കെ ദിലീപ്

നമുക്ക് ചുറ്റും

May 10, 2022, 12:16 am

കടം കയറി തകരുന്ന സമ്പദ്‌വ്യവസ്ഥകൾ

Janayugom Online

ണ്ടായിരത്തിയെട്ടിൽ ലോകമെമ്പാടും വളരെ വലിയ ധനകാര്യ സ്ഥാപനങ്ങളും സ്വകാര്യ മേഖലാ ബാങ്കുകളും തകർന്നു പോവുന്നത് നമ്മൾ കണ്ടു. കിട്ടാക്കടം കുന്നുകൂടിയാണ് അവ തകർന്നത്. ഇന്ത്യയിലെ പൊതുമേഖല ബാങ്കുകൾ അന്ന് പിടിച്ചുനിന്നു. വളരെ ശ്രദ്ധാപൂർവമുള്ള സാമ്പത്തിക മാനേജ്മെന്റ് ആയിരുന്നു കാരണം. എന്നാൽ 2014നു ശേഷം ഇന്ത്യൻ പൊതുമേഖല ബാങ്കുകൾ വ്യാജ രേഖകൾ വഴി പിൻവാതിലിലൂടെ വൻ തുകകൾ ലോണെടുത്ത് രാജ്യം വിട്ട നീരവ് മോഡിമാരുടെയും മെഹുൽ ചോക്സിമാരുടെയും മല്യമാരുടെയുമൊക്കെ കിട്ടാക്കടം പെരുകി നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയും കണ്ടു. അതിന്റെ പരിണിത ഫലങ്ങൾ രാജ്യത്തെ ജനങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു.
നോട്ടു നിരോധനം, അശാസ്ത്രീയമായി ജിഎസ്‌ടി നടപ്പിലാക്കൽ തുടങ്ങിയ നടപടികളിലൂടെ ചെറുകിട, ഇടത്തരം വ്യവസായ മേഖലകളിലും കാർഷിക രംഗത്തും സംഭവിച്ച തകർച്ച രണ്ടു കോടിയോളം തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തി. സ്വയംകൃതാനർത്ഥങ്ങളിലൂടെ മോഡി സർക്കാർ ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഇല്ലാതെയാക്കി. ശ്രീലങ്ക എന്ന ഇന്ത്യയുടെ അയൽരാജ്യം തുടർച്ചയായുണ്ടായ വംശീയ യുദ്ധത്തിൽ തകർന്നു പോയിടത്തുനിന്ന് ടൂറിസം വ്യവസായത്തിന്റെ സാധ്യതകൾ പരീക്ഷിച്ച് നിലനില്പിനുള്ള പരിശ്രമത്തിലായിരുന്നു. എന്നാൽ കോവിഡ് കാലം ആ പ്രതീക്ഷകളും തകര്‍ത്തു. ശ്രീലങ്ക മാത്രമല്ല മ്യാൻമർ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ നമ്മുടെ അയൽ രാജ്യങ്ങൾക്കും സമ്പദ്ഘടനയുടെമേൽ അന്താരാഷ്ട്ര കടത്തിന്റെ വലിയ സമ്മർദ്ദമുണ്ട്. കാരണം ഈ രാജ്യങ്ങളെല്ലാം തന്നെ അവശ്യ വസ്തുക്കളുടെ കാര്യത്തിൽ ഇറക്കുമതിയെ വലിയ തോതിൽ ആശ്രയിക്കുന്നവയാണ്.


ഇതുകൂടി വായിക്കൂ:  ശ്രീലങ്ക ഒരു ദ്വീപിന്റെ ദുഃഖം


എന്നാൽ വിവിധ രാഷ്ട്രങ്ങൾ ഇങ്ങനെ കടംപെരുകി പ്രതിസന്ധിയിലാവുമ്പോൾ അനേകം ബഹുരാഷ്ട്രക്കമ്പനികൾ മേൽപ്പറഞ്ഞ രാജ്യങ്ങളുടെ ദേശീയ വരുമാനത്തെക്കാള്‍ കൂടുതൽ വരുമാനമുണ്ടാക്കുന്നു. രാജ്യങ്ങൾ വലിയ പ്രതിസന്ധി നേരിടുമ്പോഴും ബഹുരാഷ്ട്രക്കമ്പനികളുടെ പ്രവർത്തനങ്ങൾ അവിടങ്ങളിലെല്ലാം നിർബാധം തുടരുകയുമാണ്. ബംഗ്ലാദേശിന്റെ വാർഷിക ദേശീയ വരുമാനം 35,000 കോടി ഡോളർ മാത്രമാണ്. ശ്രീലങ്ക, നേപ്പാൾ, മ്യാൻമർ, കംബോഡിയ എന്നിവ ചേർന്നാൽ ആകെ 20,000 കോടി ഡോളർ. അമേരിക്കൻ വ്യാപാര ഭീമൻ വാൾമാർട്ടിന്റെ വാർഷിക വിറ്റുവരവ് 50,000 കോടി ഡോളർ, ആപ്പിളിനും ആമസോണിനും 25,000 കോടിക്കുമുകളിൽ. ആഫ്രിക്കൻ വൻകരയിലെ മിക്കവാറും രാജ്യങ്ങളുടെ വാർഷികവരുമാനം 5,000 കോടി ഡോളറിൽ താഴെയാണ്. അമേരിക്ക, ബ്രിട്ടൺ, യുഎഇ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണ്. ഇങ്ങനെ പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ലോകത്ത് ഇന്ന് വളരുന്നത് ബഹുരാഷ്ട്രക്കമ്പനികൾ മാത്രമാണ്. വികസ്വര രാജ്യങ്ങളിൽ കുറഞ്ഞ വിലയ്ക്ക് ലഭ്യമാവുന്ന മാനവ വിഭവശേഷിയും അസംസ്കൃതവസ്തുക്കളും ഉപയോഗിച്ച് അവർ വൻ ലാഭം കൊയ്യുന്നു. ഇതു തന്നെയായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിലും ചെയ്തുകൊണ്ടിരുന്നത്. ബ്രിട്ടിഷ് ഖനന കമ്പനിയായ ‘വേദാന്ത’ 2020ൽ മാത്രം 1.8 ലക്ഷം ടൺ ബോക്സൈറ്റ് ആണ് ഇന്ത്യയിൽ നിന്നും ഖനനം ചെയ്തത്. ഒഡിഷയിലെ നിയാംഗിരി കുന്നുകളിലെ ദംഗരിയ കാണ്ഡ ആദിവാസികള്‍ അവരുടെ ആവാസവ്യവസ്ഥ നിലനിർത്താനായി നടത്തിയ പോരാട്ടം സുപ്രീം കോടതിവരെ നീണ്ടു. വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കൻ സേനക്ക് നാപ്പാം ബോംബുകളുണ്ടാക്കിയ ഹണി വെൽ ഇന്ന് എൻ 95 മാസ്കുകളുടെ ഏറ്റവും വലിയ നിർമ്മാതാവാണ്.
ഇനിയൊരു കൂട്ടം കമ്പനികൾ കൺസൾട്ടിങ് കമ്പനികളാണ്. വലിയ പദ്ധതികളുടെ രൂപകല്പന, നിർമ്മാണ നിർവഹണം എന്നിവയൊക്കെ നിർവഹിക്കുന്നവ. ലാർസൺ ആന്റ് ട്യൂബ്രോ, എസ്എൻസി ലാവ്‌ലിൻ തുടങ്ങിയവ. ലാവ്‌ലിന് മാത്രം 50 രാജ്യങ്ങളിൽ ശാഖകളും 160 രാജ്യങ്ങളിൽ പ്രവർത്തനവും നൂറിലധികം അനുബന്ധ കമ്പനികളും 50,000ത്തിലേറെ ജീവനക്കാരുമുണ്ട്. ബ്രിട്ടൻ, അമേരിക്ക, ഫ്രാൻസ് തുടങ്ങിയ വികസിത രാജ്യങ്ങളിലും അനേകം വികസ്വര രാജ്യങ്ങളിലും ഊർജ, ഗതാഗത, വിവര സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്നു. ഇവയ്ക്കെല്ലാം പുറമെയാണ് ഓഡിറ്റിങ് കമ്പനികൾ. ലോകത്തിലെ ബഹുഭൂരിപക്ഷം അന്താരാഷ്ട്ര കമ്പനികളുടെയും കണക്കുകൾ പരിശോധിക്കുന്ന നാല് ഭീമൻ കമ്പനികൾ. ഏണസ്റ്റ് ആന്റ് യങ്, പ്രെെസ് വാട്ടർ ഹൗസ്‌കൂപ്പർ, ഡെലോയിറ്റ്, കെപിഎംജി ഈ കമ്പനികൾക്ക് നേരിട്ട് ഇന്ത്യയടക്കമുളള രാജ്യങ്ങളിൽ കമ്പനി ഓഡിറ്റ് നടത്താൻ നിയമം അനുവദിക്കുന്നില്ല. അതിനാൽ പ്രാദേശിക കമ്പനികളുടെ ലൈസൻസിലാണ് പ്രവർത്തനം. ഈ നാലു കമ്പനികൾ തന്നെയാണ് വിവിധ രാജ്യങ്ങളുടെ വളർച്ചാനിരക്ക്, കടമെടുപ്പു ശേഷി ഇവയെല്ലാം സംബന്ധിച്ച ആഗോള റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നതും.


ഇതുകൂടി വായിക്കൂ:  എണ്ണവിലയുടെ തകർച്ച; കേന്ദ്രത്തിന് ലോട്ടറി


ഇന്ത്യയടക്കമുള്ള പല വികസ്വര രാജ്യങ്ങളിലും ഇവരുടെ റിപ്പോർട്ടുകൾക്ക് നിയമ സാധുതയില്ല. എന്നാൽ ഐഎംഎഫ്, എഡിബി തുടങ്ങിയ അന്താരാഷ്ട്ര ക്രെഡിറ്റ് ഏജൻസികൾ ഇവരുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളുടെ കടമെടുക്കൽ ശേഷി തീരുമാനിക്കുന്നത്. അതിനാൽ തന്നെ പലപ്പോഴും വികസ്വര രാജ്യങ്ങളിലെ സർക്കാരുകൾ ഇത്തരം കമ്പനികളുടെ നല്ല പുസ്തകത്തിൽ കടന്നു കയറാൻ കാത്തു നില്ക്കുന്നു.
സാമാന്യമായി പറഞ്ഞാൽ രാഷ്ട്രങ്ങൾ കടക്കെണിയിൽ വീഴുമ്പോഴും മധ്യാഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ, ഇവയിൽ എല്ലാം തന്നെ വലിയ വംശീയ സംഘർഷങ്ങൾ നടക്കുമ്പോഴും ജനങ്ങൾ പട്ടിണികൊണ്ട് പൊറുതിമുട്ടുമ്പോഴും 2022 ൽ 23.3 കോടി ജനങ്ങൾ സ്ഥിരം സംഘർഷ മേഖലകളായ അഫ്ഗാനിസ്ഥാൻ, കോംഗോ, എത്യോപ്യ, സുഡാൻ, യെമൻ തുടങ്ങിയ രാജ്യങ്ങളിൽ കൊടുംപട്ടിണിയിലാണെന്നാണ് യുഎൻ കണക്ക്. അപ്പോഴും ബഹുരാഷ്ട്രക്കമ്പനികളുടെ ലാഭവിഹിതം ഉയരത്തിൽ തന്നെ.
ലോക സാമ്പത്തികക്രമത്തിൽ ഇന്ന് പരമാധികാര രാഷ്ട്രങ്ങളേക്കാൾ വാർഷിക വരുമാനമുള്ള, അധികാരവും സമ്പത്തുമുള്ള അനേകം ബഹുരാഷ്ട്ര കുത്തക കമ്പനികൾ ഉണ്ട്. വികസ്വര രാജ്യങ്ങളിലായാലും വികസിത രാജ്യങ്ങളിലായാലും സർക്കാരുകളുടെ നയരൂപീകരണത്തിൽ വലിയ സ്വാധീനം ഈ കമ്പനികൾ ചെലുത്തുന്നു. വികസിത രാജ്യങ്ങളിലെ മൂലധനം, വികസ്വര രാജ്യങ്ങളിൽ എങ്ങനെ ലാഭകരമായി മുതൽ മുടക്കാം, ഉല്പന്നങ്ങൾ എങ്ങനെ വിറ്റഴിക്കാം എന്നൊക്കെ. വികസിത രാജ്യങ്ങളിൽ നിയമ നിർമ്മാണസഭകളിൽ അംഗങ്ങളുടെ പിന്തുണ പലപ്പോഴും ഇത്തരം കമ്പനികൾക്ക് ആവശ്യമാണ്. അതിനായി അവർ ഒരു ലോബിയെ തന്നെ സൃഷ്ടിക്കാറുണ്ട്. വികസ്വര രാജ്യങ്ങളിലെ സർക്കാരുകൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരെ സ്വാധീനത്തിലാക്കിയാണ് ബഹുരാഷ്ട്ര കുത്തക കമ്പനികൾ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോവുന്നത്.


ഇതുകൂടി വായിക്കൂ: ശ്രീലങ്കയ്ക്കു പിറകേ മ്യാന്മറും സാമ്പത്തിക ദുരിതത്തിലേക്ക്


ലോകത്തെ പല രാജ്യങ്ങളെക്കാളും സമ്പത്തും സ്വാധീനവുമുള്ള നൂറുകണക്കിന് അന്താരാഷ്ട്ര കോർപറേറ്റ് കമ്പനികളാണ് ഇന്ന് ലോക സാമ്പത്തിക രംഗം നിയന്ത്രിക്കുന്നത്. ആയുധ കച്ചവടത്തിനായി അവർ യുദ്ധങ്ങൾ സൃഷ്ടിക്കുന്നു. ആഫ്രിക്കൻ രാജ്യങ്ങളിലെ പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കാനും മധ്യേഷ്യയിൽനിന്നും പെട്രോളിയം കടത്താനും അവിടെയൊക്കെ ആഭ്യന്തര കലാപങ്ങൾക്ക് വഴിമരുന്നിടുന്നു. കയ്യൂക്കുകൊണ്ട് അധികാരം നേടിയ ഭരണാധികാരികളുടെ സ്വിസ്ബാങ്ക് അക്കൗണ്ടുകളിലേക്ക് കോഴപ്പണം എത്തുന്നു. സുഡാനിലും സോമാലിയയിലുമൊക്കെ ഒരിറക്ക് വെള്ളമോ ഒരു വറ്റോ കിട്ടാതെ മനുഷ്യരും മൃഗങ്ങളും ഇയാംപാറ്റകളെ പോലെ ചത്തുവീഴുന്നു. അപ്പോഴും കടവും പലിശയും പെരുകുകയാണ്.
അയൽരാജ്യമായ ശ്രീലങ്കയുടെ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. 2010 ൽ ജിഡിപിയുടെ 42 ശതമാനം ആയിരുന്ന വിദേശകടം 2019ൽ ജിഡിപിയുടെ 119 ശതമാനം ആയി വർധിച്ചു. അതിന്റെ പരിണിതഫലമാണ് ഇന്നത്തെ പ്രതിസന്ധി. തിരിച്ചടവ് മുടങ്ങാൻ കാർഷികരംഗത്ത് രാസവളങ്ങൾ, കീടനാശിനികൾ ഇവ മുന്നറിയിപ്പില്ലാതെ നിരോധിച്ചത് തേയില ഉല്പാദനത്തിൽ മാത്രം 425 മില്യൺ ഡോളറിന്റെ നഷ്ടമുണ്ടാക്കിയതടക്കമുള്ള തലതിരിഞ്ഞ നയങ്ങളും കണക്കില്ലാതെ സെന്‍ട്രൽ ബാങ്കിനെകൊണ്ട് നോട്ടടിപ്പിച്ചതും ഒക്കെ കാരണങ്ങളായുണ്ട്. കാരണങ്ങളെന്തായാലും ലോക രാജ്യങ്ങളുടെ, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളുടെ സമ്പദ്ഘടന കോർപറേറ്റുകളുടെ കൈപ്പിടിയിൽ ഒതുങ്ങുകയാണ്. ഇന്ത്യയും ഇക്കാര്യത്തിൽ വ്യത്യസ്തമല്ല. ഇന്ത്യയിലെ സമ്പത്തിന്റെ 80 ശതമാനവും നൂറിൽ താഴെയുള്ള കോർപറേറ്റുകളുടെ കൈവശമായി കഴിഞ്ഞു. ആ 80 ശതമാനത്തിന്റെ 90 ശതമാനവും പത്തിൽ താഴെയുള്ള കമ്പനികളുടെ കൈവശമാണ്. എന്നാൽ കടങ്ങൾ തിരിച്ചടക്കേണ്ടതോ? പത്തു ശതമാനത്തിൽ താഴെ സ്വത്തുക്കൾ മാത്രം കൈവശമുള്ള അർധപട്ടിണിക്കാരായ രാജ്യത്തെ ജനങ്ങളും.