമ്മ അച്ഛന്‍ കയറിവരുന്നത് കണ്ട് ഇനീം ഇങ്ങനിട്ടു കഷ്ട്ടപ്പെടുത്താതെ… എന്നത് പറഞ്ഞു തുടങ്ങിയത് പൂര്‍ത്തിയാക്കിയില്ല.
ഉച്ചയോടെ കോടമഞ്ഞിന്റെ തണുപ്പിന് മേലെ സൂര്യ വെളിച്ചത്തിന്റെ നേര്‍ത്ത ചൂട് വീണപ്പോള്‍ ശ്രീജ ചെറിയ ജനല്‍ തുറന്നിട്ടു. കെട്ടിനിന്ന ക്ഷാരഗന്ധം പുറത്തേക്കു പോയി. കിളച്ചിളക്കിയ മണ്ണിന്റെ മണം മുറിയില്‍ വന്നു നിറഞ്ഞു. കട്ടിലില്‍ നനഞ്ഞ ഒരു തുണി പോലെ കിടന്ന അമ്മൂമ്മയുടെ ചെറിയ ശരീരത്തില്‍ നിന്ന് ജീവിത ലഹരിയുടെ കെട്ടുവിട്ടു.
ആ മുറിയിലാകെ നിറഞ്ഞു നിന്ന ഉച്ചവെയിലിന്റെ പകല്‍ വെട്ടം മാറി
ഇളം നീല വെളിച്ചം പകരമെത്തിയതായി ശ്രീജയ്ക്ക് തോന്നി.
അപ്പോള്‍ ഉദയന്‍ ഉമ്മറത്തെ കഴുക്കോലിലും മുറ്റത്തെ കവുങ്ങുകളിലുമായി നീല ടാര്‍പ്പോളിന്‍ ഷീറ്റ് വലിച്ചുകെട്ടാനുള്ള ഒരുക്കത്തിലായിരുന്നു.