നവാഗതസംവിധായകന്‍ മരിച്ച നിലയില്‍; മരണം ആദ്യ സിനിമ റിലീസിന് ഒരുങ്ങുന്നതിനിടെ

Web Desk
Posted on May 11, 2019, 10:56 am

മലയാളത്തിലെ യുവസംവിധായകനെ മരിച്ച നിലയില്‍ കണ്ടെത്തി. അരുണ്‍ വര്‍മ്മ എന്ന നവാഗത സംവിധായകനെയാണ് അത്താണി ആനേടത്ത് റെയില്‍വെ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യ സിനിമയായ തഗ് ലൈഫിന്‍റെ റിലീസ് കാത്തിരിക്കവെയാണ് മരണം. കഴിഞ്ഞ വ്യാഴാഴ്ച രാത്രി മുതല്‍ കാണാതായ അരുണിന് വേണ്ടി ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

അരുണിന്‍റെ ആദ്യ സിനിമയായ തഗ് ലൈഫ് ചിത്രീകരണം പൂര്‍ത്തിയാക്കി ജൂലൈയില്‍ റിലീസ് ചെയ്യാനുള്ള മുന്നൊരുക്കത്തിലായിരുന്നു. നാല് വര്‍ഷമായി സംവിധായക സഹായിയായി പ്രവര്‍ത്തിച്ചിരുന്നതിന് ശേഷമാണ് അരുണ്‍ സ്വന്തമായി ഒരു സിനിമ എന്ന ലക്ഷ്യത്തിലേക്ക് എത്തിയത്. അരുണിന്‍റെ മരണ വാര്‍ത്ത കേട്ട ഞെട്ടലിലാണ് സുഹൃത്തുക്കളും ബന്ധുക്കളും.

സ്വപ്നങ്ങളെ പന്‍തുടരുന്ന ഒരു സാധാരണക്കാരന്റെ കഥയാണ് തഗ് ലൈഫ് പറയുന്നത്. ഷെയിന്‍ നിഗം ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. നേരത്തെ ഷെയിന്റെ മുഖം കാണിക്കാതെയുള്ള സിനിമയുടെ പോസ്റ്റര്‍ പുറത്ത് വന്നിരുന്നു.