September 29, 2022 Thursday

Related news

July 22, 2022
April 17, 2022
March 26, 2022
March 14, 2022
February 5, 2022
January 8, 2022
October 13, 2021
October 9, 2021
September 30, 2021
September 30, 2021

പ്രവാസികളില്‍ ആശങ്കവിതച്ച് കോവിഡ്: ഇന്ത്യയ്ക്ക് പുറത്ത് മരിക്കുന്ന മലയാളികളുടെ എണ്ണം കുതിക്കുന്നു

Janayugom Webdesk
April 30, 2020 9:25 am

കേരളത്തില്‍ എല്ലാവരും സുരക്ഷിതരാണെന്നും കോവിഡ് ബാധിതമേഖലകള്‍ കേരളത്തെ മാതൃകയാക്കണമെന്നു പറയുമ്പോഴും ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന ഒരു പറ്റം ആളുകളാണ് പ്രവാസി മലയാളികള്‍.  ആശങ്കയും ഭയവും ജനിപ്പിക്കും വിധമാണ് ഇന്ത്യയ്ക്ക് പുറത്ത് മലയാളികള്‍ മരണമടയുന്നത്. അമേരിക്കയിലും വിവിധ എമിറേറ്റുകളിലുമായി ഇന്നലെ മരിച്ചത് ആറ് മലയാളികളാണ്.

അബൂദബിയിലെ സാമൂഹിക പ്രവർത്തകൻ പി.കെ കരീം ഹാജി (62). തൃശൂർ തിരുവത്ര സ്വദേശിയാണ്. അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ, സുന്നി സെന്റർ, കെ.എം.സി.സി എന്നിവയുടെ ഭാരവാഹിയായിരുന്നു. അബൂദബി ബുർജീൽ ആശുപത്രിയിൽ രണ്ടാഴ്ചയിലധികമായി കോവിഡ് രോഗത്തിന് ചികിൽസയിലായിരുന്നു ഇദ്ദേഹം. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച അബൂദബിയിൽ സംസ്‌കരിക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്. മറ്റൊരു മലയാളിയായ തൃശൂര്‍ സ്വദേശി കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു. തൃശ്ശൂർ വലപ്പാട് സ്വദേശി തോപ്പിൽ അബ്ദുല്ല ഗഫൂര്‍ (54) ആണ് മരിച്ചത്. കുവൈത്ത് സിറ്റിയിൽ ടൈലർ ആയി ജോലി ചെയ്തു വരികയായിരുന്നു. അബുദാബിയില്‍ കോവിഡ് ബാധിച്ച് മരിച്ച മറ്റൊരു പ്രവാസി മലയാളി പത്തനംതിട്ട കോഴഞ്ചേരി പേൾ റീന വില്ലയിൽ റോയ് മാത്യു സാമുവലിന്‍റെ ഭാര്യ പ്രിൻസി റോയ് മാത്യുവാണ്. അബൂദബി ഇന്ത്യൻ സ്‌കൂളിലെ അധ്യാപികയായി ജോലി നോക്കുകയായിരുന്നു. കുവാറ്റില്‍ ഇന്നലെ മരിച്ചത് ആറന്‍മുള സ്വദേശിയാണ്. ഇടയാറൻമുള കോഴിപ്പാലം വടക്കനമൂട്ടിൽ രാജേഷ് കുട്ടപ്പൻ നായര്‍ (51) ആണ് ജാബിർ ആശുപത്രിയിൽ മരിച്ചത്. ബദർ അൽമുല്ല കമ്പനിയിലായിരുന്നു ജോലി. ഭാര്യയും ആറാം ക്ലാസിലും പ്ലസ്ടുവിലും പഠിക്കുന്ന രണ്ട് ആൺകുട്ടികളുമുണ്ട്.

കോവിഡ് ബാധിച്ചാണ് മരണമെന്ന് സൂചനയുണ്ടെങ്കിലും ഇതുസംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന്‍റെ സ്ഥിരീകരണം വന്നിട്ടില്ല. മറ്റൊരു മലയാളി കോവിഡ് ബാധിച്ച് മരിച്ചത് മക്കയിലാണ്. ലപ്പുറം തെന്നല വെസ്റ്റ് ബസാർ സ്വദേശി കോട്ടുവാല മുഹമ്മദ്‌ മുസ്ലിയാർ (57) ആണ് മരിച്ചത്. നാല് ദിവസമായി മക്ക ഹിറ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്നു. വർഷങ്ങളായി മക്കയിലുള്ള ഇദ്ദേഹം മതസാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.  ഭാര്യ: കുഞ്ഞിക്കദിയാമു ഹജ്ജുമ്മ. മക്കൾ: യാസിർ അറഫാത്ത്, ശാക്കിർ, ഖലീലുസമാൻ, സാറാബീവി, ഫാത്വിമ ഫഖരിയ, സഫ്ന മിസ്‌രിയ, സഹദിയ. പരേതനായ താവൂളിൽ ബാപ്പു എന്ന അഹമ്മദ് കുട്ടിയാണ് പിതാവ്. സാമൂഹിക പ്രവർത്തകൻ മുജീബ് പൂക്കോട്ടൂരിന്‍റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. യുഎഇയില്‍ കോവിഡ് ബാധിച്ച് മരിച്ച മറ്റൊരു മലയാളി തൃക്കരിപ്പൂര്‍ മൊട്ടമ്മല്‍ സ്വദേശിയായ എംടിപി അബ്ദുല്ലയാണ് മരിച്ചത്. 63 വയസ്സായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് ദുബായിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വര്‍ഷങ്ങളായി ദുബായിലുള്ള ഇദ്ദേഹം ദുബായ് ദെയ്‌റയില്‍ റെസ്റ്റോറന്‍റിലാണ് ജോലി ചെയിതിരുന്നത്. ഭാര്യ: ജമീല. മക്കള്‍: നജീബ്, നജ്മ മരുമകന്‍: അബ്ദുസ്സലാം. കൊല്ലം ചടയമംഗലം സ്വദേശി കല്ലുംകൂട്ടത്തില്‍ വീട്ടില്‍ രതീഷ് സോമരാജനും കോവിഡ് ബാധിച്ച് മരിച്ചത് ദുബായിലാണ്. ദുബായില്‍ ടാക്‌സി ഡ്രൈവറായിരുന്നു. ഈ മാസം 12 മുതല്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രതീഷ്. കല്ലുംകൂട്ടത്തില്‍ സോമരാജന്റെയും ലളിതയുടെയും മകനാണ്. ഭാര്യ: വിജി. മകള്‍: സാന്ദ്ര.

ഇങ്ങനെ നീളുന്നു മരിച്ച പ്രവാസി മലയാളികളുടെ കണക്കുകള്‍. ഇതോടെ 29 മലയാളി പ്രവാസികള്‍ ഗള്‍ഫില്‍ മരിച്ചു. പ്രവാസി മലയാളികളെ മടക്കികൊണ്ടു വരാന്‍ എല്ലാ സജ്ജീകരണങ്ങളും കേരളത്തില്‍ ഒരുക്കി എന്നു പറയുമ്പോഴും മണിക്കൂറുകള്‍ കഴിയുന്നതിനനുസരിച്ച് കോവിഡ് കവരുന്ന പ്രവാസി മലയാളികളുടെ എണ്ണം കുതിക്കുന്നു എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. വിവിധ ലേബര്‍ ക്യാമ്പുകളില്‍ കോവിഡ് ബാധിതരും അല്ലാത്തവരുമായ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. കോവിഡ് അതിതീവ്രബാധിത പ്രദേശങ്ങള്‍പോലും പ്രതിരോധത്തിന്റെ കാര്യത്തില്‍ മാതൃകയാക്കുന്ന കേരളത്തിലേക്ക് മടങ്ങാനാവാതെ മലയാളിപ്രവാസികളുടെ ജീവന്‍ പൊലിയുന്നത് നിരാശാ ജനകമാണ്. നോര്‍ക്ക റൂട്ട്സില്‍ പേര് രജിസ്റ്റര്‍ ചെയ്ത് നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന പ്രവാസി മലയാളികളുടെ എണ്ണം 2 ലക്ഷത്തില്‍ക്കൂടുതലാണ്. എത്രയും പെട്ടെന്ന് ഇവരെ നാട്ടിലെത്തിക്കുന്നതിലൂടെ മാത്രമേ ഈ ആശങ്കയ്ക്ക് ശമനമാകൂ.

Eng­lish Sum­ma­ry: death rate of nri increasing

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.