വിദേശത്ത് മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടില്‍ എത്തിക്കും

Web Desk
Posted on June 20, 2019, 10:56 pm

തിരുവനന്തപുരം: വിദേശത്ത് മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടില്‍ എത്തിക്കുന്നതിന് വിവിധ വിമാന കമ്പനികളുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനകമ്പനികള്‍ പൂര്‍ണമായ സൗജന്യം അനുവദിക്കില്ല. ഇക്കാര്യത്തില്‍ അവരുടെ ഇളവ് ലഭിക്കുമോ എന്നതാണ് പരിശോധിക്കുന്നത്. വീണാജോര്‍ജ്, കെവി അബ്ദുള്‍ഖാദര്‍, പിടിഎ റഹീം എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ നിന്നുള്ള വിദേശയാത്രക്കാരുടെ കൃത്യമായ കണക്ക് വ്യോമയാന മന്ത്രാലയത്തെ ബോധ്യപ്പെടുത്തി ഉത്സവകാലത്തെ വിമാനകൂലിയില്‍ കുറവ് വരുത്തുന്നതിന് വേണ്ട ഇടപെടലുകള്‍ നടത്തും.
തിരുവനന്തപുരം വിമാനത്താവളം സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്ന് പ്രധാനമന്ത്രിയെ കണ്ട് നിവേദനം നല്‍കിയിട്ടുണ്ട്.അദ്ദേഹത്തില്‍നിന്നുള്ള പ്രതികരണം മോശമല്ല. ശുഭപ്രതീക്ഷയോടെ അല്‍പനാള്‍ കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്തെ ജയിലുകളില്‍ കഴിയുന്ന നിരപരാധികളായ മലയാളികള്‍ക്ക് നോര്‍ക്ക വഴി നിയമസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. യുഎഇയില്‍ ഇതിന്റെ നടപടികള്‍ ആരംഭിച്ചു. മറ്റ് സ്ഥലങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും.
നോര്‍ക്ക റൂട്ട്‌സ് അംഗീകൃത ഏജന്‍സിയായ ശേഷം 2015 മുതല്‍ 1050 നഴ്‌സുമാര്‍ ഉള്‍പ്പെടെ 1283 പേരെ വിദേശത്തേക്ക് ജോലിക്ക് അയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒഡൈപെക് മുഖേന പ്രതിവര്‍ഷം 400 ഓളം പേരെ വിദേശത്ത് അയക്കുന്നുണ്ട്. സജി ചെറിയാന്‍, എന്‍ ഷംസുദ്ദീന്‍, പി ഉബൈദുള്ള, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

YOU MAY LIKE THIS VIDEO