October 1, 2023 Sunday

Related news

June 26, 2023
June 9, 2023
May 16, 2023
February 18, 2023
February 12, 2023
February 7, 2023
February 3, 2023
February 2, 2023
February 2, 2023
February 2, 2023

കടവും ചെലവും ഉയരും: തൊഴിലില്ലായ്മയും ഉയര്‍ന്ന ധനക്കമ്മിയും വെല്ലുവിളി

റെജി കുര്യന്‍
ന്യൂഡല്‍ഹി
January 30, 2022 10:38 pm

കോവിഡ് മൂലം നിലംപൊത്തിയ രാജ്യത്തെ ഗ്രാമീണ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് രാജ്യം. തൊഴിലില്ലായ്മയും സമ്പദ്ഘടനയുടെ മാന്ദ്യവും പരിഹരിക്കാന്‍ കാര്യമായ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ രാജ്യത്തെ ഇടത്തരക്കാരനും മുഴുപ്പട്ടിണിയിലാകും.

കര്‍ഷകര്‍, സാധാരണക്കാര്‍, പാവപ്പെട്ടവര്‍, തൊഴിലാളികള്‍ എല്ലാവര്‍ക്കും കോവിഡ് തളര്‍ത്തിയ തങ്ങളുടെ ജീവിതം വീണ്ടും തിരികെപ്പിടിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പ്രഖ്യാപനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. പ്രതീക്ഷയ്‌ക്കൊപ്പം ഉയരാനായില്ലെങ്കില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ അനുരണനം ഉണ്ടാകുമെന്ന ആശങ്കയും സര്‍ക്കാരിനുമുണ്ട്. ചെലവ് വര്‍ധിപ്പിച്ച് ധനപരമായ ഏകീകരണത്തേക്കാള്‍ വളര്‍ച്ചയ്ക്കായിരിക്കണം ബജറ്റില്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നു.

ബജറ്റില്‍ ഏകദേശം 14 ശതമാനത്തിന്റെ വര്‍ധനയുണ്ടായേക്കാമെന്ന് ബ്ലൂംബെര്‍ഗ് വിലയിരുത്തുന്നു. നികുതി നിരക്കുകളില്‍ വലിയ മാറ്റമില്ലാതെ തുടര്‍ന്നേക്കും. പകരം ആസ്തി വില്പനയില്‍ നിന്നുള്ള വരുമാനത്തെയും ഏകദേശം 13 ലക്ഷംകോടിയുടെ റെക്കോഡ് കടമെടുപ്പിനെയും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആശ്രയിക്കുമെന്നും കരുതപ്പെടുന്നു.

രാജ്യത്തെ സമ്പദ്‌രംഗത്തേക്ക് കൂടുതല്‍ പണം ഇറക്കാനുള്ള നീക്കങ്ങളുണ്ടാകേണ്ടതുണ്ട്. കൂടുതല്‍ ഇടപാടുകളിലൂടെ കൂടുതല്‍ നികുതി നേടുകയെന്ന സാധാരണ സാമ്പത്തിക തത്വങ്ങളിലാകും ധനമന്ത്രി ഊന്നല്‍ നല്‍കിയേക്കുക. ധനവിപണിയില്‍ കൂടുതല്‍ ചെലവഴിക്കാന്‍ തയ്യാറാകുന്നതിനൊപ്പം വിപണി കൂടുതല്‍ സജീവമാക്കാനുള്ള പ്രഖ്യാപനങ്ങളും ധനമന്ത്രി നടത്തിയേക്കും.

പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് രാജ്യത്തെ സമ്പദ്ഘടനയെ സുസ്ഥിരമാക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടത്തി വരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ ഇനിയും കൈവരിക്കാനായില്ല. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളാണ് പ്രതിബന്ധമായത്. എയര്‍ ഇന്ത്യ ഓഹരി വില്പന മാത്രമാണ് നിലവില്‍ പൂര്‍ത്തിയാക്കാനായത്. ഈ സാഹചര്യത്തില്‍ എല്‍ഐസി ഓഹരി വില്പന, ഷിപ്പിങ്ങ് കോര്‍പറേഷന്‍, ബിഇഎംഎല്‍, കണ്ടെയ്നര്‍ കോര്‍പറേഷന്‍, നീലാഞ്ചല്‍ ഇസ്പാറ്റ് നിഗം ഉള്‍പ്പെടെ ഒരുപിടി പൊതുമേഖലാ കമ്പനികളുടെ വില്പന പൂര്‍ത്തിയാക്കിയേക്കും.

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത സംബന്ധിച്ച വിഷയത്തില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. രാജ്യത്തെ ധനക്കമ്മി ജി ഡിപിയുടെ 9.2 ശതമാനമാണ്. ധനക്കമ്മി കുറയ്ക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളില്‍ കാര്യമായി പുരോഗതി നേടാനായില്ല. ഒരു വശത്ത് സാമ്പത്തിക അച്ചടക്കത്തിന്റെ പേരില്‍ പാവങ്ങളെ പിഴിയുമ്പോള്‍ മറുവശത്ത് കോര്‍പറേറ്റുകള്‍ക്കുള്ള സൗജന്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിലൂടെ സര്‍ക്കാര്‍ തലതിരിഞ്ഞ സാമ്പത്തിക അച്ചടക്കമാണ് സ്വീകരിച്ചിരിക്കുന്നത്. കോവിഡ് പുതിയ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 9.5 ശതമാനമെന്ന് വിലയിരുത്തിയ ഐഎംഎഫ് ഇത് ഒമ്പത് ശതമാനത്തിലേക്ക് രണ്ടാഴ്ച മുമ്പ് താഴ്ത്തിയിരുന്നു.

രാജ്യത്തെ തൊഴിലില്ലായ്മ അതിരൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തില്‍ സ്റ്റാര്‍ട്ടപ്പുകളും സ്വയം തൊഴിലോ പോലെയുള്ള സംവിധാനങ്ങള്‍ക്ക് ഈന്നല്‍ നല്‍കേണ്ടതും അനിവാര്യമാണ്. കോവിഡ് ചികിത്സയ്ക്ക് കൂടുതല്‍ ഊന്നലുകളും ഇളവുകളും ബജറ്റില്‍ പ്രതീക്ഷിക്കാം.

Eng­lish Sum­ma­ry: Debt and expens­es will rise

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.