Web Desk

ചെന്നൈ

September 26, 2020, 9:35 pm

അനശ്വര ഗായകന് വിട

Janayugom Online

സംഗീത പ്രേമികളുടെ മനസ്സില്‍ സുന്ദര ശബ്ദമായ് പെയ്തൊഴുകിയ അനശ്വര ഗായകന് വിട. എസ്‌ പി ബാലസുബ്രഹ്മണ്യം ഇനി താമരപാക്കത്തെ റെഡ് ഹില്‍സ് ഫാം ഹൗസില്‍ അന്ത്യവിശ്രമം കൊള്ളും. ചെന്നൈയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള തിരുവള്ളൂര്‍ ജില്ലയിലാണ് താമരപാക്കം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടു കൂടിയാണ് എസ് പി ബിയുടെ മൃതദേഹം സംസ്കരിച്ചത്. 72 തവണ ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തായിരുന്നു തമിഴ്‌നാട് പൊലീസ് പ്രിയ ഗായകന് ആദരമര്‍പ്പിച്ചത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 1.04 ന് ചെന്നൈയിലെ എംജിഎം ആശുപത്രിയില്‍ വച്ചായിരുന്നു 74കാരനായ എസ്‌പിബി അന്തരിച്ചത്.

കഴിഞ്ഞ മാസം അഞ്ചുമുതൽ കോവിഡ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന എസ്‌പിബിയുടെ നില അതീവ ഗുരുതരമാകുകയായിരുന്നു. സെപ്റ്റംബർ ആദ്യവാരത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നു. കോവിഡ് പരിശോധന നെഗറ്റീവ് ആവുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സ്ഥിതി വീണ്ടും വഷളായി. ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതോടെ വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. എസ്‌ പി ബിയുടെ മൃതദേഹം നുങ്കമ്പാക്കത്തെ വീട്ടില്‍ പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍ ആയിരക്കണക്കിന് ആരാധകരാണ് വിവിധ ഇടങ്ങളില്‍ നിന്ന് തങ്ങളുടെ പ്രിയ ഗായകനെ ഒരുനോക്കുകാണാന്‍ എത്തിയത്.

എസ്‌പി‌ബിയുടെ മൃതദേഹവും വഹിച്ചുള്ള വാഹനം നുങ്കമ്പാക്കത്തു നിന്നും താമരപാക്കത്തേയ്ക്കു പോയപ്പോള്‍ എസ്‌പിബിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ജനം റോഡിനിരുവശത്തും കാത്തുനിന്നിരുന്നു. ഇവര്‍ക്കുവേണ്ടി വളരെ പതുക്കെയാണ് വാഹനം റോഡിലൂടെ നീങ്ങിയത്. നിരവധി പ്രമുഖരും ഈ വാഹനത്തെ അനുഗമിച്ചിരുന്നു. എസ്‌പി‌ബിയുടെ മകന്‍ എസ് പി ബി ചരണ്‍ ആണ് സംസ്കാരക്രിയകള്‍ നടത്തിയത്. ഭാര്യ സാവിത്രിയും അടുത്ത ബന്ധുക്കളും സംസ്കാരത്തില്‍ പങ്കെടുത്തു.

സംവിധായകന്‍ ഭാരതി രാജ, ഗായകന്‍ മനോ, സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ്, ഹാസ്യ താരം മയില്‍ സ്വാമി തുടങ്ങിയ പ്രമുഖര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു. എഐഎഡിഎംകെ നേതാവ് ഡി ജയകുമാര്‍, ആന്ധ്രപ്രദേശ് ജലസേചന വകുപ്പ് മന്ത്രി അനില്‍ കുമാര്‍ യാദവ്. തമിഴ്‌നാട് മന്ത്രി പാണ്ഡ്യരാജന്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

Eng­lish sum­ma­ry; death cer­e­money to leg­endary singer spb

You may also like this video;