നവാഗതരുടെ സിനിമകള്‍ക്ക് തിയേറ്ററുകള്‍ പോലും കിട്ടുന്നില്ല: ഹേമന്ദ് മേനോന്‍

Web Desk
Posted on March 04, 2019, 8:56 pm

കോഴിക്കോട്: നവാഗതരായ സംവിധായകരുടെ സിനിമകള്‍ക്ക് തീയേറ്ററുകള്‍ പോലും കിട്ടുന്നില്ലെന്ന് നടന്‍ ഹേമന്ദ് മേനോന്‍. തെങ്കാശിക്കാറ്റ് എന്ന പുതിയ സിനമയുടെ വിശേഷങ്ങള്‍ പങ്കുവെക്കാന്‍ പ്രസ്‌ക്ലബില്‍ നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചിത്രത്തിലെ നായകന്‍ കൂടിയായ ഹേമന്ദ് മേനോന്‍. 75 തീയേറ്ററുകള്‍ ബുക്ക് ചെയ്താണ് സിനിമ ിലീസിംഗിനൊരുങ്ങിയത്. എന്നാല്‍ റിലീസ് ദിവസം കിട്ടിയത് നാല്‍പതോളം തീയേറ്ററുകള്‍. സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ പ്രധാനികളെല്ലാം കോഴിക്കോടായിട്ടും കോഴിക്കോട് ശ്രീയില്‍പോലും കിട്ടിയത് മോണിംങ്‌ഷോ. ചിത്രം കണ്ടിറങ്ങുന്നവരെല്ലാം മികച്ച അഭിപ്രായം പറയുമ്പോഴും ഒരു ഫുള്‍ഷോ തീയേറ്ററുകളില്‍ കാണിക്കാനാവാത്തത് അങ്ങേയറ്റം നിരാശയുണ്ടാക്കുന്നതായി ചിത്രത്തിന്റെ നിര്‍മാതാക്കളായ കെ രഞ്ജുദാസ്, എം വി സുധീഷ് എന്നിവരും പറഞ്ഞു.

ഒരുഗ്രാമീണ പഞ്ചാത്തലത്തില്‍ നടക്കുന്ന പ്രണയ കഥയാണ് സിനിമയുടെ ഇതിവൃത്തം. മൂന്നുകോടിയോളമാണ് ചിത്രത്തിന് ചെലവ് വന്നത്. ഇത്രയും ചെലവില്‍ വലിയ കാന്‍വാസില്‍ ചെയ്‌തൊരു സിനിമയെ പ്രോത്സാഹിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാവാത്തത് സിനിമയിലേക്ക് കടന്നുവരുന്ന പുതുമുഖങ്ങളെ വേദനിപ്പിക്കുന്നതാണെന്നും ഇവര്‍ പറഞ്ഞു. മുഖാമുഖത്തില്‍ ഹേമന്ദ്‌മേനാന്‍ നിര്‍മാതാക്കളായ കെ രഞ്ജുദാസ്, എം വി സുധീഷ് എന്നിവര്‍ക്കൊപ്പം അഭിനേതാവ് പി ടി രാജേഷ്, സുമേഷ് കൊല്ലംകണ്ടി എന്നിവരും പങ്കെടുത്തു. കാലിക്കറ്റ് പ്രസ്‌ക്ലബ് സെക്രട്ടറി പി വിപുല്‍നാഥ് സ്വാഗതവും സി പി എം സെയ്ദ് നന്ദിയും പറഞ്ഞു.