ആംബുലൻസ് വിട്ടുനൽകിയില്ല; തോട്ടം തൊഴിലാളി ചികിത്സ കിട്ടാതെ മരിച്ചു

Web Desk

പുനലൂർ

Posted on October 21, 2020, 10:53 pm

ആംബുലൻസ് വിട്ടുനൽകാത്തതിനെ തുടർന്ന് തോട്ടം തൊഴിലാളി മരിച്ചു. ആര്യങ്കാവ് പഞ്ചായത്തിലെ ഇസ്ഫീൽഡ് എസ്റ്റേറ്റിലെ തൊഴിലാളി പൂന്തോട്ടത്തെ തോട്ടം തൊഴിലാളി ലയത്തിലെ ടാപ്പിംഗ് തൊഴിലാളിയായ ഇസക്കി മുത്തു (48) വാണ് മതിയായ ചികിത്സ ലഭിക്കാതെ മരിച്ചത്. ചൊവ്വാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട തൊഴിലാളി സമീപത്തെ എസ്റ്റേറ്റ് വക വിവിഎംഎസ് ആശുപത്രിയിൽ എത്തി പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സക്ക് പോകാൻ ആംബുലൻസ് ആവശ്യപ്പെട്ടു. എന്നാൽ ഫാക്ടറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുന്ന ആംബുലൻസ് വിട്ടുനൽകാൻ തോട്ടം ഉടമ തയ്യാറായില്ലന്ന് ബന്ധുക്കൾ ആരോപിച്ചു.

മണിക്കൂറുകൾക്ക് ശേഷം ടാക്സിജീപ്പ് വിളിച്ചു പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കലശലായ നെഞ്ചുവേദനയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അയച്ചെങ്കിലും സന്ധ്യയോടെ തൊഴിലാളി മരിച്ചു. തുടർ നടപടികൾക്ക് ശേഷം ഇന്നലെ വൈകിട്ട് പൂന്തോട്ടത്ത് മൃതദേഹം എത്തിച്ചു. ആംബുലൻസ് വിട്ടു നൽകാതിരുന്നത് ചികിത്സ വൈകാൻ കാരണമായെന്ന് ആരോപിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ തോട്ടം തൊഴിലാളികൾ മൃതദേഹം പൂന്തോട്ടത്തെ ഫാക്ടറിക്കുള്ളിൽ വച്ച് പ്രതിഷേധിച്ചു. പുനലൂർ ആർഡിഒ സ്ഥലത്തെത്തി പരിഹാരം ഉണ്ടാക്കിയാലെ മൃതദ്ദേഹം സംസ്ക്കരിക്കുകയുള്ളു എന്ന നിലപാടിലായിരുന്നു നേതാക്കൾ. മുമ്പും ഇത്തരം സംഭവങ്ങൾ തോട്ടം ഉടമയുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെന്ന് നേതാക്കൾ പറഞ്ഞു.

ഇന്ന് മുതൽ എസ്റ്റേറ്റിലെ ആംബുലൻസ് സർവ്വീസ് നടത്തുമെന്ന ആർഡിഒ ബി ശശികുമാറിന്റെ ഉറപ്പിൻമേൽ രാത്രി 9.30 ഓടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള സമരം അവസാനിപ്പിച്ചു. സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളായ പി ബി അനിൽമോൻ, ചന്ദ്രൻ, ശിവൻകുട്ടി, സിബിൽ ബാബു, തോമസ് മൈക്കിൾ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.