ബക്കറ്റിലാക്കി ഉപേക്ഷിച്ച നിലയിൽ ഗർഭസ്ഥശിശുവിന്റെ മൃതദേഹം: ഗർഭഛിദ്രം നടത്തിയവരുടെ വിശദാംശം തേടി പൊലീസ്

Web Desk

കൊച്ചി

Posted on February 04, 2020, 4:37 pm

പേരണ്ടൂര്‍ കനാലില്‍ ബക്കറ്റിലാക്കി ഉപേക്ഷിച്ച നിലയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍  ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ നടപടി സ്വീകരിച്ച് പൊലീസ്. അടുത്തിടെ ഗര്‍ഭഛിദ്രം ചെയ്തവരുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനാവശ്യപ്പെട്ട് എളമക്കര പൊലീസ് ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് നോട്ടിസ് നല്‍കി.എറണാകുളം പുതുക്കലവട്ടത്ത് ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തിയത് 20 ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ മൃതദേഹമാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പേരണ്ടൂർ കനാലിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം ബക്കറ്റിലാക്കി ഒഴുകി നടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തിയ ബക്കറ്റിനൊപ്പം 2020 ജനുവരി 30 എന്നെഴുതിയ സ്ലിപ്പും കണ്ടെത്തി. അടുത്ത ദിവസങ്ങളിൽ ഗർഭഛിദ്രം നടത്തിയവരുടെ വിശദാംശങ്ങൾ നൽകണമെന്ന് പോലീസ് സർക്കാർ ആശുപത്രികൾക്കും സ്വകാര്യ ആശുപത്രികൾക്കും നിർദേശം നൽകി. നിയമവിധേയമായി ഗർഭഛിദ്രം നടത്തിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഡിഎന്‍എ സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഇന്നു ലഭിക്കും. മൃതദേഹം കോര്‍പറേഷന്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

Eng­lish Sum­ma­ry: dead body of infant found in buck­et

You may also like this video