Web Desk

ന്യൂഡല്‍ഹി

July 23, 2021, 9:28 pm

ഓക്സിജന്‍ കിട്ടാതെ മരണം: കേന്ദ്രത്തിന്റെ മറുപടി ജനങ്ങൾ അനുഭവിച്ച ദുരിതത്തിന് കടകവിരുദ്ധം: വിദഗ്ധര്‍

Janayugom Online

ഒരു കോവിഡ് രോഗി പോലും രാജ്യത്ത് ഓക്സിജന്‍ കിട്ടാതെ മരിച്ചിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ ആരോഗ്യ വിദഗ്‌ധര്‍ രംഗത്ത്. കേന്ദ്രത്തിന്റെ പ്രതികരണം അധികാര ഗർവും നിഷേധാത്മകതയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ഓക്സിജന്‍ കിട്ടാതെ ആരും മരിച്ചിട്ടില്ലെന്ന രാജ്യസഭയിലെ കേന്ദ്രത്തിന്റെ പ്രതികരണം ജനങ്ങള്‍ അനുഭവിച്ച ദുരിതത്തിന് കടകവിരുദ്ധമാണെന്ന് എപ്പിഡമിയോളജിസ്റ്റായ ചന്ദ്രകാന്ത് ലഹാരിയ പറയുന്നു. സഹാനുഭൂതി നിറഞ്ഞ കാഴ്ചപ്പാടാണ് സര്‍ക്കാരിന് വേണ്ടത്. അങ്ങനെ ചെയ്യാതിരിക്കുന്നതിലൂടെ തെറ്റുകൾ ആവർത്തിക്കാമെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. ചികിത്സയ്ക്ക് ഓക്സിജന്‍ അനിവാര്യമാണ്. അതെത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ പരാജയം സമ്മതിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓക്സിജന്‍ കിട്ടാതെ നിരവധി മരണങ്ങള്‍ നടന്നുവെന്നത് നിഷേധിക്കാനാവില്ല. ഓക്സിജനില്ലെന്ന് മുറവിളികൂട്ടി ആശുപത്രി അധികൃതര്‍ ദിവസവും കോടതികളോടും മാധ്യമങ്ങളോടും അഭ്യര്‍ത്ഥന നടത്തിയത് പൊതുജനങ്ങള്‍ക്ക് മറക്കാനാവില്ലെന്ന് ഓള്‍ ഇന്ത്യ ഡ്രഗ് ആക്ഷന്‍ നെറ്റ്‌വര്‍ക്ക് കണ്‍വീനര്‍ മാലിനി ഐസോള പറഞ്ഞു. ഈ ആശുപത്രികള്‍ തന്നെയാണ് ഓക്സിജന്‍ കിട്ടാതെ ഇത്രപേര്‍ മരിച്ചുവെന്ന് വെളിപ്പെടുത്തിയതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

കേന്ദ്രത്തിന്റെ പ്രതികരണം വേദനാജനകമാണെന്ന് ഗ്ലോബല്‍ ഹെല്‍ത്ത്, ബയോത്തിക്സ് ആന്റ് ഹെല്‍ത്ത് പോളിസിയിലെ ഗവേഷകന്‍ ആനന്ദ് ബന്‍ പറ‍ഞ്ഞു. കോവിഡ് രോഗികളുടെ മരണങ്ങള്‍ക്ക് ഓക്സിജന്‍ ക്ഷാമം പ്രധാനമായ കാരണമായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലൊരു ദുരവസ്ഥ വീണ്ടും നമ്മുടെ ആരോഗ്യ മേഖലയില്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് രണ്ടാം തരംഗത്തിനിടെ ഓക്സിജന്‍ ക്ഷാമം മൂലം രാജ്യത്ത് ഒരു കോവിഡ് രോഗിപോലും മരിച്ചിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ രാജ്യസഭയെ അറിയിച്ചത്. ഇത്തരത്തിലുള്ള മരണങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. ഇതിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്.

 

Eng­lish Sum­ma­ry: Death due to lack of oxy­gen: Cen­ter’s response to the suf­fer­ing of the peo­ple: experts

You may like this video also