ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകൻ ജിജേഷിന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ട ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനെയും മുൻ ഡിസിസി ട്രഷറര്‍ കെ കെ ഗോപിനാഥനെയും ഇന്നലെ ചോദ്യം ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ ബത്തേരി ഡിവൈഎസ്‌പി കെ കെ അബ്ദുൾ ഷെരീഫ് മുമ്പാകെയാണ് ഇരുവരും ചോദ്യം ചെയ്യലിനായി ഹാജരായത്.
രാവിലെ പത്ത് മുതൽ വൈകിട്ട് നാല് വരെയായിരുന്നു ചോദ്യം ചെയ്യൽ. കേസിൽ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണൻ എംഎല്‍എ നിയമസഭ നടക്കുന്നതിനാൽ 23 മുതൽ 25 വരെ അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകും.
വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാപ്രേരണാ കുറ്റത്തിന് പ്രതി ചേർക്കപ്പെട്ട മൂന്നുപേർക്കും കഴിഞ്ഞ ദിവസമാണ് ജില്ലാ സെഷൻസ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അന്വേഷണത്തോട് പൂർണമായും സഹകരിക്കണമെന്ന ഉപാധിയോടെയായിരുന്നു ജാമ്യം. ഇതുപ്രകാരമാണ് ഇരുവരും ഇന്നലെ രാവിലെ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ചോദ്യം ചെയ്യലിനായി എത്തിയത്. ജാമ്യം അനുവദിക്കപ്പെട്ടങ്കിലും സാങ്കേതികമായ അറസ്റ്റ് രേഖപ്പെടുത്തലടക്കമുള്ള നടപടിക്രമങ്ങളുണ്ട്.
ആദ്യം എൻ ഡി അപ്പച്ചനെയും പിന്നീട് ഗോപിനാഥനെയുമാണ് ചോദ്യം ചെയ്തത്. ഉച്ചക്ക് രണ്ട് മണിയോട് കൂടി ഗോപിനാഥനെയും കൊണ്ട് അന്വേഷണ സംഘം അദേഹത്തിന്റെ കോട്ടക്കുന്നിലെ ശാന്തിനഗർ ഹൗസിങ് കോളനിയിലെത്തിയാണ് പരിശോധന നടത്തിയത്. രണ്ട് മണിക്കൂറോളം പരിശോധന നീണ്ടുനിന്നു. കേസിന് ഗുണകരമാകുന്ന രേഖകൾ പരിശോധനയിൽ കണ്ടെത്തിയതായാണ് അന്വേഷണ സംഘം നൽകുന്ന സൂചന. അപ്പച്ചനും ഗോപിനാഥനും ഇന്നും നാളെയും അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകണം.
കേസുമായി ബന്ധപ്പെട്ട് ആവശ്യമെങ്കിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനില്‍ നിന്നും മൊഴിയെടുക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു.
ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ പ്രവീൺ കുമാർ ഉൾപ്പെടെയുള്ള സംയുക്ത ടീമിലെ അഞ്ചംഗ സംഘമാണ് കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് എഡിജിപിയുടെ കീഴിൽ വയനാട് ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിലാണ് പ്രത്യേക അന്വേഷണം മുന്നോട്ടുപോകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.