Janayugom Online
Balabhaskar

ബാലഭാസ്‌കറിന്റെ മരണം; സിബിഐ അന്വേഷണത്തില്‍ തീരുമാനം അടുത്തയാഴ്ച

Web Desk
Posted on September 14, 2019, 10:52 pm

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണം സിബിഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യത്തിന്മേലുള്ള തീരുമാനം അടുത്തയാഴ്ച്ചയുണ്ടാകും. ഇതിനായി ഡിജിപി ലോക്‌നാഥ് ബഹ്‌റ അന്വേഷണോദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. അടുത്തയാഴ്ച്ച നടക്കുന്ന യോഗത്തില്‍ ക്രൈം ബ്രാഞ്ച് എഡിജിപിയും ഐജിയും അന്വേഷണ സംഘാംഗങ്ങളും പങ്കെടുക്കും. യോഗത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാകും കേസ് സിബിഐക്ക് വിടണമെന്ന ആവശ്യത്തിലുള്ള തീരുമാനം സര്‍ക്കാര്‍ സ്വീകരിക്കുക.

ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്നും മറ്റു ദുരൂഹതകളില്ലെന്നുമായിരുന്നു കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന്റെ വിലയിരുത്തല്‍. സ്വര്‍ണക്കടത്തുകേസിലെ പ്രതികളില്‍ ചിലര്‍ക്ക് ബാലഭാസ്‌കറിന്റെ മരണത്തില്‍ പങ്കുണ്ടെന്ന കുടുംബത്തിന്റെ ആരോപണം അന്വേഷണ സംഘം തള്ളിയിരുന്നു. അപകട സമയത്ത് വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജ്ജുനാണെന്നും അവര്‍ കണ്ടെത്തി. അപകടം പുനരാവിഷ്‌കരിച്ചതുള്‍പ്പടെയുള്ള പരിശോധനകളിലൂടെയാണ് അപകടം ആസൂത്രിതമല്ലെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തിയത്. എന്നാല്‍ കേസ് സിബിഐക്ക് വിടണമെന്ന നിലപാടിലാണ് ബാലഭാസ്‌കറിന്റെ കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കിയിരുന്നു.