പുളിക്കല്‍ സനില്‍രാഘവന്‍

July 07, 2021, 1:16 pm

ഡിസിസി അധ്യക്ഷന്മാര്‍; യുവാക്കള്‍ തഴയപ്പെടുന്നു, ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന

Janayugom Online

കേരളത്തിൽ കെപിസിസി, ഡിസിസി പുനഃസംഘടനാ നടപടികൾ ഉടൻ. ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഡല്‍ഹിയില്‍ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രീയ കാര്യസമിതിയിൽ കൈക്കൊണ്ട തിരുമാനങ്ങൾ സുധാകരൻ രാഹുലിന് കൈമാറി. അരമണിക്കൂറോളം നീണ്ട നിന്ന ചർച്ചയിൽ നിരവധി കാര്യങ്ങൾ ചർച്ചയായി. സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യങ്ങളിൽ പലതിനും രാഹുൽ പച്ചക്കൊടി കാണിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാല്‍ ‍ഡിസിസി അദ്ധ്യക്ഷന്‍മാരായി യുവാക്കളെ കൊണ്ടുവരണമെന്ന രാഹുലിന്‍റെ ആവശ്യത്തോട് സുധാകരന് താല്‍പര്യമില്ല. കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് നേരത്തെ മുതല്‍ ഈ അഭിപ്രായത്തോട് ഒട്ടും താല‍പര്യമില്ല. പ്രതിപക്ഷനേതാവായി വി ഡി സതീശനേയും, കെപിസിസി പ്രസിഡന്‍റായി കെ.സുധാകരനെയും വര്‍ക്കിംഗ് പ്രസിഡന്‍റുമാരായി കൊടിക്കുന്നില്‍ , പി ടിതോമസ്, ടി.സിദ്ദിഖ് എന്നിവരെ നിയമിച്ചതില്‍ കേരളത്തിലെ ഗ്രൂപ്പുകള്‍ക്ക് വലിയ അമര്‍ഷമാണ് നിലനിന്നത്.

ഇത്തരമൊരു സാഹചര്യത്തില്‍ ഗ്രൂപ്പിനെതിരെ രംഗത്തു വന്ന സുധാകരനും അവസാനം ഗ്രൂപ്പിനെ അംഗീകരിക്കേണ്ട സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും പുനഃസംഘടനയും സംബന്ധിച്ച് തിരുവനന്തപുരത്ത് ചേർന്ന രാഷ്ട്രീയ കാര്യ സമിതിയിൽ കൈക്കൊണ്ട തിരുമാനങ്ങളാണ് സുധാകരൻ രാഹുലിന് മുന്നിൽ വിശദമാക്കിയത്. കഴിവിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണം ഭാരവാഹി തെരഞ്ഞെടുപ്പെന്ന നിർദ്ദേശമാണ് സുധാകരൻ മുന്നോട്ട് വെച്ചത്. കെപിസിസി ഭാരവാഹികളുടെ എണ്ണം 51 ആക്കി നിജപ്പെടുത്തണമെന്ന ആവശ്യവും അവതരിപ്പിച്ചു. ഇത് രാഹുൽ അംഗീകരിച്ചു.മൂന്ന്
വൈസ് പ്രസിഡന്റുമാർ, 15 ജനറൽ സെക്രട്ടറിമാർ, ഒരു ട്രഷറർ, ബാക്കി സെക്രട്ടറിമാർ എന്നീ രീതിയിലായിരിക്കും
കെപിസിസി ഘടന.

ഡിസിസി തലത്തിലും സമഗ്രമായ അഴിച്ചു പണി നടത്തണമെന്ന ആവശ്യവും വ്യക്തമാക്കിയിട്ടുണ്ട്. 14 ജില്ലാ അധ്യക്ഷൻമാരേയും മാറ്റണമെന്നതാണ് നിർദ്ദേശം. ജില്ലാ നേതൃത്വങ്ങൾ നിർജീവമായതാണ് തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ ആക്കം കൂട്ടിയതെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ഡിസിസിയിൽ സമഗ്ര അഴിച്ചു പണിയെന്ന ആവശ്യം മുന്നോട്ട് വെച്ചത്. അതേസമയം ഡിസിസി അധ്യക്ഷൻമാരുടെ കാര്യത്തിൽ പ്രായപരിധി മാനദണ്ഡമാക്കേണ്ടതില്ലെന്നാണ് സുധാകരൻ വ്യക്തമാക്കിയത്. 73 വയസുള്ള തന്നെ കെപിസിസി അധ്യക്ഷനാക്കിയത് കഴിവിന്റെ അടിസ്ഥാനത്തിലാണെന്നും അതുകൊണ്ട് തന്നെ പ്രായപരിധി ഉയർത്തി മുതിർന്ന നേതാക്കളെ മാറ്റി നിർത്താൻ പാടില്ലെന്നും സുധാകരൻ അറിയിച്ചു. നേരത്തേ 60 വയസ് കഴിഞ്ഞ വരെ ഡിസിസി അധ്യക്ഷരാക്കരുതെന്ന് രാഹുൽ ഗാന്ധി നിർദ്ദേശിച്ചിരുന്നു. 

എന്നാൽ അത്തരമൊരു തീരുമാനം യാതൊരു തരത്തിലും ഗുണം ചെയ്തില്ലെന്നിരിക്കെ പ്രായപരിധി നിശ്ചയിക്കേണ്ടെന്നാണ് സുധാകരൻ ചൂണ്ടിക്കാട്ടിയത്. ഇതോടെ 60 വയസിന് മുകളിൽ ഉള്ളവരേയും ഡിസിസി അധ്യക്ഷൻമാരായി നിയമിക്കും. ഇരട്ടപദവി അംഗീകരിക്കേണ്ടെന്നാണ് കൂടിക്കാഴ്ചയിൽ തിരുമാനം കൈക്കൊണ്ടത്. ജനപ്രതിനിധികൾ ജനങ്ങളുടെ കാര്യങ്ങളിൽ ഇടപെടട്ടേയെന്നും മറ്റ് നേതാക്കൾ സംഘടന കാര്യങ്ങളിൽ പ്രവർത്തിക്കട്ടെയെന്നുമായിരുന്നു നേരത്തേ കോൺഗ്രസിലെ രീതി. എന്നാൽ ഇത് എല്ലാ സമയത്തും പാലിക്കപ്പെട്ടിരുന്നില്ല. പുതിയ കെപിസിസി അധ്യക്ഷനും വർക്കിംഗ് പ്രസിഡന്റുമാരും എംപിമാരും എംഎൽഎമാരുമാണ്.എന്നാൽ ഡിസിസി അധ്യക്ഷൻ എന്നത് മുഴുവൻ സമയ പദവി ആയതിനാൽ ജനപ്രതിനിധികളെ നിയമിക്കുന്നത് ഗുണകരമാകില്ലെന്നാണ് സുധാകരൻ വ്യക്തമാക്കിയത്. അതേസമയം പ്രായപരിധി എന്ന മാനദണ്ഡം ഒഴിവാക്കിയാൽ യുവാക്കൾ പൂർണമായി അവഗണിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് രാഹുൽ ഗാന്ധിയുടെ നിർദ്ദേശം. യുവ നേതാക്കൾക്കായി ഇതിനോടകം തന്നെ പാർട്ടിയിൽ ആവശ്യം ഉയരുന്നുണ്ട്. പ്രായപരിധി നിശ്ചയിക്കാതിരുന്നാൽ ഗ്രൂപ്പ് നേതാക്കളുടെ ഇടപെടലിലൂടെ മുതിർന്ന നേതാക്കളിൽ പലരും അധ്യക്ഷ പദവി തട്ടിയെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. 

അതേസമയം ഡിസിസകൾക്ക് കീഴിൽ അയൽക്കൂട്ട ഗ്രൂപ്പുകൾ തുടങ്ങണമെന്ന നിർദ്ദേശം കൂടിക്കാഴ്ചയിൽ രാഹുൽ അംഗീകരിച്ചു. കൂടാതെ രാഷ്ട്രീയ വിദ്യാലയം തുടങ്ങാനുള്ള നിർദ്ദേശത്തിനും രാഹുൽ അനുമതി നൽകിയിട്ടുണ്ട്. രാഷ്ട്രീയ പഠനത്തിന്റെ അഭാവം പാർട്ടിയെ ബാധിക്കുന്നുവെന്ന് കണക്കിലെടുത്താണ് ഇത്തരമൊരു തിരുമാനം. രാഷ്ട്രീയ സ്കൂളുകളുടെ തുടർ ചർച്ചൾക്ക് എഐസിസി നേതാവ് സച്ചിൻ റാവുവിനേയും രാഹുൽ നിർദ്ദേശിച്ചു. അതേസമയം യുഡിഎഫ് കൺവീനർ നിയമനം വൈകിയേക്കുമെന്നാണ് സൂചനകൾ. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ തിടുക്കപ്പെട്ട് നിയമനം വേണ്ടതില്ലെന്നാണ് ഹൈക്കമാന്റ് നിർദ്ദേശിച്ചതെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ കെ മുരളീധരന്റെ പേരാണ് പ്രധാനമായും കൺവീനർ സ്ഥാനത്തേക്ക് പറഞ്ഞ് കേൾക്കുന്നത്. മുതിർന്ന നേതാവായ ഉമ്മൻചാണ്ടി മുരളീധരനെ പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ എ വിഭാഗത്തിൽ നിന്നുള്ള മറ്റ് നേതാക്കൾക്ക് ഈ നിർദ്ദേശത്തോട് താത്പര്യമില്ല.

മുരളീധരന്റെ വരവ് മറ്റൊരു അധികാര കേന്ദ്രം സൃഷ്ടിക്കുമെന്നാണ് ഇവരുടെ വാദം.പകരം തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പേരാണ് ഉയർത്തിക്കാട്ടുന്നത്. ഇല്ലേങ്കിൽ എംഎൽഎ പിസി വിഷ്ണുനാഥിന്റെ പേരും പരിഗണിക്കമെന്ന ആവശ്യം ഉണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് വരെ എംഎം ഹസൻ തന്നെ കൺവീനറാകട്ടെ എന്നും പാർട്ടിയിൽ നിർദ്ദേശം ഉണ്ട്. മുറളീധരന്‍റെ വരവിനെ പലര്‍ക്കും താല്‍പര്യമില്ലാത്ത സ്ഥിയാണ് ഉള്ളത്.14 ജില്ലകളിലും പുതിയ ഡി.സി.സി അദ്ധ്യക്ഷ പാനലുകളിലേക്ക് മൂന്നും നാലും പേരുകളാണുയരുന്നത്. വി.എസ്. ശിവകുമാര്‍, പാലോട് രവി, ആര്‍. ചന്ദ്രശേഖരന്‍, കെ. ശിവദാസന്‍ നായര്‍, പഴകുളം മധു, ഇ.എം. അഗസ്തി, കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കന്‍, അനില്‍ അക്കരെ, പത്മജ വേണുഗോപാല്‍, ടി.യു. രാധാകൃഷ്ണന്‍, കെ.പി. അനില്‍കുമാര്‍, സജീവ് മാറോളി, എ.എ. ഷുക്കൂര്‍, ഷാനിമോള്‍ ഉസ്മാന്‍, ആര്യാടന്‍ ഷൗക്കത്ത്, എ.വി. ഗോപിനാഥ്, സി.വി. ബാലചന്ദ്രന്‍, നീലകണ്ഠന്‍, ഖാദര്‍മാങ്ങാട്, ബാലകൃഷ്ണന്‍ പെരിയ തുടങ്ങി കേട്ടു തഴമ്പിച്ച പേരുകളെല്ലാം വിവിധ ജില്ലകളിലേക്ക് തല്പരകക്ഷികള്‍ പ്രചരിപ്പിക്കുന്നുണ്ട്.

ENGLISH SUMMARY:DCC pres­i­dents; Young peo­ple are Rejected
You may also like this video