സഹോദരങ്ങള്‍ മരിച്ചത് മിലിയോഡോസിസ് ബാധിച്ചെന്ന് സ്ഥിരീകരണം

Web Desk
Posted on July 27, 2019, 3:35 pm

കാസര്‍കോട്: ബദിയടുക്കയില്‍ സഹോദരങ്ങള്‍ മരിച്ചത് മിലിയോഡോസിസ് ബാധിച്ചെന്ന് സ്ഥിരീകരണം. അദ്ധ്യാപകനായ കന്യപാടിയിലെ സിദ്ദിഖിന്റെയും അസറുന്നിസയുടെയും മക്കളായ മൊയ്തീന്‍ ഷിനാസ് (നാലര), ഷിഹാറത്തുല്‍ മുന്‍ ജഹാന്‍ (6 മാസം) എന്നിവരാണ് മരിച്ചത്. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് മരണകാരണം സ്ഥിരീകരിച്ചത്. കുട്ടികളുടെ മാതാപിതാക്കളടക്കം, നാലുപേര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്. രോഗത്തിന്റെ പ്രഭവ കേന്ദ്രം കണ്ടുപിടിക്കുന്നതിനായി പരിശോധന തുടരുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

പനിബാധിച്ച് ചികിത്സയിലായിരുന്നു ഇരുവരും. എന്താണ് മരണകാരണമെന്ന് ആദ്യഘട്ടത്തില്‍ സ്ഥിരീകരിക്കാനാവാത്തതാണ് ആശങ്കയ്ക്കിടയാക്കിയത്. വൈറസ് ബാധയല്ല മരണകാരണമെന്ന് പിന്നീട് തിരിച്ചറിഞ്ഞെങ്കിലും എന്തു രോഗം ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്ന സംശയം ബാക്കിയായിരുന്നു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് മിലിയോഡോസിസ് ആണ് മരണകാരണമെന്ന് കണ്ടെത്തിയത്.

മലിനമായ വെള്ളത്തില്‍ നിന്നോ ചെളിയില്‍ നിന്നോ ബാക്ടീരിയ മൂലം പിടിപെടുന്ന രോഗമാണ് മിലിയോഡോസിസ്. കനത്ത മഴയെത്തുടര്‍ന്ന് കാസര്‍കോട് ജില്ലയുടെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറിയിരുന്നു. ഇപ്പോഴും വെള്ളം പൂര്‍ണമായും ഇറങ്ങിയിട്ടില്ല. മഴക്കാലത്ത് ഈ രോഗം പടരുവാന്‍ സാധ്യത ഏറെയാണ്. രോഗത്തെ പ്രതിരോധിക്കാവുന്നതാണെന്നും ജില്ലാ ആരോഗ്യഓഫീസ് അറിയിച്ചു. രോഗ പ്രതിരോധ ശേഷി കുറഞ്ഞവരില്‍ പ്രത്യേകിച്ചും പ്രതിരോധ ശേഷി കുറഞ്ഞ കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, മാരക അസുഖം ബാധിച്ചവരില്‍ ഈ രോഗം മാരകമായേക്കാം.

സാധാരണക്കാരില്‍ ആന്റിബയോട്ടിക് മരുന്ന് ഉപയോഗിച്ച് രോഗത്തെ ഇല്ലാതാക്കാനാകും.
ആരോഗ്യ പ്രവര്‍ത്തകര്‍ രോഗാണുവിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ്. സംസ്ഥാന തല എപ്പിഡമോളജിസ്റ്റ് ഡോ. സുകുമാരന്റെ നേതൃത്വത്തില്‍ മണിപ്പാലില്‍ നിന്നുള്ള സംഘം ബന്ധപ്പെട്ട വീടും പരിസരവും പരിശോധിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ വളര്‍ത്തു മൃഗങ്ങളുടെയും മണ്ണിന്റെയും സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചയച്ചിട്ടുണ്ട്. മുന്‍കരുതല്‍ എന്ന നിലയില്‍ കുട്ടികളുടെ മാതാപിതാക്കളെയും ബന്ധുക്കളെയും പരിയാരം’ മെഡിക്കല്‍ കോളജില്‍ നിരീക്ഷിച്ചു വരുന്നു. നിലവില്‍ അവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല.

You May Also Like This: