രോഗി ചികിത്സ ലഭിക്കാതെ മരിച്ച സംഭവം: മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു

Web Desk
Posted on June 06, 2019, 10:03 am

കോട്ടയം: കോട്ടയത്ത് ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. മെഡിക്കല്‍ കോളജിനെതിരെയും രണ്ട് സ്വകാര്യ ആശുപത്രികള്‍ക്കെതിരെയും ആണ് കേസ്. ഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് തോമസാണ് ചികിത്സ സമയത്ത് ലഭിക്കാതെ മരിച്ചത്.ജേക്കബ് തോമസിന്റെ മകളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി. കോട്ടയം ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. ഐ.പി.സി 304 ചുമത്തിയ സാഹചര്യത്തിലാണ് ഡി.വൈ.എസ്.പിക്ക് അന്വേഷണ ചുമതല നല്‍കിയത്. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും വീഴ്ചയെക്കുറിച്ച് അന്വേഷിക്കും.

ബുധനാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് ശ്വാസതടസ്സം നേരിട്ട രോഗിയെ എത്തിച്ചത്. രോഗിയെ മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍ സൗകര്യമില്ല എന്ന് നോക്കാന്‍ പോലും ആരും തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ പരാതി. പിആര്‍ഒ ബെഡ്ഡില്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു എന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതേതുടര്‍ന്ന് സ്വകാര്യ ആശുപത്രിയായ കാരിത്താസിലേക്ക് ബന്ധുക്കള്‍ ജേക്കബിനെ കൊണ്ടുപോയെങ്കിലും ഇവിടെയും ചികിത്സ നിഷേധിച്ചു. മറ്റൊരു സ്വകാര്യ ആശുപത്രിയായ മാതായില്‍ എത്തിച്ചെങ്കിലും ഒരു പരിഗണനയും രോഗിക്ക് ലഭിച്ചില്ല. ആംബുലന്‍സില്‍ വച്ച് തന്നെയാണ് ജേക്കബ് മരിച്ചത്.