ലോക്ഡൗൺ കാലത്തെ നിയന്ത്രണങ്ങൾ മുതലെടുത്ത് മറ്റുസംസ്ഥാനങ്ങളിൽ നിന്നും രോഗം ബാധിച്ചതും ചത്തതുമായ പക്ഷി മൃഗാദികളെ വൻതോതിൽ കേരളത്തിലേക്കെത്തിക്കുന്നു. ആടുമാടുകളെ കയറ്റിയ ലോറികൾ പൊതുമേഖല സ്ഥാപനമായ മീറ്റ് പ്രൊഡക്ടസ് ഓഫ് ഇന്ത്യ(എംപിഐ)യുടെ സ്റ്റിക്കർവച്ച് തിരുവനന്തപുരത്ത് കളയിക്കാവിളയിലൂടെയും അമരവിളയിലൂടെയും കടന്നുപോകുന്നതായി എംപിഐ മാനേജിംഗ് ഡയറക്ടർ ഡോ. എ എസ് ബിജുലാലിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നൽകിയ നിർദ്ദേശപ്രകാരം ചെക്ക്പോസ്റ്റുകളിൽ നടന്ന പരിശോധനയിലാണ് അനധികൃത മാർഗ്ഗങ്ങളിലൂടെ ചത്തതും രോഗം ബാധിച്ചതുമായ മൃഗങ്ങളെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്കെത്തിക്കുന്നതായി കണ്ടെത്തിയത്. പഞ്ചായത്ത്-മുനിസിപ്പാലിറ്റികൾ‑കോർപറേഷനുകൾ എന്നിവിടങ്ങളിലെ അംഗീകൃത അറവ് ശാലകൾ ലോക്ഡൗൺ മൂലം അടച്ചിട്ടിരിക്കുന്ന സാഹചര്യം മുതലെടുത്താണ് അനധികൃത കാലിക്കടത്ത്. വെറ്ററിനറി ഡോക്ടർ പരിശോധിച്ച് രോഗമില്ല എന്നും ഭക്ഷ്യയോഗ്യമാണ് എന്നും സർട്ടിഫൈ ചെയ്യുന്ന മൃഗങ്ങളെ മാത്രമെ അറക്കാൻ പാടുള്ളൂ എന്നാണ് നിയമം. അറവ്ശാലകളെ സംബന്ധിച്ചുള്ള പഞ്ചായത്തീരാജ് നിയമത്തിലെ വ്യവസ്ഥകൾ കാറ്റിൽ പറത്തിയാണ് ലോക്ഡൗൺ മുതലെടുത്ത് തമിഴ്‌നാട്, ആന്ധ്ര, കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്നും പ്രധാനമായും ഉരുക്കൾ എത്തുന്നത്. പൊലീസും ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരും ജാഗരൂകരായതോടെ മറ്റ് വഴികളിലൂടെയാണ് അനധികൃത മൃഗ കടത്തും കശാപ്പും നടക്കുന്നത്. ഇപ്രകാരം തമിഴ്‌നാട്ടിൽ നിന്നും എത്തിയ പന്നികളെ കയറ്റിയ ലോറി പിറവത്ത് നഗരസഭ അധികൃതർ പിടികൂടിയിരുന്നു. കോട്ടയം ജില്ലയിലെ വടക്ക്-കിഴക്കൻ പ്രദേശത്തും വാഹനങ്ങളിൽ അനധികൃതമായി മാടുകളെ എത്തിച്ചതായി വിവരം ലഭിച്ചു. രോഗബാധിതമായ മൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്നതിലൂടെ രോഗങ്ങൾ പടരാനുള്ള സാധ്യത കൂടുതലാണെന്നതിനാൽ പൊതുജനങ്ങൾ ഇക്കാര്യത്തിൽ ജാഗ്രതകാണിക്കണമെന്ന് എംപിഐ ചെയര്‍മാൻ അഡ്വ. ടി ആർ രമേശ്കുമാര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.