കശ്മീരില്‍ പ്രതിഷേധക്കാരെ നേരിടാന്‍ മാരക പീരങ്കികള്‍

Web Desk
Posted on June 29, 2019, 11:01 pm

സ്വന്തം ലേഖകന്‍

ശ്രീനഗര്‍: കശ്മീരില്‍ പ്രതിഷേധക്കാരെ അമര്‍ച്ച ചെയ്യുന്നതിന് കൂടുതല്‍ മാരകമായ ആധുനിക പീരങ്കികള്‍ ഉപയോഗിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. ചെറിയ തോക്കുകളിലൂടെ പെല്ലറ്റ് ബുള്ളറ്റുകള്‍ പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ അമര്‍ച്ച ചെയ്തിരുന്നത്. എന്നാല്‍ പെല്ലറ്റുകള്‍ക്കായി ഭയാനകമായ ശബ്ദം പുറപ്പെടുവിക്കുന്ന ലോംഗ് റേഞ്ച് അക്കോസ്റ്റിക് ഡിവൈസ് (ആധുനിക പീരങ്കി) ഉപയോഗിക്കാനുള്ള അനുമതിയാണ് മോഡി സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയത്. കശ്മീരില്‍ ചെറുതോക്കുകള്‍ ഉപയോഗിച്ചുള്ള പെല്ലറ്റ് പ്രയോഗം അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതൊക്കെ കാറ്റില്‍പ്പറത്തിയാണ് പീരങ്കികള്‍ ഉപയോഗിക്കാനുള്ള തീരുമാനം. നേരത്തെ പെല്ലറ്റുകള്‍ ഉപയോഗിക്കുന്നതിലൂടെ നിരവധി പേര്‍ക്ക് കാഴ്ച്ചശക്തി നഷ്ടപ്പെട്ടിരുന്നു. പുതിയ ആയുധം പ്രയോഗിക്കുന്നതോടെ കേള്‍വി ശക്തിയും നഷ്ടപ്പെടുമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.

വാഹനങ്ങളുടെ ഹോണുകളുടെ ശബ്ദ തീവ്രത 50 ഡെസിബലാണ്. 120 ഡെസിബല്‍ ശബ്ദം കര്‍ണപുടങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതിന് അപ്പുറമാണ്. കശ്മീരില്‍ പ്രയോഗിക്കാന്‍ പോകുന്ന പീരങ്കിയുടെ ശബ്ദത്തിന്റെ ആക്കം 162 ഡെസിബലും. ഇത് കേള്‍വി നഷ്ടപ്പെടാന്‍ കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 162 ഡെസിബല്‍ ശക്തിയുള്ള ശബ്ദം ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളേയും ബാധിക്കുമെന്ന് ഇഎന്‍ടി വിദഗ്ധനായ ഡോ അബ്ദുള്‍ റഷീദ് പറയുന്നു.

കശ്മീരില്‍ പെല്ലറ്റുകള്‍ ഉപയോഗിക്കുന്നത് തികച്ചും അപലപനീയമാണെന്നും ഇപ്പോള്‍ കൂടുതല്‍ ശക്തമായ പീരങ്കികള്‍ ഉപയോഗിക്കാനുള്ള മോഡി സര്‍ക്കാരിന്റെ തീരുമാനം മനുഷ്യാവകാശ ധ്വംസനമാണെന്നും കശ്മീരിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ പര്‍വേസ് ഇംറോസ് വ്യക്തമാക്കി. പുല്‍വാമ ആക്രണത്തിന് ശേഷം സൈന്യത്തിന് കൂടുതല്‍ അധികാരം നല്‍കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ പീരങ്കി ഉപയോഗിക്കാനുള്ള അനുമതി സൈന്യം യുക്തിരഹിതമായി ഉപയോഗിക്കുമെന്നാണ് കശ്മീരിലെ ജനങ്ങളുടെ ആശങ്ക. 2010 മുതലാണ് കശ്മീരില്‍ സൈന്യം പെല്ലറ്റ് ഉപയോഗിച്ച് പ്രതിഷേധക്കാരെ നേരിടുന്ന രീതി അവലംബിച്ചുതുടങ്ങിയത്. പെല്ലറ്റ് പ്രയോഗത്തില്‍ പരിക്കേറ്റ 14 പേര്‍ ഇതുവരെയായി മരിച്ചുവെന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കുന്നത്.

തീവ്രവാദ സംഘടനയിലെ അംഗമായ ബുര്‍ഹാന്‍ വാണിയെ സുരക്ഷാസേന വധിച്ച ശേഷമുള്ള പ്രതിഷേധത്തില്‍ കശ്മീരില്‍ 6,221 പേര്‍ക്കാണ് പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇതില്‍ 1,539 പേര്‍ക്ക് ഭാഗികമായോ പൂര്‍ണമായോ കാഴ്ചശക്തി നഷ്ടപ്പെട്ടുവെന്നാണ് ശ്രീ മഹാരാജ് ഹരിസിങ് ആശുപത്രിയിലെ രേഖകള്‍ വ്യക്തമാക്കുന്നത്.

ഭീകരരെ സഹായിക്കുന്നതിനായി പ്രതിഷേധം സംഘടിപ്പിക്കുന്നവരെയാണ് കശ്മീരില്‍ പെല്ലറ്റ് ഉപയോഗിച്ച് നേരിടാറുള്ളതെന്നാണ് സൈന്യം അവകാശപ്പെടാറുള്ളത്. ഇതില്‍ നിന്ന് വ്യത്യസ്തമായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടായിരുന്നു പെല്ലറ്റ് പ്രയോഗം അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നത്. കശ്മീരിനോട് കൂടുതല്‍ ശത്രുതാപരമായ സമീപനമാണ് രണ്ടാം മോഡി സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്നതെന്നതിന്റെ മറ്റൊരു സൂചനയാണ് മാരക പീരങ്കികള്‍ പ്രയോഗിക്കുന്നതിനുള്ള തീരുമാനം. സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന രാഷ്ട്രപതി ഭരണം ആറുമാസത്തേക്കുകൂടി നീട്ടാന്‍ തീരുമാനിച്ചതിന്റെ പിന്നാലെയാണ് പുതിയ തീരുമാനമുണ്ടായിരിക്കുന്നത്. കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളയുമെന്നും ബിജെപി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്.