സഹകരണബാങ്കുകളുടെ ദിനങ്ങൾ എണ്ണപ്പെടുന്നു

കെ ജി ശിവാനന്ദൻ
Posted on May 23, 2020, 4:20 am

ന്ത്യയുടെ സാമ്പത്തികഘടനയിലും സാമൂഹിക രംഗത്തും അതിശക്തമായ സ്വാധീനമാണ് സഹകരണമേഖലയ്ക്കുള്ളത്. സ്വാതന്ത്യ്രാനന്തരം ഉയർന്നുവന്ന സമ്പദ്‌വ്യവസ്ഥയ്ക്കുള്ളിൽ ബാങ്കിംഗ് രംഗത്തും പുരോഗതി കൈവരിക്കാൻ സഹകരണ പ്രസ്ഥാനത്തിനു കഴിഞ്ഞു. നിരവധി പ്രതിസന്ധികൾ നേരിട്ടുകൊണ്ടാണ് ഈ നേട്ടങ്ങൾ കൈവരിച്ചത്. നവലിബറൽ നയങ്ങളിലൂടെ ശക്തിയാർജ്ജിച്ച കോർപ്പറേറ്റുകൾ സകലയിടങ്ങളും കൈയടക്കിയിരിക്കുകയാണ്. കോർപ്പറേറ്റ് താല്പര്യങ്ങൾക്കനുസരിച്ച് നയങ്ങൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന കേന്ദ്രസർക്കാർ, സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ബാങ്കുകൾക്കുമേൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരികയാണ്. അതിനുതക്ക വിധത്തിൽ നിയമഭേദഗതിക്കൊരുങ്ങുകയാണ് സർക്കാർ. പാർലമെന്റിൽ ബിൽ അവതരിപ്പിച്ചു കഴിഞ്ഞു. നോവൽ കൊറേണ വൈറസ് പടർന്നതുമൂലം ഇരുസഭകളും സമ്മേളന സമയം വെട്ടിച്ചുരുക്കി.

അടുത്ത സമ്മേളനത്തിൽ നിർദ്ദിഷ്ട ഭേദഗതി നിയമമാക്കുമെന്നാണറിയുന്നത്. സഹകരണ ബാങ്കുകളുടെ പ്രവർത്തനം വികസിപ്പിക്കുന്നതിനും മെച്ചപ്പെട്ട മാനേജ്മെന്റിനെ വാർത്തെടുക്കുന്നതിനും ശരിയായ നിയന്ത്രണം ആവശ്യമാണെന്നും അതിലൂടെ നിക്ഷേപകർക്കും വായ്പക്കാർക്കും സുരക്ഷ ഉറപ്പുവരുത്താനാകുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ ലോകസഭയിൽ ബാങ്കിംഗ് റെഗുലേഷൻ (ഭേദഗതി) ബിൽ ‑2020 അവതരിപ്പിച്ചത്. ഈ ബിൽ നിയമമായികഴിഞ്ഞാൽ ആയിരക്കണക്കിനു സഹകരണ ബാങ്കുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാക്കാൻ കഴിയുമെന്നാണ് കേന്ദ്ര സർക്കാർ കണക്ക് കൂട്ടുന്നത്. പതിമൂവായിരത്തോളം സഹകരണ ബാങ്കുകളെയായിരിക്കും ഈ നിയമം ബാധിക്കുക. ബിൽ നിയമമായാൽ രാജ്യത്തെ സഹകരണ ബാങ്കുകളിൽ ആർബിഐയുടെ നിയന്ത്രണം വ്യാപിക്കും.

ദ്വിതല നിയന്ത്രണത്തോടെ പ്രവർത്തിക്കാമെങ്കിലും സഹകരണവകുപ്പിന്റെയും രജിസ്ട്രാറുടെയും പ്രവർത്തനം ഭരണപരമായ ചുമതലയിൽ ഒതുങ്ങും. സാമ്പത്തിക ഇടപാടുകളുടെ പൂർണ്ണമായ ചുമതല ആർബിഐയിൽ നിക്ഷിപ്തമാകും. ബാങ്കിംഗ് റഗുലേഷൻ ആക്ട് ബാധകമാകുന്നതിനാൽ അതിൽ പറയുന്ന നിബന്ധനകൾ പാലിക്കണം. അടച്ചുതീർത്ത മൂലധനവും കരുതൽ ശേഖരങ്ങളും കൂടി എറ്റവും ചുരുങ്ങിയത് എത്ര വേണമെന്നാണ് പ്രധാന നിബന്ധന. വായ്പകൾ നൽകുന്നതിലുള്ള നിയന്ത്രണങ്ങൾ, ബാങ്കിന്റെ കണക്കുപുസ്തകങ്ങൾ പരിശോധിക്കാനുള്ള അധികാരം, ബാങ്കിന് നിർദ്ദേശങ്ങൾ നൽകാനുള്ള അധികാരം, പിഴചുമത്താനുള്ള അധികാരം തുടങ്ങിയവയെല്ലാം ആർബിഐ നിർവഹിക്കും. സഹകരണ ബാങ്കുകളുടെ രജിസ്ട്രേഷൻ, ബൈലോ ഭേദഗതി, ഭരണസമിതി രൂപീകരണം, ഡയറക്ടർമാരെ നീക്കം ചെയ്യൽ എന്നീ ചുമതലകൾ സഹകരണ വകുപ്പിന്റെ പരിധിയിൽ തന്നെ നിൽക്കും. സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്ന മോറോട്ടോറിയം നടപ്പിലാക്കണമെങ്കിൽ ആർബിഐ യുടെ അനുമതിവേണ്ടിവരും.

സഹകരണ ബാങ്കുകളുടെ ഭരണ സമിതിയുടെ ഘടനയിൽ മാറ്റം വരും. ആർബിഐയുടെ ലൈസൻസിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളുടെ ഭരണ സമിതിയിൽ ഇപ്പോൾ രണ്ട് പ്രൊഫഷണൽ ഡയറക്ടർമാരാണ് ഉള്ളത്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടുകൂടി പ്രൊഫഷണൽ ഡയറക്ടർമാരുടെ എണ്ണം മൊത്തം ഭരണ സമിതി അംഗങ്ങളുടെ 51 ശതമാനമെങ്കിലുമാക്കണം, ഭരണസമിതി അംഗങ്ങളായി വരുന്ന പ്രൊഫഷണൽ ഡയറക്ടർമാർ ബാങ്കിന്റെ ‘എ ക്ലാസ്സ്’ അംഗങ്ങളാകണമെന്നില്ല. പുറത്തുനിന്നായാലും നിശ്ചിത യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും തെരഞ്ഞെടുക്കപ്പെട്ടു വരാം. ചെയർമാനായി തെരഞ്ഞെടുക്കപ്പെടുന്ന ആളുടെ യോഗ്യത ആർബിഐയ്ക്കു കൂടി ബോദ്ധ്യപ്പെടണം. അല്ലാത്ത പക്ഷം ആ പദവിയിൽ നിന്ന് ആളെ നീക്കം ചെയ്യാനുള്ള അധികാരം ആർബിഐയ്ക്കാവും. ആർബിഐയുടെ സർവാധികാര പ്രയോഗത്തിനുള്ള ഉപകരണമായി ഭരണസമിതി മാറേണ്ടി വരും. നിലനിൽക്കുന്ന സഹകരണ തത്വങ്ങളുടെ പ്രസക്തി ഇല്ലാതാകും.

സഹകരണബാങ്കുകളിലെ ഓഡിറ്റ് ചെയ്യപ്പെട്ട വാർഷിക കണക്കുകളുടെ പ്രകാശനം ആർബിഐയുടെ മേൽനോട്ടത്തിൽ നടത്തണം. വായ്പ വിതരണം, വായ്പ നിക്ഷേപ അനുപാതം (സിഡി റേഷ്യോ) പാലിക്കണം. ആർബിഐയ്ക്കു കീഴിൽ ബാങ്കായി പ്രവർത്തിക്കുകയാണെങ്കിൽ ഇപ്പോൾ പ്രാഥമിക സഹകരണ ബാങ്കുകളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മാസ നിക്ഷേപപദ്ധതി (എംഡിഎസ്) പോലുള്ള പദ്ധതികൾ നിറുത്തേണ്ടിവരും. കുറിയിടപാടുകളുടെ ഗണത്തിലാണ് എംഡിഎസിനെ ആർബിഐ പെടുത്തിയിരിക്കുന്നത്. ആയതിനാൽ അത് അനുവദനീയമല്ല. അങ്ങിനെ വന്നാൽ വലിയ വരുമാന സോത്രസായിരിക്കും അടഞ്ഞുപോകുക. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ സഹകരണബാങ്കുകൾ ഇതര സംരംഭങ്ങളും അനുബന്ധമായി നടത്തി വരുന്നുണ്ട്. അതൊരു ജനകീയ പ്രവർത്തനം കൂടിയാണ്.

നീതീസ്റ്റോറുകൾ, മെഡിക്കൽസ്റ്റോറുകൾ തുടങ്ങി ബ്യൂട്ടിപാർലറുകൾ വരെ നടത്തുന്ന സഹകരണ ബാങ്കുകൾ ഉണ്ട്. ഹാളുകളും മാളുകളും പണിതുയർത്തി, വരുമാനമുണ്ടാക്കുന്ന സഹകരണ ബാങ്കുകൾ അനവധിയുണ്ട്. ബാങ്കുകളുടെ പ്രവർത്തനം ബാങ്കിംഗ് ബിസിനസ്സിൽ മാത്രം ഒതുങ്ങുമ്പോൾ ഇതെല്ലാം ഇല്ലാതാക്കേണ്ടിവരും. അതുണ്ടാക്കുന്ന പ്രതിസന്ധി എത്ര രൂക്ഷമായിരിക്കും. ലോകസഭയിൽ അവതരിപ്പിക്കപ്പെട്ട ബില്ലിൽ 1956 ലെ കമ്പനി ആക്ട് കൂടി ബാധകമാക്കിയിരിക്കുന്നു. നിലവിൽ വാണിജ്യ ബാങ്കുകൾക്കുമാത്രമാണ് ഈ നിയമം ബാധകം. സഹകരണസ്ഥാപനങ്ങൾക്കുമേൽ ആദായ നികുതി ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി ഇപ്പോൾ തന്നെ വിവാദമാണ്. സഹകരണ നിയമം 80‑പി അനുസരിച്ച് സഹകരണ സ്ഥാപനങ്ങൾക്ക് സുരക്ഷയുണ്ടെന്നും ആദായനികുതി ചുമത്തുവാൻ പാടില്ലെന്നുമാണ് സഹകരണ സ്ഥാപനങ്ങളുടെ വാദം. പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ ആ നിലപാടിന് നിലനില്പില്ലാതെയാകും.

ലാഭത്തിൽ പ്രവർത്തിക്കുന്ന സഹകരണബാങ്കുകൾ നിർബന്ധമായും ആദായ നികുതി അടയ്ക്കേണ്ടിവരും. സഹകരണനിയമമനുസരിച്ച് ഓഹരിതുക നിശ്ചിത കാലയളവ് കഴിഞ്ഞാൽ പിൻവലിക്കാവുന്നതാണ്. കമ്പനി നിയമ പ്രകാരം ഓഹരി കൈമാറ്റവിധേയമാണ്, പിൻവലിക്കാനാവില്ല. സഹകരണനിയമപ്രകാരം ‘ഒരു അംഗത്തിന് ഒരുവോട്ട്’ എന്ന രീതിയിലാണ് വോട്ടവകാശം വിനിയോഗിക്കപ്പെടുന്നത്. കമ്പനി നിയമം അനുശാസിക്കുന്നത് മറിച്ചാണെങ്കിലും ഒരാൾക്ക് ഒരുവോട്ട് എന്നത് കരട് ബില്ലിലും വ്യവസ്ഥ ചെയ്യുന്നുണ്ട്. നിഷ്‌ക്രിയാസ്തി സംബന്ധിച്ച് ആർബിഐയുടെ മാനദണ്ഡമായിരിക്കും സഹകരണ ബാങ്കുകൾ പാലിക്കേണ്ടി വരുന്നത്. ഒരു വായ്പയിൽ തൊണ്ണൂറ് ദിവസമെത്തിയിട്ടും ഗഡുക്കൾ പ്രകാരം അടവ് ഉണ്ടാകുന്നില്ലെങ്കിൽ ആ വായ്പ എൻപിഎ ആകും. അങ്ങിനെ വന്ന വായ്പകളെ എൻപിഎയിൽ നിന്ന് മാറ്റണമെങ്കിൽ ആർബിഐയുടെ പുതിയ സർക്കുലർ പ്രകാരം മുഴുവൻ കുടിശ്ശിക സംഖ്യയും അടച്ചു തീർക്കേണ്ടിവരും.

കോവിഡ് കാലത്ത് വന്നുപെട്ടിട്ടുള്ള പ്രതിസന്ധി പരിഗണിച്ച് വായ്പകൾക്ക് മൂന്ന് മാസത്തേക്ക് മോറോട്ടോറിയം പ്രഖ്യാപിക്കുകയാണിവിടെ. ആയതിനാൽ എൻപിഎ കാലാവധി ആറുമാസമാക്കി നിജപ്പെടുത്തിയിട്ടുണ്ട്. ഇത് താല്ക്കാലിക സംവിധാനം മാത്രമാണെന്ന് ആർബിഐ ഗവർണർ പ്രഖ്യാപിക്കുകയും ചെയ്തു. ലോണുകളെ എൻപിഎ വിമുക്തമാക്കാൻ കഴിയാതെ വന്നാൽ, നിഷ്ക്രിയ ആസ്തികൾക്ക് വേണ്ടത്ര നീക്കിയിരിപ്പുകൾ വച്ചിരിക്കണമെന്നാണ് ആർബിഐയുടെ നിബന്ധന. അങ്ങിനെ വന്നാൽബാങ്ക് നഷ്ടത്തിൽ പോകാൻ സാദ്ധ്യതയുണ്ട്. നഷ്ടത്തിലായ ബാങ്കിനു മേൽ കൂടുതൽ നിയന്ത്രണം ആർബിഐ കൊണ്ടുവരും. ഓഹരിയുടമകൾക്ക് ഡിവിഡന്റ് കൊടുക്കാനുള്ള സാധ്യത പോലും ഇല്ലാതാകും. ബാങ്കുകളുടെ എണ്ണം കുറയ്ക്കുകയെന്നത് കേന്ദ്രസർക്കാരിന്റെ നയമാണ്. 29 പൊതുമേഖല ബാങ്കുകൾ 12 എണ്ണമാക്കി ഇതിനകം ചുരുക്കി കഴിഞ്ഞു. ഈ പ്രവണത സഹകരണ മേഖലയിലും കൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നത്. മെച്ചപ്പെട്ട ബാങ്കിലേക്ക് ക്ഷീണമുള്ള ബാങ്കുകളെ ലയിപ്പിക്കാനാണ് പരിപാടി. അങ്ങനെ ചെയ്യാൻ നിർബന്ധിക്കപ്പെടുമ്പോൾ ലയിക്കാൻ പോകുന്ന ബാങ്കുകളുടെ അനുവാദം പോലും വാങ്ങേണ്ടതില്ലെന്നതാണ് നിർദ്ദിഷ്ട ബില്ലിലെ വ്യവസ്ഥ.

ഇതുൾപ്പെടെ നിരവധി പ്രതിസന്ധികളെ സഹകരണ ബാങ്കുകൾ നേരിടേണ്ടിവരും. പ്രാഥമിക കാർഷികവായ്പ സംഘങ്ങൾ, കാർഷികവികസനം പ്രധാന ഉത്തരവാദിത്തമായിട്ടുള്ള സഹകരണ സംഘങ്ങൾ എന്നിവയെ റിസർവ്വ് ബാങ്കിന്റെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയതായി ബില്ല് അവതരിപ്പിച്ച് കൊണ്ട് ധനമന്ത്രി ലോകസഭയിൽ പ്രസ്താവിക്കുകയുണ്ടായി. അതോടൊപ്പം അത്തരം സംഘങ്ങളെല്ലാം ‘ബാങ്ക്’ എന്ന പേര് ഉപയോഗിക്കാൻ പാടുള്ളതല്ലായെന്നും പറഞ്ഞു. സഹകരണ മേഖലയിൽ കാലോചിതമായ മാറ്റം അനിവാര്യമാണെന്ന് പ്രസംഗിച്ച അവർ, പഞ്ചാബ് ആന്റ് മഹാരാഷ്ട്ര ബാങ്കിലേതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പുതിയ ഭേദഗതിയിലൂടെ സാധിക്കുമെന്ന് അവകാശപ്പെട്ടു. എന്നാൽ സ്വകാര്യബാങ്കായ ‘യെസ്’ ബാങ്കിലുണ്ടായ പ്രതിസന്ധിയെ മൂടിവയ്ക്കുകയും ചെയ്തു. 2002 ലെ ബഹുസംസ്ഥാന സഹകരണ നിയമമാണ് പിഎംസി പോലുള്ള മൾട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്ക് ബാധകമായിട്ടുള്ളത്. അതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മേൽപറഞ്ഞ നിയമത്തിൽ ഭേദഗതിക്കൊണ്ടുവന്നാൽ മതിയാകും. പഞ്ചായത്ത്, വില്ലേജ് തലത്തിൽ പ്രവർത്തിക്കുന്ന പ്രാഥമിക സഹകരണ ബാങ്കുകളെ ആർബിഐയ്ക്ക് കീഴിൽ കൊണ്ടുവരേണ്ട കാര്യമില്ല. അങ്ങനെ ചെയ്യുന്നതിനു പിന്നിൽ മറ്റുചില ഉദ്ദേശ്യങ്ങളാണ് കേന്ദ്രസർക്കാരിനുള്ളത്.