August 11, 2022 Thursday

കെ എം ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമൻ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് അന്തിമ കുറ്റപത്രം

Janayugom Webdesk
തിരുവനന്തപുരം
February 15, 2020 10:08 pm

മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരേ അന്തിമ കുറ്റപത്രം സമർപ്പിച്ചു. തെളിവു നശിപ്പിക്കാൻ ശ്രീറാം വെങ്കിട്ടരാമൻ ശ്രമം നടത്തിയെന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കേസിന്റെ തുടക്കം മുതൽ അന്വേഷണം അട്ടിമറിക്കാൻ ശ്രീറാം വെങ്കിട്ടരാമൻ ശ്രമിച്ചു. രണ്ടാം പ്രതിയായ വഫ ഫിറോസാണ് കാർ ഓടിച്ചതെന്നാണ് ശ്രീറാം പറഞ്ഞിരുന്നത്. പിന്നീട് ജനറൽ ആശുപത്രിയിലും കിംസിലും രക്തപരിശോധനയ്ക്ക് സമ്മതിച്ചില്ല.

മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകാൻ ജനറൽ ആശുപത്രിയിലെ ഡോക്ടർ നിർദേശിച്ചിട്ടും പൊലീസിന്റെ കണ്ണുവെട്ടിച്ച് കിംസിലേക്ക് പോയെന്നും കുറ്റപത്രത്തിൽ വിശദീകരിക്കുന്നു. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് കെഎം ബഷീർ കൊല്ലപ്പെടുന്നത്. അമിതവേഗത്തിലെത്തിയ വാഹനമിടിച്ച് ബഷീർ തെറിച്ചു പോകുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ ബഷീർ മരിച്ചു. രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയുന്നതു വരെ രക്തം ശേഖരിക്കുന്നത് മനപൂർവം വൈകിപ്പിച്ച് തെളിവു നശിപ്പിക്കുകയായിരുന്നു ശ്രീറാമിന്റെ ലക്ഷ്യമെന്ന് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. ശ്രീറാം മദ്യപിച്ചിരുന്നതായി അറിഞ്ഞിട്ടും തന്റെ കാർ ശ്രീറാമിന് കൈമാറുകയും വേഗതയിൽ ഓടിക്കാൻ അനുവദിക്കുകയും ചെയ്തതിനാണ് വഫക്കെതിരെ പ്രേരണാക്കുറ്റം ചുമത്തിയിട്ടുള്ളത്.

തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നിൽ സമർപ്പിച്ച കുറ്റപത്രത്തിൽ നൂറ് സാക്ഷിമൊഴികളാണുള്ളത്. 66 പേജുള്ള കുറ്റപത്രത്തിൽ 84 രേഖകളും 72 തൊണ്ടിമുതലുകളുമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയത്. ശാസ്ത്രീയ തെളിവും സാക്ഷിമൊഴികളും തെളിവായുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304,201 വകുപ്പുകളും മോട്ടോർ വാഹന നിയമത്തിലെ 184,185,188 വകുപ്പുകളുമാണ് ശ്രീറാമിനും വഫക്കുമെതിരെ ചുമത്തിയിരിക്കുന്നത്. അപകടകരമായി ഡ്രൈവ് ചെയ്ത് വരുത്തിയ മനപ്പൂർവമല്ലാത്ത നരഹത്യ, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.