Saturday
19 Oct 2019

അഴിമതിയുടെയും അരാജകത്വത്തിന്റെയും ‘അച്ഛാ ദിന്‍’

By: Web Desk | Wednesday 30 May 2018 10:39 PM IST


narendra modi

വി ദത്തന്‍

ഭരണം കൈയ്യില്‍ കിട്ടിയാല്‍ നല്ല നാളുകള്‍ കൊണ്ടു വരുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലേറിയ മോഡി ഭരണകൂടം കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ രാജ്യത്തിനു സമ്മാനിച്ചത് അഴിമതിയുടെയും അരാജകത്വത്തിന്റെയും ജനാധിപത്യ ധ്വംസനത്തിന്റെയും വര്‍ഗ്ഗീയ കലാപങ്ങളുടെയും ദുര്‍ദ്ദിനങ്ങളാണ്.

അധികാരത്തില്‍ വന്ന നാള്‍ മുതല്‍ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാനും ഭരണഘടനയെ ധിക്കരിക്കാനും ഭരണഘടനാ സ്ഥാപനങ്ങളെ വരുതിക്കു നിര്‍ത്താനുമുള്ള കുതന്ത്രങ്ങളില്‍ മുഴുകുകയാണ് മോദിസര്‍ക്കാര്‍. ന്യൂനപക്ഷ വിദ്വേഷവും ദളിത് വിരോധവും രാജ്യമെമ്പാടും പടര്‍ത്തുവാനും വേണ്ടതെല്ലാം ചെയ്തു. അപ്പോഴും അഴിമതിയില്‍ നിന്നും മുക്തമാണ് തങ്ങളെന്ന പ്രതീതി സൃഷ്ടിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു.എന്നാല്‍ ഭരണത്തിന്റെ നാലുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ മുന്‍ യുപിഎ സര്‍ക്കാരിനെയും കടത്തിവെട്ടുന്ന അഴിമതിയുടെ ഹിമാലയത്തിലാണ് മോഡിയും കൂട്ടരും എത്തി നില്‍ക്കുന്നതെന്ന് വ്യക്തമാകുന്നു.

ബിജെപി അഖിലേന്ത്യാ അദ്ധ്യക്ഷന്റെയും മകന്റെയും വരുമാനം യഥാക്രമം 300 ഉം 16000 ഉം മടങ്ങായി വര്‍ദ്ധിച്ചതില്‍ നിന്നുതന്നെ അഴിമതിയുടെ വ്യാപ്തി തെളിയുന്നുണ്ട്.
നോട്ട് നിരോധിച്ചതും ,പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റു തുലച്ചതും പൊതു സ്ഥാപനങ്ങളുടെ ഓഹരികള്‍ സ്വന്തക്കാര്‍ക്ക് തരപ്പെടുത്തിക്കൊടുത്തതും കോര്‍പ്പറേറ്റുകളുടെ വായ്പകള്‍ എഴുതിത്തള്ളിയതും അവര്‍ക്ക് നികുതി ഇളവു ചെയ്തുകൊടുത്തതും ഓയില്‍ കമ്പനികള്‍ക്ക് പെട്രോള്‍,സീസല്‍ വിലകൂട്ടാന്‍ സര്‍വ്വ സ്വാതന്ത്ര്യവും നല്കിയതും അഴിമതി നടത്താനായിരുന്നു എന്ന് നിമിഷംപ്രതി വെളിപ്പെട്ടു കൊണ്ടിരിക്കയാണ്.അതീവ രഹസ്യമായിട്ടാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്നായിരുന്നു മോഡിയും വൈതാളികന്മാരും പറഞ്ഞു പരത്തിയത്.പക്ഷേ ഏതാനും നാള്‍ കഴിഞ്ഞപ്പോള്‍ കള്ളി വെളിച്ചത്തായി.മോഡിക്കും ബിജെപിക്കും വേണ്ടപ്പെട്ടവരെല്ലാം യഥസമയം അറിഞ്ഞിരുന്നു.ബാങ്കുകളെ കബളിപ്പിച്ചു രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോഡി നോട്ടു നിരോധന പ്രഖ്യാപനം വരുന്നതിന്റെ തലേ ദിവസം 50 കോടി രൂപ ബാങ്കില്‍ നിക്ഷേപിച്ചെന്ന വിവരം പുറത്ത് വന്നത് അടുത്തകാലത്താണ്.ബിജെപിയുടെ പല സംസ്ഥാനഘടകങ്ങളും കോടിക്കണക്കിനു പഴയ നോട്ടുകള്‍ ഇതേപോലെ മാറ്റിയ കഥകള്‍ ഇതിനകം പരസ്യമായിക്കഴിഞ്ഞു.വേണ്ടത്ര തയ്യാറെടുപ്പില്ലാതെ നോട്ടസാധുവാക്കിയതു മൂലം ആവശ്യത്തിനു പുതിയ നോട്ടുകള്‍ കിട്ടാതെ ജനങ്ങള്‍ നെട്ടോട്ടമോടിയപ്പോള്‍ കര്‍ണ്ണാടകത്തിലെ ഒരു ബിജെപി മന്ത്രിയുടെ മകളുടെ വിവാഹം 500 കോടി മുടക്കി ആര്‍ഭാടപൂര്‍വമാണ് നടത്തിയത്.തനിക്ക് ആവശ്യാനുസരണം നോട്ട് ലഭിച്ചിരുന്നു എന്ന് ഈ നേതാവ് പറഞ്ഞത് അന്ന് വലിയ വാര്‍ത്തയായിരുന്നു.ഇതൊക്കെ മോഡി ഭരണകൂടം കണ്ടെത്തിയ അഴിമതിയുടെ പുതിയ വഴികളാണ്.

വന്‍കിട മുതലാളിമാര്‍ ബാങ്കുകളില്‍ നിന്നും പൊതു മേഖലാ സ്ഥാപനങ്ങളില്‍ നിന്നും എടുത്ത 2.4 ലക്ഷം കോടി രൂപയുടെ വായ്പ കിട്ടാക്കടമായി എഴുതിത്തള്ളിയതിന്റെ പിന്നിലും അഴിമതിയുണ്ട്.ഇതേ മാതിരി നേരത്തെ കോര്‍പറേറ്റുകള്‍ വായ്പ തിരിച്ചടയ്ക്കാതിരുന്നതു മൂലം ബാങ്കുകള്‍ തകരുന്ന അവസ്ഥയില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് യഥാര്‍ത്ഥത്തില്‍ നോട്ട് നിരോധിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.അന്ന് ബാങ്ക് നിക്ഷേപം പിന്‍വലിക്കുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തിയത് അതിനുവേണ്ടി ആയിരുന്നു.കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാനാണ് നോട്ട് അസാധുവാക്കുന്നതെന്ന് ആദ്യം പറഞ്ഞ മോഡി ഡിജിറ്റലൈസേഷനിലേക്ക് രാജ്യത്തെ നയിക്കാന്‍ വേണ്ടിയാണെന്ന് പിന്നീട് മാറ്റിപ്പറഞ്ഞത് ഈ അഴിമതി മൂടിവയ്ക്കാനായിരുന്നു.എത്ര കള്ളപ്പണവും കള്ളനോട്ടും പിടിച്ചെന്നു സര്‍ക്കാരോ റിസര്‍വ് ബാങ്കോ ഇന്നേവരെ വെളിപ്പെടുത്തിയിട്ടില്ല. പെട്രോള്‍,ഡീസല്‍ തുടങ്ങിയവയുടെ വില തോന്നുംപോലെ കൂട്ടുന്നതിനു ഓയില്‍ കമ്പനികള്‍ക്ക് സംപൂര്‍ണാധികാരം കൊടുത്തതിന്റെ പിന്നിലും അഴിമതിയാണ് ഉള്ളത്.

വന്‍കിട കമ്പനികളുടെ നികുതി 30 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി മോഡി സര്‍ക്കാര്‍ കുറച്ചു കൊടുത്തു.മുന്ദ്ര തുറമുഖ പദ്ധതിയിലെ പരിസ്ഥിതി ലംഘനത്തിന്റെ പേരില്‍ അദാനി ഗ്രൂപ്പിന് 2013 ല്‍ യുപിഎ സര്‍ക്കാര്‍ ചുമത്തിയ 200കോടി രൂപയുടെ പിഴ മോഡി സര്‍ക്കാര്‍ റദ്ദാക്കി. ഇതൊക്കെ മോക്ഷം കിട്ടാന്‍ ചെയ്തു കൊടുത്ത സൗജന്യമായി കരുതുവാന്‍ പ്രയാസമാണ്.ഇത്തരത്തില്‍ വസൂലാക്കിയ കോഴകള്‍ സംഭാവനയാക്കി മാറ്റാന്‍ വേണ്ടതെല്ലാം ബിജെപി സര്‍ക്കാര്‍ ചെയ്തു.അങ്ങനെ സ്വീകരിച്ച അനധികൃത പണം നിയമവിധേയമാക്കുന്നതിനാവശ്യമായ ഭേദഗതി ഈ വര്‍ഷത്തെ ധന ബില്ലില്‍ അരുണ്‍ ജയ്റ്റ്‌ലി കൊണ്ടുവന്നു പാസ്സാക്കുകയുണ്ടായി.2010 ലെ വിദേശ സംഭാവന നിയന്ത്രണ നിയമത്തിലാണ് ഭേദഗതി വരുത്തിയത്.ലണ്ടനിലെ ‘വേദാന്ത’, എന്ന ബഹുരാഷ്ട്ര കമ്പനിയില്‍ നിന്ന് കൈപ്പറ്റിയ വന്‍ തുക നിയമവിധേയമാക്കാന്‍ ഇത് വഴി ബിജെപിക്കായി.(ഈ കമ്പനിയുടെ തൂത്തുക്കുടിയിലുള്ള അനുബന്ധ സ്ഥാപനമാണ് സ്റ്റാര്‍ ലൈറ്റ്. അതിനെതിരെ സമരം ചെയ്തവരില്‍ 13 പേരെ പോലീസ് വെടിവച്ചു കൊന്നിട്ട് മോഡി ഇന്നേവരെ ഒരക്ഷരം ഉരിയാടാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കേണ്ടല്ലോ.)

ഈ വിധം കൈക്കലാക്കിയ വന്‍ തുകകള്‍ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരെ സ്വാധീനിക്കുവാനും എമ്മെല്ലെമാരെ ചാക്കിട്ടു പിടിക്കാനും സാമുദായിക കലാപങ്ങള്‍ ആസൂത്രണം ചെയ്യാനും മറ്റുമാണ് വിനിയോഗിച്ചത്.അതീവ രഹസ്യമായി നടത്തിയിരുന്ന ഈ കുതിരക്കച്ചവടങ്ങള്‍ ,കര്‍ണ്ണാടകത്തില്‍ മറനീക്കി പുറത്തുവന്നു.ക്ലീന്‍ ഇമേജുമായി ഭരണം തുടങ്ങിയ നരേന്ദ്ര മോഡിയിലെ അഴിമതിക്കാരന്റെയും അസഹിഷ്ണുവിന്റെയും അപക്വമതിയുടെയും നുണയന്റെയും യഥാര്‍ത്ഥ മുഖം ഇതോടെ വെളിവായി.

വിവാദ വിഷയങ്ങളും ഗുരുതരമായ പ്രശ്‌നങ്ങളും രാജ്യത്ത് കത്തി നില്‍ക്കുകയാണെങ്കില്‍, പാര്‍ലമെന്റ് സമ്മേളിക്കുന്ന നാളുകളില്‍ പോലും മോഡി സഭയില്‍ ഹാജരാകില്ല.അഥവാ സന്നിഹിതനാണെങ്കില്‍ തന്നെ വായ് തുറക്കുകയില്ല.നോട്ട് നിരോധനത്തിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക അരക്ഷിതാവസ്ഥയെ കുറിച്ച് പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ഒന്നടങ്കം മുറവിളികൂട്ടിയിട്ടും പാര്‍ലമെന്റില്‍ പ്രതികരിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. പകരം പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പ്രതിപക്ഷം തന്നെ അനുവദിക്കുന്നില്ല എന്ന് വെളിയില്‍ പറഞ്ഞുനടന്നു.തെലുങ്ക് ദേശം പാര്‍ട്ടി കൊണ്ടുവന്ന അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ പോലും സമ്മതിക്കാതെ പാര്‍ലമെന്റിനെയും ജനാധിപത്യ സംവിധാനത്തെയും അവഹേളിച്ച ചരിത്രവും മോഡിക്കും ബിജെപിക്കുമുള്ളതാണ്.ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംസ്ഥാനങ്ങളില്‍ ഭരണം പിടിച്ചെടുത്തത് ഭരണഘടനയുടെ നഗ്‌നമായ ലംഘനമാണ്.മണിപ്പൂരിലും ഗോവയിലും വിജയിച്ച ഈ കുതന്ത്രം കര്‍ണ്ണാടകത്തില്‍ പാളിപ്പോയി.ബിജെപിയുടെയും മോഡിയുടെയും അഴിമതിയും ഭരണഘടനാ ലംഘനവും ജനാധിപത്യ ധ്വംസനവും ഒരുമിച്ച് കാണാന്‍ കര്‍ണ്ണാടക തെരഞ്ഞെടുപ്പും അനുബന്ധ സംഭവങ്ങളും നിരീക്ഷിച്ചാല്‍ മതിയാകും.

കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് നിരവധിപേരാണ് വര്‍ഗ്ഗീയ സംഘട്ടനങ്ങളിലും ഗോവധവുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളിലും കൊല്ലപ്പെട്ടിട്ടുള്ളത്.സാമൂഹിക വിരുദ്ധന്മാരുടെയും ഹിന്ദു തീവ്ര വാദികളുടേയും അഴിഞ്ഞാട്ടമാണ് രാജ്യത്തെമ്പാടും നടക്കുന്നത്.ഗുജറാത്തില്‍ അനുവര്‍ത്തിച്ച അതേ തന്ത്രമാണ് മോഡി ഇപ്പോഴും പയറ്റിക്കൊണ്ടിരിക്കുന്നത്-മൗനാനുവാദവും രഹസ്യ പ്രോത്സാഹനവും. ജുഡീഷ്യറിയെ സ്വാധീനിച്ചു കൊടും കുറ്റവാളികളായ സംഘപരിവാര്‍, ബിജെപി കുറ്റവാളികളെ രക്ഷപ്പെടുത്തുകയും കുറ്റ വിമുക്തരാക്കുകയും ചെയ്യുക പതിവാക്കി.മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ മന്ത്രിയും അമിത് ഷായുടെയും മോഡിയുടെയും വിശ്വസ്തയുമായിരുന്ന, കുപ്രസിദ്ധമായ നരോദ പാട്യ കൂട്ടക്കൊലക്കേസ്സില്‍ കുറ്റവാളിയാണെന്ന് തെളിഞ്ഞതിന്റെ പേരില്‍ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന മായാ കോട്‌നാനിയെ കോടതി കുറ്റ വിമുക്തയാക്കിയത് അടുത്ത കാലത്താണ്. മാലേഗാവ് സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവിലായിരുന്ന സാധ്വി പ്രജ്ഞാസിംഗ് ഉള്‍പ്പെടെയുള്ള കൊടും കുറ്റവാളികളും മോചിപ്പിക്കപ്പെട്ടു.
അമിത് ഷായോടു കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ട ജസ്റ്റിസ് ലോയ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളിക്കൊണ്ട്, ഇന്ത്യയിലെ ഒരു കോടതിയും ഈ കേസ് പരിഗണിക്കരുതെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്.

ഇന്ത്യയില്‍ നടത്തപ്പെടുന്ന മത്സരപ്പരീക്ഷകളില്‍ ഏറ്റവും വിശ്വാസ്യമായി കരുതപ്പെടുന്നതാണ് യുപിഎസ്‌സി യുടെ സിവില്‍ സര്‍വ്വീസ് പരീക്ഷ.അതില്‍ കിട്ടുന്ന റാങ്കിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ ഐഎഎസ്, ഐപിഎസ് കാരെ പോസ്റ്റ് ചെയ്തിരുന്നത്.എന്നാല്‍ ഇനിമേല്‍ ട്രയിനിംഗ് സമയത്ത് നടത്തുന്ന ഫൗണ്ടേഷന്‍ കോഴ്‌സിനു കിട്ടുന്ന മാര്‍ക്ക് കൂടി പരിഗണിച്ച് റാങ്ക് പുനര്‍ നിര്‍ണ്ണയിച്ചേ പോസ്റ്റിങ് പാടുള്ളൂ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് തിട്ടൂരം ഇറക്കിയിരിക്കയാണ്.ഒരു സ്വയംഭരണ സ്ഥാപനമായ യുപിഎസ്‌സിയെ സര്‍ക്കാര്‍ വകുപ്പാക്കാനും മത്സര പരീക്ഷയുടെ വിശ്വാസ്യത നശിപ്പിക്കുവാനുമേ ഇതുപകരിക്കൂ.

നോട്ട് നിരോധിച്ചതുമൂലം രണ്ടേകാല്‍ ലക്ഷം കമ്പനികള്‍ അടച്ചു പൂട്ടി.ഇന്ത്യന്‍ സമ്പദ് ഘടനയുടെ നട്ടെല്ല് തകര്‍ത്തു. ജിഎസ്ടി ഏര്‍പ്പെടുത്തിയതുകൊണ്ടു അത്രയുമോ അതിലധികമോ ചെറുകിട കച്ചവടക്കാര്‍ വഴിയാധാരമായി. ഗോമാംസം കൈവശം വച്ചെന്നും പശുവിനെ വിറ്റെന്നും ആരോപിച്ച് നിരവധി ന്യൂനപക്ഷ സമുദായക്കാരെ സംഘികളും മറ്റു തീവ്രവാദികളും ചേര്‍ന്ന് കൊന്നൊടുക്കി. ദളിതരെ ഉന്മൂലനം ചെയ്യുന്നതിനും അവര്‍ മുതിര്‍ന്നു.സ്ത്രീകളും കുഞ്ഞുങ്ങളും തെരുവില്‍ ബലാല്‍ക്കാരത്തിനു വിധേയരാക്കപ്പെടുന്നു. ആ സംഭവങ്ങളില്‍ പലതിന്റെയും പിന്നില്‍ ബിജെപി മന്ത്രിമാരും എംപി മാരും എംഎല്‍എ മാരുമാണ്. മോഡിഭരണം നാല് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഇങ്ങനെ വര്‍ഗ്ഗീയ ഭ്രാന്തിന്റെയും കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും സാമ്പത്തിക അരക്ഷിതാവസ്ഥയുടെയും ദുരിതക്കൊടുമുടിയിലാണ് ഭാരതം എത്തി നില്‍ക്കുന്നത്.