ഉന്നാവ് പീഡനം: പെൺകുട്ടിയോട് ചെയ്തത് കണ്ണില്ലാത്ത ക്രൂരത, മരണമൊഴി ഇങ്ങനെ

Web Desk
Posted on December 07, 2019, 12:35 pm

ന്യൂഡല്‍ഹി: ഉന്നാവിൽ 23കാരി ബലാത്സംഗത്തിനിരയായി ചുട്ടുകൊന്ന സംഭവത്തിൽ പെൺകുട്ടിയുടെ മരണമൊഴി കരളലിയിപ്പിക്കുന്നത്. പ്രതികളിൽ അഞ്ചുപേർ ചേർന്ന് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അച്ഛൻമാരും മക്കളും ചേർന്നാണ് ആക്രമണം നടത്തിയതെന്ന് യുവതി പൊലീസിന് മരണമൊഴി നൽകി. ആക്രമണം നടത്തിയ അഞ്ചു പേരെയും യുവതി തിരിച്ചറിയുകയും ചെയ്തിരുന്നു.‘പുലർച്ചെ നാലുമണിയോടെ റായ്ബറേലിയിലേക്കു പോകുന്നതിനായി അടുത്തുള്ള റെയിൽവെ സ്റ്റേഷനിലേക്കു പോകുകയായിരുന്നു ഞാൻ.

അവിടെ അവർ അഞ്ചുപേർ എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. എന്റെ ചുറ്റിലും കൂടിയ അവർ വലിയ വടി ഉപയോഗിച്ച് മർദിച്ചു. പിന്നെ ഒരു കത്തികൊണ്ട് കഴുത്തിൽ മുറിവുണ്ടാക്കി. അതിനു ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി’. യുവതി പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.90 ശതമാനത്തിലധികം പൊള്ളലേറ്റ യുവതി വെള്ളിയാഴ്ച രാത്രിയാണ് ഡൽഹി സഫ്തർജങ് ആശുപത്രിയിൽ മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ചൊവ്വാഴ്ച വൈകിട്ടാണ് ഉത്തർ പ്രദേശിൽ നിന്നും പെൺകുട്ടിയെ ഡൽഹിയിൽ എത്തിച്ചത്. വെളളിയാഴ്ച രാത്രി 11.40 ഓടെ മരണം സംഭവിച്ചു.

you may also like this video

പ്രതികളെ വെടിവച്ചു കൊല്ലണമെന്ന് പെണ്‍കുട്ടിയുടെ പിതാവ് അഭിപ്രായപ്പെട്ടു. തെലങ്കാനയിൽ ബലാത്സംഗക്കേസിലെ നാലു പ്രതികളെ വെടിവച്ചു കൊന്ന പൊലീസ് നടപടി സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പെൺകുട്ടിയുടെ സഹോദരനും ആവശ്യപ്പെട്ടു. വധശിക്ഷയിൽ കുറഞ്ഞ ഒരുശിക്ഷയ്ക്കും നീതി നൽകാനാകില്ലെന്നും സഹോദരൻ വ്യക്തമാക്കി. ഇതിനിടെ കേസിലെ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ‘പ്രതികളെ തുക്കിലേറ്റുകയോ വെടിവച്ചു കൊല്ലുകയോ വേണം. ഹൈദരാബാദിലെ പൊലീസ് നടപടി യുപിയിലും വേണമെന്നാണ് സർക്കാരിനോട് ആവശ്യപ്പെടുന്നത്. എനിക്ക് നഷ്ടപരിഹാരം വേണ്ട.

സർക്കാർ നൽകുന്ന പണംകൊണ്ട് ധനവാനാകുകയോ പുതിയ വീടുവെക്കുകയോ വേണ്ട. അവളെ ഇല്ലാതാക്കിയവർക്ക് പരമാവധി ശിക്ഷ ലഭിക്കുക എന്നതുമാത്രമണ് ആവശ്യം. റായ്ബറേലിയിലേക്ക് എന്റെ മകള്‍ ഒറ്റയ്ക്കാണു പോയത്.’– ഉന്നാവ് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. പ്രതികളുടെ മരണം കാണാൻ അവള്‍ ആഗ്രഹിച്ചിരുന്നതായാണ് പെൺകുട്ടിയുടെ സഹോദരന്റെ പ്രതികരണം. ‘എന്നെ രക്ഷിക്കൂ, എനിക്കവരുടെ മരണം കാണണം എന്നായിരുന്നു അവൾ പറഞ്ഞത്’.– പെൺകുട്ടിയുടെ സഹോദരൻ വ്യക്തമാക്കി.