കെഎം ബഷീറിന്‍റെ മരണം; സംഭവ ദിവസം ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് വിവരാവകാശ രേഖ

Web Desk
Posted on September 03, 2019, 6:28 pm

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനം ഇടിച്ച് മരിച്ച കേസില്‍ സംഭവ ദിവസം ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് വിവരാവകാശ രേഖ. മ്യൂസിയം റോഡ്, രാജ് ഭവന്‍ ഭാഗങ്ങളിലെ ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമല്ലെന്നാണ് പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ പോലീസിന്റെ വാദം തെറ്റാണെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

പലതിലും റെക്കോര്‍ഡിങ് സംവിധാനം പ്രവര്‍ത്തിച്ചിരുന്നില്ലെന്നായിരുന്നു പോലീസിന്റെ മറ്റൊരു വാദം. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന ഈ വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നത് മ്യൂസിയം ഭാഗത്ത് നാലും രാജ്ഭവന്‍ ഭാഗത്ത് പന്ത്രണ്ടും ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നു എന്നാണ്. ഇതില്‍ ഫിക്‌സഡ് ക്യാമറ ഉള്‍പ്പടെ ഉണ്ട് എന്ന് വിശദമായി തന്നെ പോലീസ് വ്യക്തമാക്കുന്നു. തലസ്ഥാന നഗരിയില്‍ ആകെ 233 ക്യാമറകള്‍ ഉള്ളതില്‍ 144 ക്യാമറകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഉള്‍പ്പെടുന്നതാണ് മ്യൂസിയത്തെയും രാജ്ഭവന് സമീപത്തെയും ഈ ക്യാമറകള്‍. അതുകൊണ്ട് തന്നെ അപകടത്തെ കുറിച്ചുള്ള നിര്‍ണായക തെളിവുകള്‍ ആ ക്യാമറയിലുണ്ടായിരുന്നെന്നാണ് വിവരം. അത് ന്ന് കൃത്യമായി ശേഖരിച്ചില്ല എന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തേക്ക് വരുന്നത്.

ഓഗസ്റ്റ് രണ്ടിനാണ് ഈ അപകടം മ്യൂസിയം ഭാഗത്ത് നടന്നത്. രണ്ടാം തീയതി തന്നെ സമര്‍പ്പിക്കപ്പെട്ട ഒരു വിവരാവകാശത്തിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ നിന്ന് ലഭിച്ചിരിക്കുന്ന ഈ മറുപടിയിലാണ് ഇത്തരത്തില്‍ പോലീസിന്റെ വാദങ്ങള്‍ പോലീസ് തന്നെ പൊളിക്കുന്ന നിര്‍ണായക വിവരങ്ങളുള്ളത്.