യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പൊലീത്ത

ഉള്‍ക്കാഴ്ച

July 28, 2021, 5:26 am

മരിച്ചതോ കൊന്നതോ…?

Janayugom Online

2021 ജൂലെെ ആറാം തീയതിയിലെ പ്രമുഖ ദിനപത്രങ്ങളെല്ലാം മുൻപേജിൽ നൽകിയ വാർത്തയുടെ തലക്കെട്ട് ശ്രദ്ധേയമായിരുന്നു. ഒന്നിൽ ‘മരിച്ചു’ എന്നും മറ്റൊന്നിൽ ‘ജീവനെടുത്തു’ എന്നും ഇനി ഒന്നിൽ ‘രക്തസാക്ഷ്യം’ എന്നുമായിരുന്നു. ഒറ്റവാക്കിൽ ഒതുക്കാൻ പറ്റാത്തവിധം അർത്ഥതലങ്ങളുള്ള ഒരു സംഭവത്തെക്കുറിച്ചുള്ള, മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിൽ തലേന്ന് ജീവിതം അവസാനിച്ച സ്റ്റാൻ സ്വാമി എന്നറിയപ്പെടുന്ന സ്റ്റാൻസ്ലാവോസ് ലൂർദ്ദ് സ്വാമിയെക്കുറിച്ചുള്ള വാർത്തയായിരുന്നു അത്. ഭരണകൂട ഭീകരതക്കിരയായ അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ടിരുന്നത് ദേശവിരുദ്ധ പ്രവർത്തനം, ഭീകരവാദം തുടങ്ങിയ ആരോപണങ്ങളാണ് എന്നത് ഈ സംഭവത്തിലെ വൈരുദ്ധ്യം. ആശുപത്രിയിലായിരുന്നു എങ്കിലും കഴിഞ്ഞ അഞ്ചാറു വർഷങ്ങളായി മനുഷ്യാവകാശ ധ്വംസനത്തിന് കുപ്രസിദ്ധി നേടിയ എൻഐഎ എന്ന ദേശീയ അന്വേഷണ ഏജൻസിയുടെ തടവുകാരനായിരുന്നു ഈ ക്രിസ്ത്യൻ ജസ്യൂട്ട് പുരോഹിതൻ. 1967 ലെ നിയമവിരുദ്ധ പ്രവർത്തനനിരോധന നിയമമനുസരിച്ചാണ് അദ്ദേഹം 2020 ഒക്ടോബർ എട്ടാം തീയതി തടവിലാക്കപ്പെടുന്നത്. അദ്ദേഹത്തിൽ ആരോപിക്കപ്പെട്ട കുറ്റം പൂനയിലെ ശനിവാർ വാടയിൽ 2017 ഡിസംബർ 31 ന് എൽഗാർ പരിഷത്ത് എന്ന പേരിൽ നടത്തിയ ദളിത് സംഗമം പിറ്റേന്ന് ഭീമാ കൊറേഗാവിൽ നടന്ന കലാപത്തിന് കാരണമായി എന്നും ഈ കലാപത്തിന് കമ്മ്യൂണിസ്റ്റ് ലെനിനിസ്റ്റ് ഗ്രൂപ്പുകൾക്ക് പങ്കുണ്ടായിരുന്നു എന്നും അതിനായി ഇദ്ദേഹം ഉൾപ്പെടെ അനേകർ പ്രചോദനം നൽകി എന്നതുമാണ്.

വിവിധ ആദിവാസി-ദളിത് സംഘടനകൾ സംയുക്തമായി നടത്തിയ ഈ സംഗമം ഇരുന്നൂറ് വർഷങ്ങൾക്ക് മുൻപ് നടന്ന ഭീമാ കൊറേഗാവ് യുദ്ധവിജയത്തിന്റെ വാർഷികാചരണമായിരുന്നു. ഈ യുദ്ധമാകട്ടെ 1818 ജനുവരി ഒന്നാം തീയതി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും മറാട്ട സംയുക്ത ഭരണത്തിന്റെ പെഷ്വാ ബജിരാവോ സൈന്യവും തമ്മിലുള്ളതായിരുന്നു. ബ്രിട്ടീഷ് ഭാഗത്ത് ദളിത് വിഭാഗമായ മഹർ സമുദായവും ചേർന്നിരുന്നു. തീവ്ര ജാതിവിഭാഗീയതയും തീണ്ടലും പാർശ്വവൽക്കരണവും നടപ്പാക്കിയിരുന്ന മറാട്ട ഭരണത്തിനെതിരെ ദളിതർ പ്രതികരിച്ച രീതിയായിരുന്നു ബ്രിട്ടീഷുകാർക്ക് ലഭിച്ച സഹായം, യുദ്ധത്തിൽ ബ്രിട്ടീഷുകാർക്കുണ്ടായ വിജയം തങ്ങളുടെ സ്വാഭിമാനത്തിനു ലഭിച്ച വിജയമായിട്ടാണ് ദളിതർ കണക്കാക്കിയത്. 1927 ജനുവരി ഒന്നിന് ബി ആർ അംബേദ്കർ ഭീമാ കൊറേഗാവ് സന്ദർശിക്കുകയും വാർഷികാചരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയുണ്ടായി.

2018ലെ വാർഷികാചരണത്തിന് 35000ല്‍ അധികം പേരാണ് സംബന്ധിച്ചത്. ഇവരല്ല കലഹത്തിന് കാരണം എന്നതിന് ഈ സംഖ്യ തന്നെയാണ് പ്രധാന തെളിവ്. ഇവർ വിചാരിച്ചിരുന്നെങ്കിൽ പൂനെ പട്ടണം മുഴുവൻ അസ്വസ്ഥബാധിതമാക്കാൻ കഴിയുമായിരുന്നു. എന്നാൽ വിവാദമായ കലഹത്തിൽ ഒരാൾ മരിക്കുകയും ഏതാനും പേർക്ക് പരിക്ക് പറ്റുകയുമേ ഉണ്ടായിട്ടുള്ളൂ. ആചരണത്തിന് മുന്നോടിയായി തലേന്ന് ഏതാണ്ട് 250 വിഭാഗങ്ങൾ ഒന്നിച്ച് ചേർന്ന് എല്‍ഗാർ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ഒരു ആലോചനാ യോഗം നടത്തിയിരുന്നു. ഇതിൽ വിരമിച്ച ജഡ്ജിമാരായ ബി ജി കോൾട്ടെ പാട്ടീൽ, പി ബി സാവന്ത് എന്നിവരും ഗുജറാത്ത് നിയമസഭാംഗം ജിഗ്നേഷ് മേവാനിയും ഉണ്ടായിരുന്നു. ഈ സമ്മേളനത്തെ ഹൈ­­ന്ദവ സമൂഹങ്ങൾ സംശയത്തോടെയാണ് വീക്ഷിച്ചത്. എൽഗാർ പരിഷത്ത് നടത്തിയ റാലിയിൽ സംബന്ധിച്ച നൂറ് കണക്കിനാളുകൾ ‘തങ്ങൾ ഒരിക്കലും ജാതിവെറിപൂണ്ടവർക്ക് വോട്ട് ചെയ്യില്ല’ എന്ന് പ്രതിജ്ഞ എടുത്തിരുന്നു. പതിവിൻപടി ജനുവരി ഒന്ന് ആചരണം എത്രയും സമാധാനപരമായിട്ടാണ് തുടങ്ങിയത്. പിറ്റേന്നത്തെ വാർത്താമാധ്യമങ്ങളെല്ലാം കലഹത്തിന്റെ ആരംഭമായി ചൂണ്ടിക്കാട്ടിയത് ദളിത് ജാഥക്ക് നേരെ ഒരുസംഘം നടത്തിയ കല്ലേറാണ്. തീവ്രഹിന്ദുത്വ വാദികളാണ് പ്രശ്നമുണ്ടാക്കിയത് എന്ന് എല്ലാ റിപ്പോർട്ടുകളും സാക്ഷ്യം പറഞ്ഞു.

സംഭവത്തിന്റെ പിറ്റേന്ന് തന്നെ, 2018 ജനുവരി രണ്ടിന്, ജാതിവെറിക്കെതിരെയുള്ള പോരാട്ടം നടത്തിയിരുന്നയാളും സംഭവത്തിന്റെ ദൃക്‌സാക്ഷിയുമായ അനിത സവാലെ, സമസ്ത ഹിന്ദു അനാദി പ്രസിഡന്റ് മിലിന്ദ് എക്ബോത്തേക്കും ശിവപ്രതിഷ്ഠാൻ ഹിന്ദുസ്ഥാൻ നേതാവ് സംഭാജി ഭിദെക്കും എതിരെ ഇവരാണ് കലഹത്തിന്റെ സൂത്രധാരകർ എന്നറിയിച്ച് പരാതി നൽകുകയും പൊലീസ് ഐപിസിയും ഷെഡ്യൂൾഡ് കാസ്റ്റ് ആന്റ് ഷെഡ്യൂൾഡ് ട്രെെബ്സ് പ്രിവെൻഷൻ ഓഫ് അട്രോസിറ്റീസ് ആക്ടും അനുസരിച്ച് ഒരു പ്രഥമവിവര റിപ്പോർട്ട് തയാറാക്കുകയും ചെയ്തിരുന്നു. പൊലീസ് എക്ബോത്തയെ അറസ്റ്റ് ചെയ്തു എങ്കിലും മാസങ്ങൾക്കകം അയാൾ ജാമ്യത്തിലിറങ്ങി. ഭിദെ ഒരിക്കലും ചോദ്യം ചെയ്യപ്പെടുകപോലും ഉണ്ടായില്ല. അക്രമകാരികൾ ഈ രണ്ട് പേരുകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. ഭീദെ പ്രവർത്തിച്ചിരുന്ന സാംഗ്ലിയിൽ അന്വേഷിച്ചുചെന്ന പൊലീസിന്റെ കുറ്റാന്വേഷണ വിഭാഗം അയാളുടെ സെക്രട്ടറി നിതിൻ ചൗളയുമായി സംസാരിച്ചതിൽ “ഗുരുജി” എന്ന് വിളിക്കപ്പെടുന്ന ഭിദെ സംസ്ഥാന മന്ത്രിയുമായുള്ള ചർച്ചകൾക്ക് പോയിരിക്കുകയാണ് എന്ന വിവരം അറിഞ്ഞ് തിരികെ പോരുകയായിരുന്നു. ഈ കേസിൽ തുടർനടപടി ഒന്നുമുണ്ടാകാതെ ഫയൽ ഡിജിപിയുടെ ഓഫീസിൽ വിശ്രമിക്കുകയാണ്.

ജനുവരി എട്ടിന് തുഷാർ ദാംഗുദെ എന്നൊരാൾ എൽഗാർ പരിഷത്തിനെതിരെ പൊലീസിൽ പരാതി നൽകി. മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയും കബീർ കലാമഞ്ചും ചേർന്ന് നടത്തിയ റാലിയിൽ പ്രകോപനപരമായ ഗാനങ്ങളും നാടകവും, പ്രസംഗങ്ങളും പടർത്തിയ വിദ്വേഷാന്തരീക്ഷമാണ് ഭീമാ കൊറേഗാവ് പ്രശ്നത്തിന് കാരണം എന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം. നഗര മാവോയിസ്റ്റുകൾ എന്നാരോപിച്ച് പൊലീസും എൻഐഎയും പതിനാറ് പേരെ ഈ പരാതിയിൽ അറസ്റ്റ് ചെയ്യുകയുണ്ടായി. 2018 നവംബർ 15 -ാം തീയതി മാത്രമാണ് വിഷയത്തിൽ മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ബന്ധം ചേർത്ത് കേസ് വിപുലപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയെപ്പോലും വകവരുത്താൻ ഇവർ ശ്രമിക്കുന്നു എന്നായിരുന്നു ആരോപണം. 2018 ഏപ്രിൽ 17-ാം തീയതി എട്ട് സാമൂഹിക പ്രവർത്തകരുടെ വീടുകൾ പൊലീസ് റെയ്ഡ് ചെയ്യുകയും ചിലരുടെ കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കുകയും അവർക്കെതിരെ യുഎപിഎ ചുമത്തുകയും ചെയ്തു. അവരിൽ അഞ്ചുപേരെ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം വീട്ടുതടങ്കലിൽ ആക്കി. സ്റ്റാൻ സ്വാമിയും യുഎപിഎ കേസിൽ പ്രതിയാക്കപ്പെട്ടു.

2019 അവസാനം മഹാരാഷ്ട്രയിൽ പുതിയൊരു ബിജെപി ഇതര സർക്കാർ അധികാരത്തിൽ വന്നു. ഈ രാഷ്ട്രീയമാറ്റം സംസ്ഥാന പൊലീസിന്റെ പരിധിയിൽ നിന്നും എൻഐഎയുടെ പൂർണ നിയന്ത്രണത്തിൽ കേസ് എത്തിക്കുകയാണുണ്ടായത്; വറചട്ടിയിൽ നിന്നും എരിതീയിലേക്ക് എന്നപോലെ പുതിയ ഭരണകക്ഷിയും ഇതിനെ അനുകൂലിക്കുകയായിരുന്നു. 2020 ജനുവരി 24 ന് കേസിന്റെ നടത്തിപ്പ് പൂനയിൽ നിന്നും മുംബെെയിലേക്ക് മാറ്റി. ഇതിനിടയിൽ സ്വാമിയുടെയും മറ്റും കമ്പ്യൂട്ടറുകളിലേക്ക് അവർക്കെതിരെ ഉപയോഗിക്കാൻ പറ്റുന്ന വിവരങ്ങൾ പുറത്തുനിന്നും കൃത്രിമമായി തിരുകിക്കയറ്റുകയും ചെയ്തിരുന്നു.

2020 ജൂലൈ 25-ാം തീയതി സ്വാമിയെ അദ്ദേഹത്തിന്റെ റാഞ്ചിയിലെ വീട്ടിൽവച്ച് പതിനഞ്ച് മണിക്കൂറാണ് എൻഐഎ ചോദ്യം ചെയ്തത്. തുടർന്ന് മുംബെെയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടു. കോവിഡ് സാഹചര്യവും തന്റെ രോഗാവസ്ഥയും വാർധക്യവുംമൂലം ദൂരയാത്ര സുരക്ഷിതമായിരിക്കില്ല എന്നറിയിച്ച അദ്ദേഹത്തെ ഒക്ടോബർ എട്ടാം തീയതി റാഞ്ചിയിലെ വീട്ടിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്ത് മുംബെെയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിലാക്കി. തുടർന്നുനടന്ന കാര്യങ്ങളൊക്കെ മാധ്യമങ്ങൾ പൊതുജന മധ്യത്തിൽ വിശദമാക്കിയിട്ടുള്ളതാണ്. ആശുപത്രി വാസം തുടരുന്നതിനിടെ അദ്ദേഹത്തിന്റെ ആവർത്തിച്ചുള്ള ജാമ്യാപേക്ഷ തീയതി മാറ്റി മാറ്റി അവസാന വാദത്തിനെത്തിയപ്പോൾ സമർപ്പിച്ചത് ഈ ലോകത്തിൽ നിന്നും അതിന്റെ നീതിരഹിത വ്യവസ്ഥയിൽനിന്നുമുള്ള സ്ഥിര ജാമ്യത്തിന്റെ റിപ്പോർട്ടായിരുന്നു. ഈ വിവരം കോടതിയെ അറിയിച്ചപ്പോൾ കോടതി അതീവ ദുഃഖവും നടുക്കവും രേഖപ്പെടുത്തിപോലും! എന്നാൽ കോടതി അദ്ദേഹത്തെക്കുറിച്ച് പറഞ്ഞ നല്ലകാര്യങ്ങൾ എൻഐഎയുടെ അപേക്ഷപ്രകാരം പിന്നീട് പിൻവലിച്ചു എന്നും വാർത്തയുണ്ട്. ഇതിനിടയിൽ ശ്രദ്ധിക്കപ്പെടാതെപോയ കാര്യം 2018 ജനുവരി ഒന്നിന് നടന്ന അക്രമത്തിന്റെ യഥാർത്ഥ പ്രതികളായ സംഭാജി ഭിരെയും മിലിൻഡ് എക്സ്ബോത്തെയും സുരക്ഷിതരും സ്വതന്ത്രരും ആയി കഴിയുന്നു എന്നതാണ്. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിന് കോടതിയിൽ എൻഐഎ നൽകിയ കാരണങ്ങളിൽ ഒന്നിൽപോലും ഭീമാ കൊറേഗാവ് സംഭവവുമായി അദ്ദേഹത്തിന് ബന്ധമുണ്ട് എന്ന് പറയുന്നില്ല. മറിച്ച് അദ്ദേഹം നക്സലൈറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഖാവാണ്, ആ പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവും പങ്കാളിയുമാണ് എന്നൊക്കെയാണ് ആരോപണം. ഈ പാർട്ടിക്ക് 2018 ലെ സംഭവവുമായി എന്ത് ബന്ധമാണുണ്ടായിരുന്നത് എന്നതും കുറ്റാരോപണ രേഖയിൽ പറയുന്നില്ല.

നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജന്‍സി എന്ന അന്വേഷണ വിഭാഗത്തെ ഏറെ സംശയത്തോടും ഏറെ തമാശയോടും കൂടിയേ വിലയിരുത്താൻ പറ്റു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് പോയവാരം നടന്ന സംഭവം, മണിപ്പൂരിലെ ബിജെപി അധ്യക്ഷന്റെ മരണത്തിനുപിന്നാലെ ഗോമൂത്രവും ചാണകവും കോവിഡിൽ നിന്നും മുക്തി നൽകില്ല എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട മണിപ്പൂരി സാമൂഹികപ്രവർത്തകൻ എറന്ത്രോ ലിച്ചോംബാമിനെ ജയിലിലാക്കാനും എൻഐഎ ഉപയോഗിച്ചത് ദേശീയ സുരക്ഷാ നിയമമാണ്. പിന്നീട് സുപ്രീം കോടതി വേണ്ടിവന്നു ഈ മനുഷ്യന്റെ രക്ഷയ്ക്ക്. അപ്പോഴും ഹർജി പരിഗണിക്കുന്നത് മാറ്റിവയ്ക്കണം എന്നാണ് കേന്ദ്രസർക്കാർ അപേക്ഷിച്ചത്. എത്ര ജുഗുപ്സാവഹമായിട്ടാണ് സംഘപരിവാറിന്റെ അജണ്ടകൾക്ക് കുടപിടിക്കുന്ന വകുപ്പായി എൻഐഎ തീരുന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടക്ക് 320 കേസുകളാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി എൻഐഎ രജിസ്റ്റർ ചെയ്തത്. അതിൽ ഒന്നാണ് ഇപ്പോഴും സജീവമായി നിൽക്കുന്ന ലക്ഷദ്വീപിലെ അയിഷാ സുൽത്താനക്കെതിരെയുള്ള കേസ്. കേരളാ ഹൈക്കോടതി രക്ഷയ്ക്കെത്തിയിരുന്നില്ല എങ്കിൽ അവർ ഇപ്പോൾ തടവിൽ കിടന്ന് നരകിക്കുമായിരുന്നു. ഇതിൽ ആറെണ്ണം മാത്രമേ തെളിയിക്കുവാൻ എൻഐഎക്ക് കഴിഞ്ഞുള്ളു എന്നത് ഈ കേസുകളുടെ ലക്ഷ്യത്തെ വ്യക്തമാക്കുന്നുണ്ട്. കുറ്റമാരോപിക്കുക, മരിക്കുന്നതുവരെയോ ശബ്ദിക്കാൻ കഴിയാതാകുന്നതുവരെയോ തടവിലിടുക, അതിലൂടെ സാവകാശം മനുഷ്യാവകാശങ്ങൾക്കും പൗരാവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടങ്ങളെയും പോരാട്ടക്കാരെയും ഇല്ലാതാക്കുക. സത്യത്തിൽ ആരാണ് ദേശവിരുദ്ധർ എന്നത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തോടുള്ള സമീപനത്തിൽ തെളിയിക്കപ്പെട്ട ചരിത്രസാക്ഷ്യമാണ്.

സ്റ്റാൻ സ്വാമി ബംഗളുരുവിലുള്ള കാലത്താണ് അവരുടെ സ്ഥാപനത്തിന്റെ തൊട്ടയൽപക്കത്തുള്ള സെമിനാരിയിൽ ഞാൻ ആറ് വർഷം (1977–1984) പഠിച്ചത്. ഇക്കാലത്ത് പലവട്ടം ഞാൻ അവരുടെ സ്ഥാപനം സന്ദർശിക്കുകയും സെമിനാറുകളിൽ പങ്കെടുക്കുകയും, പ്രസിദ്ധീകരണങ്ങൾ വായിക്കുകയും പ്രവർത്തകരുമായി സംവദിക്കുകയും ചെയ്തിട്ടുണ്ട്. ഒരിക്കൽപ്പോലും ഇവർ ഒരു വിധ്വംസക സംഘമാണെന്നെനിക്ക് ബോധ്യപ്പെട്ടിട്ടില്ല. സ്റ്റാൻ സ്വാമിയെയും അതുപോലെ പീഡിതർക്കുവേണ്ടി ശബ്ദമുയർത്തുന്നവരെയും തടവിലാക്കുന്നതിന്റെ ലക്ഷ്യം ഒന്നുമാത്രം എന്നാണെന്റെ വിലയിരുത്തൽ. ആദിവാസി, ഗോത്രവർഗം, ദളിതർ, തൊട്ടും തീണ്ടിയും കൂടാത്തവർ, ഇവരൊന്നും ഇല്ലാത്ത സവർണഹിന്ദുത്വ രാജ്യം സ്ഥാപിക്കുമ്പോൾ ഈ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് വേണ്ടി വാദിക്കുന്നവരും ഇല്ലാതാകണം. ഇതുകൊണ്ടാണ് ഒരുകാലത്ത് നരേന്ദ്രമോഡിയുടെ ആരാധികയായിരുന്നിട്ട് പിന്നീട് കടുത്ത വിമർശകയായിത്തീർന്ന തൽവീൻ സിങ് എന്ന പ്രമുഖ മാധ്യമപ്രവർത്തക തന്റെ “മിശിഹാ മോഡി: ഏ റ്റെയിൽ ഓഫ് ഗെയ്റ്റ് എക്സ്റ്റേഷൻസ്’ എന്ന ഗ്രന്ഥത്തിൽ മോഡിയുടെ ജനാധിപത്യ ധ്വംസനങ്ങളെ വിവരിച്ചശേഷം പറയുന്നത് ”

എന്റെ ഗ്രന്ഥത്തിന്റെ അവസാന അധ്യായം എഴുതുമ്പോൾ ഞാൻ അതിശയിക്കുന്നത് ഏതൊരു തുറന്നതും സംവാദാത്മകവുമായ ജനാധിപത്യത്തെക്കുറിച്ചാണോ ഇന്ത്യ അഭിമാനിച്ചിരുന്നത് ആ സ്വതന്ത്രവും സഹിഷ്ണുതാപരവുമായ കാലത്തുനിന്നും ഇനിയും തിരിച്ചുവരാൻ പറ്റാത്തവിധം ഇടുങ്ങിയതും സ്വാതന്ത്ര്യരഹിതവുമായ ജനാധിപത്യത്തിലേക്ക് വഴുതിപ്പോകുന്നോ എന്നാണ്. അതുകൊണ്ട് നമുക്ക് ചെയ്യാൻ പറ്റുന്ന ഏകകാര്യം പ്രതീക്ഷയ്ക്കെതിരെ പ്രതീക്ഷിക്കുക, ലോകത്തിലെ ഏറ്റവും ശബ്ദപൂരിതവും സങ്കീർണവും വൈവിധ്യമാർന്നതുമായ ഇന്ത്യയുടെ സദ്ഗുണങ്ങളെ മോഡി നശിപ്പിക്കുന്ന പരിവർത്തൻ ഉണ്ടാക്കില്ല എന്ന്” (പേജ് 275–6). ഇല്ല, ഞാൻ ഈ അഭിപ്രായത്തോട് യോജിക്കുന്നില്ല. നമുക്ക് തുടർന്നും ശുഭപ്രതീക്ഷയോടെ ശബ്ദിക്കാം, നെൽസൺ മണ്ടേലയെപ്പോലെ “നാം ഇതിനെ അതിജീവിക്കും” എന്ന്. ഇതൊരു ബഹുസ്വരതാസംസ്കാരമുള്ള രാജ്യമാണ്. അതുകൊണ്ട് നാം ഇതിനെ അതിജീവിക്കും, 1999 ൽ ഭാരതം തിളങ്ങുന്നു എന്ന് പറഞ്ഞവരെ അതിജീവിച്ചതുപോലെ. എന്നാൽ ഇപ്പോൾ നമുക്ക് പറയാം: “സ്റ്റാൻ സ്വാമിയുടേത് അറും കൊലയായിരുന്നു, അതുകൊണ്ടുതന്നെ അത് ശബ്ദരഹിതർക്കുവേണ്ടിയുള്ള രക്തസാക്ഷിത്വവും ആയിരുന്നു” എന്ന്. ഇല്ല, സ്റ്റാൻ സ്വാമി മരിച്ചിട്ടില്ല. നാം അദ്ദേഹത്തിന്റെ നിലപാടുകള്‍ തുടരുന്നിടത്തോളം അദ്ദേഹത്തിന് മരണമില്ല.