16 April 2024, Tuesday

Related news

April 16, 2024
April 15, 2024
April 15, 2024
April 15, 2024
April 14, 2024
April 12, 2024
April 11, 2024
April 10, 2024
April 9, 2024
April 9, 2024

ഡിസിസി അധ്യക്ഷന്‍; സുധാകരനെതിരെ ഗ്രൂപ്പുകളുടെ ഐക്യം

സ്വന്തം ലേഖകന്‍
കോഴിക്കോട്
August 12, 2021 8:20 pm

എ, ഐ ഗ്രൂപ്പുകളെ വെട്ടി തന്റെ നോമിനിയെ കോഴിക്കോട് ഡിസിസി അധ്യക്ഷനാക്കാനുള്ള കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നീക്കത്തിന് തടയിടാൻ ജില്ലയിലെ ഇരു ഗ്രൂപ്പുകളും ഒന്നിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുൻപായിരുന്നു ഇപ്പോഴത്തെ അധ്യക്ഷനായ യു രാജീവിനെ അധ്യക്ഷനായി നിയമിച്ചത്. കോഴിക്കോട് ഡിസിസി അധ്യക്ഷൻ ടി സിദ്ദിഖ് കെപിസിസി വൈസ് പ്രസിഡന്റ് ആയ സാഹചര്യത്തിലായിരുന്നു എ ഗ്രൂപ്പ് അംഗമായ രാജീവനെ അധ്യക്ഷനാക്കിയത്. ഇവിടെ വർഷങ്ങളായി എ ഗ്രൂപ്പാണ് പ്രസിഡന്റ് സ്ഥാനം കൈവശംവെയ്ക്കുന്നത്. കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായതോടെ 14 ജില്ലകളിലേയും അധ്യക്ഷൻമാരെ മാറ്റുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇവിടേയും പുതിയ ഒരാളെ അധ്യക്ഷനായി നിയമിക്കേണ്ടിവരും. ഇതോടെയാണ് ഗ്രൂപ്പുകള്‍ ചരടുവലി ശക്തമാക്കിയത്.

ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻമാരുടെ പ്രഖ്യാപനം ഓണത്തിന് മുൻപ് തന്നെ പൂർത്തിയാക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം. എന്നാല്‍ എല്ലാ ജില്ലാ കമ്മിറ്റികളില്‍ നിന്നും ഗ്രൂപ്പുകളുടെ നോമിനികളായി നിരവധി പേരുകളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. മുതിര്‍ന്ന നേതാക്കളുടെ ആശിര്‍വാദത്തോടെയാണ് ഇത്തരം പേരുകളിലധികവും നേതൃത്വത്തിന്റെ പരിഗണനയ്ക്കായി അയച്ചിട്ടുള്ളത്. ഇതിനിടെയാണ് ജില്ലാ അധ്യക്ഷന്‍മാരെ ഗ്രൂപ്പിനതീതമായി നിശ്ചയിക്കുമെന്ന തരത്തില്‍ കെ സുധാകരന്റെ പ്രഖ്യാപനം വന്നത്. മുതിർന്ന നേതാക്കളുമായും എംഎൽഎമാരുമായും കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ചർച്ച നടത്തിയിരുന്നെങ്കിലും സമവായത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല.

അതേസമയം കോഴിക്കോട് ജില്ലയിലുള്‍പ്പെടെ ഗ്രൂപ്പ് തന്ത്രങ്ങൾക്ക് തടയിടാൻ മുന്‍ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരന്‍ എംപിയും കെ സുധാകരന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കോഴിക്കോട് ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക് കെപിസിസി സെക്രട്ടറി ബാലകൃഷ്ണ കിടാവിന്റെ പേരാണ് എ ഗ്രൂപ്പ് മുന്നോട്ട് വെച്ചിട്ടുള്ളത്. എന്നാൽ ഇതിനെതിരെ എ ഗ്രൂപ്പിൽ തന്നെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. ബാലുശേരിയിൽ ധർമജ്ജൻ ബോൾഗാട്ടിയുടെ പരാജയവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ ബാലകൃഷ്ണന് തിരിച്ചടിയാവുകയാണ്.

ഐ ഗ്രൂപ്പിൽ നിന്നും കെപിസിസി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യന്റെ പേരിനാണ് മുൻതൂക്കം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സുബ്രഹ്മണ്യനെ പിന്തുണയ്ക്കുന്നു. എന്നാല്‍ തന്റെ വിശ്വസ്തൻ കൂടിയായ കെ ജയന്തിന്റെ പേരാണ് കെ സുധാകരന്‍ മുന്നോട്ട് വെയ്ക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറി കെ പ്രവീൺകുമാറിനെ ഡിസിസി അധ്യക്ഷനാക്കണമെന്നാണ് കെ മുരളീധരന്റെ നിര്‍ദ്ദേശം. എം കെ രാഘവന്‍ എംപിയും ഇതിനെ പിന്തുണയ്ക്കുന്നു. എന്നാൽ കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി സിദ്ധിഖ്, മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.

കെപിസിസി അധ്യക്ഷനും കെ മുരളീധരനും മുന്നോട്ട് വെയ്ക്കുന്ന പേരുകൾ അംഗീകരിക്കേണ്ടതില്ലെന്നാണ് ഇരു ഗ്രൂപ്പുകളും തീരുമാനിച്ചിട്ടുള്ളത്. അതിനായി രണ്ടു ഗ്രൂപ്പുകളും ചേര്‍ന്ന് ഒരു പേര് മുന്നോട്ട് വെയ്തക്കണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നുവന്നിട്ടുണ്ട്. എ പി അനിൽകുമാർ, പി എം നിയാസ് എന്നിവരിലൊരാളുടെ പേര് പരിഗണിക്കാനാണ് നീക്കം. ഇത് തടയാന്‍ വേണ്ടിവന്നാല്‍ ഹൈക്കമാന്റിനെ സമീപിക്കാനാണ് കെ മുരളീധരന്റെ തിരുമാനമെന്നും റിപ്പോര്‍ട്ടുണ്ട്. നിലവിൽ 14 ജില്ലകളിലെ ഡിസിസി അധ്യക്ഷന്‍മാരി 9 ഐ ഗ്രൂപ്പിനും 5 എ ഗ്രൂപ്പിനുമാണ്. ഇപ്പോള്‍ തയ്യാറാക്കിയ ലിസ്റ്റില്‍ എല്ലാ ജില്ലകളിലും ഒന്നിലധികം നേതാക്കളുടെ പേരുകളുണ്ട്.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.