Janayugom Online
sanal and Harikumar

ഹരികുമാറിനെ ശരിക്കും കൊലയ്ക്കു കൊടുക്കുകയായിരുന്നു

Web Desk
Posted on November 14, 2018, 10:17 pm

സന്തോഷ് എന്‍ രവി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍ കൊലപാതക കേസില്‍ പുതിയ വെളിപ്പെടുത്തല്‍. സനലിന്റെ മരണത്തില്‍ ഡിവൈഎസ്പി ഹരികുമാര്‍ കുറ്റക്കാരനാണോ എന്ന കാര്യത്തില്‍  പുതിയ സംശയങ്ങള്‍ ഉടലെടുക്കുന്നു.

സനലിന്റെ കൊലപാതകത്തില്‍ ഡിവൈഎസ്പി കുറ്റക്കാരനാണെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഹരികുമാറിന്‍റെ കോളറില്‍ സനല്‍ കുത്തിപ്പിച്ചതിനെത്തുടര്‍ന്ന് വഴക്ക് മൂര്‍ച്ഛിച്ചതെന്നാണ് സംഭവം കണ്ടുനിന്നവരില്‍ ചിലര്‍ ഇപ്പോള്‍ പറയുന്നത്. ഇരുവരും തമ്മിലുണ്ടായ ഉന്തും തള്ളും കണ്ടുനിന്നവര്‍ മൊബൈല്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു. അതേസമയം ഇപ്പോള്‍ ഈ വീഡിയോകള്‍ പുറത്ത് ലഭ്യമല്ല.

കൊടങ്ങാവിളയിലെ സുഹൃത്തായ ജുവലറി ഉടമ ബിനുവിന്‍റെ വീട് സന്ദര്‍ശിച്ച ശേഷം ഹരികുമാര്‍ പുറത്തിറങ്ങുമ്പോള്‍ അദ്ദേഹത്തിന്‍റെ കാര്‍ എടുക്കാന്‍ കഴിയാത്ത വിധം സനല്‍ മുമ്പില്‍ കാര്‍ കൊണ്ടിട്ടതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഹരികുമാര്‍ സ്വന്തം കാറില്‍ നിന്ന് നീട്ടി ഹോണടിച്ചപ്പോള്‍ തൊട്ടടുത്തുള്ള ബിസ്മി ഫാസ്റ്റ് ഫുഡില്‍ ഭക്ഷണം കഴിച്ചിരിക്കുകായിരുന്ന സനല്‍ ഇറങ്ങി വന്നു.

‘ഇങ്ങനെയാണോ കാര്‍ പാര്‍ക്ക് ചെയ്യുന്നതെ‘ന്ന് ഹരികുമാറിന്‍റെ ചോദ്യത്തിന് സനല്‍ മോശമായി പ്രതികരിച്ചതാണ് ഹരികുമാറിനെ പ്രകോപിതനാക്കിയതെന്നാണ് കണ്ടുനിന്നവര്‍ പറയുന്നത്. തുടര്‍ന്ന് ഹരികുമാര്‍ ’ പോടാ’ എന്ന് പറഞ്ഞ് പിടിച്ചു തള്ളി. സനല്‍ അദ്ദേഹത്തിന്‍റെ കോളറില്‍ കയറി പിടിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ കയ്യേറ്റമുണ്ടായി.

പിടിച്ചുതള്ളുമ്പോള്‍ അതുവഴി വന്ന കാറില്‍ തട്ടി അപകടം പറ്റിയ സനല്‍ പിന്നീട് ആശുപത്രിയില്‍ വെച്ച് മരിച്ചു. ആളുകള്‍ കൂടിനിന്നിരുന്ന സ്ഥലത്ത് അമിത വേഗതയില്‍ കാറോടിച്ച് വന്നതിനെക്കുറിച്ച് ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

കാര്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സനലിന്‍റെയും പിന്നീട് ഹരികുമാറിന്‍റെയും ദുര്‍മരണങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നും സംഭവം കണ്ടവര്‍ ഇപ്പോള്‍ പറയുന്നു. ദൃക്സാക്ഷിയായി നിന്ന നാട്ടുകാര്‍ ഇവരെ പിടിച്ചു മാറ്റുകയോ പ്രശ്നം പരിഹരിക്കുകയോ ചെയ്യാതെയാണ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വ്യഗ്രത കാട്ടിയത്.

ഹരികുമാറിന് മകനും ഭാര്യയുമുണ്ട്. മൂത്ത മകന്‍ 16-ാം വയസ്സില്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. കൂടെ ജോലിചെയ്യുന്ന പൊലീസുകാരോട് മേലുദ്യോഗസ്ഥന്‍ എന്ന നിലയിലല്ല , സുഹൃത്തിനെപ്പോലെയാണ് ഹരികുമാര്‍ പെരുമാറിയിരുന്നതെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ഹരികുമാറിന്‍റെ ആത്മഹത്യാ കുറിപ്പില്‍ ‘സോറി, ഞാന്‍ പോകുന്നു.. അമ്മയെ നോക്കണം എന്ന് മകനോടും, എന്‍റെ മകനെക്കൂടി നോക്കണം’ എന്ന് ചേട്ടനോടും ഹരികുമാര്‍ എഴുതി.

ഒളിവിലായിരിക്കെ മകന്‍റെ കല്ലറയില്‍ പൂക്കളര്‍പ്പിച്ച ശേഷമാണ് അദ്ദേഹം കത്തെഴുതിവെച്ച് മരണത്തിന് കീഴടങ്ങിയത്. മാധ്യമങ്ങളില്‍ ശക്തമായി അദ്ദേഹത്തിനെതിരെ വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നതുകൊണ്ട് ജാമ്യം കിട്ടാന്‍ സാധ്യതയില്ലായെന്ന് മനസ്സിലാക്കിയതാണ്, ആത്മഹത്യയെക്കുറിച്ച് ഒരിക്കല്‍പോലും ചിന്തിക്കാത്ത ഹരികുമാര്‍ അതിന് മുതിരാന്‍ കാരണമെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

മരിച്ച സനലിന് ഭാര്യയും നാലും രണ്ടും വയസ്സുള്ള ആണ്‍കുട്ടികളുമുണ്ട്. പ്ലമ്പിങ്, വയറിങ് ജോലി ചെയ്യുന്ന സനല്‍  ആര്‍ക്കും ശല്യമുണ്ടാക്കാതെ ജീവിക്കുന്ന നല്ല സ്വഭാവമുള്ള ചെറുപ്പക്കാരനാണെന്നാണ് അയലത്തുകാര്‍ക്കുള്ള അഭിപ്രായം.

കൈയബദ്ധം കൊണ്ട് സംഭവിച്ച ഒരു മരണത്തിന് ഹരികുമാറിനെ ഒരു കൊടും കുറ്റവാളിയാക്കി ചിത്രീകരിച്ചതാണ് അദ്ദേഹത്തിന്‍റെ മരണത്തില്‍ കലാശിച്ചത്.

ഹരികുമാറിന്‍റേത് ഒരു ആള്‍ക്കൂട്ട ഹത്യയാണ്.