നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നിർഭയയുടെ അമ്മ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി മാറ്റിവെച്ചു. ഡിസംബർ 18 ന് മുൻപായി വധശിക്ഷ നടപ്പിലാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഡൽഹി അഡീഷണൽ സെഷൻസ് ജഡ്ജി സതീഷ്കുമാർ അറോറയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. വധശിക്ഷക്കെതിരെ പ്രതി അക്ഷയ് താക്കൂർ നൽകിയ പുന: പരിശോധനാ ഹർജിക്ക് ശേഷമാകും ഈ ഹർജി പരിഗണിക്കുക.
അതേസമയം വിധി നടപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്ന് നിർഭയയുടെ അമ്മ പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷമായി ഞങ്ങൾ കാത്തിരിക്കുകയാണെന്നും ഇനി ഏഴ് ദിവസം പോലും കാത്തിരിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നുമായിരുന്നു നിർഭയയുടെ മാതാവ് പ്രതികരിച്ചത്. ഡിസംബർ 18ന് പ്രതികളുടെ മരണ വാറണ്ട് പുറപ്പെടുവിക്കണമെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
അക്ഷയ് ഠാക്കൂറിൻറെ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി ഡിസംബർ 17 ന് പരിഗണിക്കും. സുപ്രീംകോടതിയിലെ മൂന്നംഗ ബെഞ്ച് തുറന്ന കോടതിയിലായിരിക്കും ഹർജി പരിഗണിക്കും. മറ്റു മൂന്ന് പ്രതികളും സമർപ്പിച്ച പുനപരിശോധന ഹർജികൾ 2018 ജൂലായിൽ തള്ളിയിരുന്നു.
പ്രതികളുടെ വധശിക്ഷ നിർഭയ കൊല്ലപ്പെട്ട ഡിസംബർ 16നോ, അതിന് മുന്പോ നടപ്പാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കഴുമരം സ്ഥിതി ചെയ്യുന്ന തിഹാറിലെ മൂന്നാം ജയിലിൻറെ മരാമത്ത് പണികൾ ഇതിനിടെ പൂർത്തിയാക്കിയിരുന്നു. തൂക്കിലേറ്റുന്നതിൻറെ ഡമ്മി ട്രയൽ നടത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതെല്ലാം അഭ്യൂഹങ്ങൾ ശക്തമാകാൻ കാരണമായി. അതേസമയം രണ്ട് ആരാച്ചാർമാരെ നൽകണം എന്ന് ആവശ്യപ്പെട്ട് തിഹാർ ജയിൽ അധികൃതർ ഉത്തർപ്രദേശ് ജയിൽ വകുപ്പിന് അയച്ച കത്തിന് അനുകൂല മറുപടി ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.