നവ മലയാളസിനിമ പുതിയ സംവിധായകരുടെ കയ്യില്‍ സുരക്ഷിതമാണെന്ന് വ്യക്തമാക്കുന്നതായി മാറി സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍. ജൂറിയുടെ മുന്നില്‍ അന്തിമപട്ടികയിലെത്തിയ 38 ചിത്രങ്ങളില്‍ 22 ചിത്രങ്ങളും പുതിയ സംവിധായകരുടേതായിരുന്നു. പ്രമേയങ്ങളിലെ വ്യത്യസ്തതയും നവസാങ്കേതികവിദ്യയുടെ കൃത്യമായ ഉപയോഗവും കാരണം ഈ ചിത്രങ്ങളില്‍ പലതും നേരത്തെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. 22 ചിത്രങ്ങളില്‍ നിന്ന് ഏറ്റവും മികച്ചവ പുരസ്കാരനേട്ടത്തിലെത്തി. വ്യത്യസ്തമായ പ്രമേയങ്ങളുമായി നവാഗത സംവിധായകര്‍ മലയാള സിനിമയെ ഗൗരവമായി കാണുന്നു എന്നതിന്റെ സാക്ഷ്യപ്പെടുത്തല്‍ കൂടിയാണ് അന്തിമ പട്ടികയിലെത്തിയ ഈ ചിത്രങ്ങള്‍. നവാഗത സംവിധായകരുടെ ചിത്രങ്ങള്‍ അതിശയിപ്പിച്ചു എന്നാണ് ജൂറി അംഗങ്ങള്‍ വിലയിരുത്തിയത്. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ലഭിച്ചത് ഫാസില്‍ റസാഖിനാണ്. ‘തടവ് ’ എന്ന സിനിമയ്ക്കാണ് പുരസ്കാരം ലഭിച്ചത്. ബീന ആര്‍ ചന്ദ്രനിലേക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് എത്തിയതും തടവിലൂടെ.
മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടിയ ‘ഇരട്ട ’ യുടെ സംവിധായകന്‍ രോഹിത് എം ജി കൃഷ്‌ണനും നവാഗതനാണ്. ജോജു ജോര്‍ജായിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എഴുതിയതും രോഹിത്താണ്. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരവും ഇരട്ടയിലൂടെ രോഹിത് നേടി. അന്താരാഷ്ട്ര തലത്തില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയ ‘ജനനം 1947 പ്രണയം തുടരുന്നു’ എന്ന സിനിമ സംസ്ഥാന ചലച്ചിത്ര പുരസ്കാര പട്ടികയിലും ഇടം പിടിച്ചു. നവാഗതനായ അഭിജിത്ത് അശോകനാണ് ചിത്രം സംവിധാനം ചെയ്തത്. 2022 ല്‍ കുട്ടികളുടെ മികച്ച ചലച്ചിത്രമായി തെരഞ്ഞെടുത്ത കോലുമിഠായിയുടെ തിരക്കഥാകൃത്ത് കൂടിയാണ് അഭിജിത്ത്. ഇത്തവണ സ്ത്രീകളുടെ വിഭാഗത്തില്‍ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്കാരം നേടിയ സുമംഗലയ്ക് പുരസ്കാരം ലഭിച്ചതും ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രത്തിലൂടെയാണ്. മികച്ച പിന്നണി ഗായകനുള്ള പുരസ്കാരം വിദ്യാധരന്‍ മാസ്റ്ററിലേക്ക് എത്തിയത് ‘പതിരാണെന്നോര്‍ത്തൊരു കനവില്‍ ’ എന്ന ഈ ചിത്രത്തിലെ ഗാനത്തിലൂടെയാണ്. തെന്നല്‍ അഭിലാഷിന് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടിക്കൊടുത്തത് നവാഗതനായ മനു സി കുമാർ സംവിധാനം ചെയ്ത ‘ശേഷം മൈക്കില്‍ ഫാത്തിമ’ യിലൂടെയാണ്.
നവാഗതനായ ദേവന്‍ സംവിധാനം ചെയ്ത വാലാട്ടിക്ക് തീയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. സംസ്ഥാന പുരസ്കാരപട്ടികയില്‍ വാലാട്ടിയും ഇടംപിടിച്ചു. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ( ആണ്‍) വിഭാഗത്തില്‍ റോഷന്‍ മാത്യുവിന് വാലാട്ടിയിലൂടെ അവാര്‍ഡ് ലഭിച്ചു. നവാഗതനായ അരുണ്‍ ചന്ദു സംവിധാനം ചെയ്ത ‘ഗഗനചാരി’ ജൂറിയുടെ പ്രത്യേക പുരസ്കാരവും നേടി. ടി ദീപേഷ് സംവിധാനം ചെയ്ത ജൈവം എന്ന സിനിമയിലെ അഭിനയത്തിന് കൃഷ്‌ണന്‍ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കിലൂടെയാണ് ഉര്‍വശി മികച്ച നടിയായത്. കറി ആന്റ് സയനൈഡ് : ദ ജോളി ജോസഫ് കേസ് എന്ന വെബ്സീരിസ് ചെയ്തിട്ടുള്ള ക്രിസ്റ്റോയുടെ ഉള്ളൊഴുക്ക് പ്രമേയവതരണംകൊണ്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. ഉള്ളൊഴുക്കിലെ കേന്ദ്ര കഥാപാത്രമായ രാജീവിന് ശബ്ദം നല്‍കിയതിലൂടെ റോഷന്‍ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള അവാര്‍ഡും നേടി. മികച്ച ശബ്‌ദരൂപകല്‍പ്പനയ്ക്ക് ജയദേവന്‍ ചക്കാടത്തിനും അനില്‍ രാധാകൃഷ്‌ണനും ഉള്ളൊഴുക്കിലൂടെ പുരസ്കാരം ലഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.