വിട്ടുവീഴ്ച്ചക്കൊരുങ്ങി എഎംഎംഎ: താരസംഘടനയില്‍ വനിതകള്‍ക്ക് കൂടുതല്‍ സ്ഥാനങ്ങള്‍ നല്‍കും

Web Desk
Posted on June 30, 2019, 2:13 pm

ഷാജി ഇടപ്പള്ളി

കൊച്ചി: മലയാള ചലച്ചിത്ര മേഖലയില്‍ ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയ താരസംഘടനയില്‍ വനിതകള്‍ക്ക് കൂടുതല്‍ സ്ഥാനങ്ങള്‍ ഉറപ്പുവരുത്താനൊരുങ്ങി എഎംഎംഎ. ഭരണഘടനാ ഭേദഗതിയിലൂടെ വൈസ് പ്രസിഡന്റ് സ്ഥാനവും എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ മൂന്ന് അംഗങ്ങളുടെ പ്രാതിനിധ്യവും വനിതാ താരങ്ങള്‍ക്ക് നല്‍കുന്നതിനുള്ള നിര്‍ദേശമാണ് ഉയര്‍ന്നിട്ടുള്ളത്. ഇന്ന് കൊച്ചിയില്‍ ചേരുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം ഈ ഭരണഘടനാ ഭേദഗതികള്‍ ചര്‍ച്ചചെയ്യും. വാര്‍ഷിക ജനറല്‍ ബോഡി നിര്‍ദേശം ചര്‍ച്ച ചെയ്ത ശേഷമായിരിക്കും ഭരണഘടന ഭേദഗതിയുടെ കാര്യത്തില്‍ സംഘടന തലത്തില്‍ അന്തിമ തീരുമാനമുണ്ടാവുകയെന്ന് എഎംഎംഎ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

സുപ്രീം കോടതി നിര്‍ദേശങ്ങളടക്കം പരിഗണിച്ചാണ് ഭരണഘടനാ ഭേദഗതി. ഭേദഗതിക്ക് യോഗത്തിന്റെ അംഗീകാരം ലഭിച്ചാല്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് സമര്‍പ്പിച്ച് അംഗീകാരം നേടിയായിരിക്കും മറ്റു നടപടികളിലേക്ക് നീങ്ങുകയെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ വനിതകള്‍ക്ക് സ്ഥാനം സംവരണം ഇല്ലാത്തതിനാല്‍ പലപ്പോഴും പേരിന് ആരെയെങ്കിലും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്ന രീതിയാണ് കാലങ്ങളായി നടന്നുവരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും 17 അംഗ ഭരണസമിതിയില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ മൂന്ന് പേരുണ്ടെന്നുമാത്രം. ഭരണഘടനാ ഭേദഗതിക്ക് വാര്‍ഷിക ജനറല്‍ ബോഡിയില്‍ അംഗീകാരം ലഭിച്ചാല്‍ ഒരു ഭാരവാഹി ഉള്‍പ്പെടെ നാലുപേര്‍ തീര്‍ച്ചയായും കമ്മിറ്റിയില്‍ ഉണ്ടാകും. നിയമപരമായി ഏത് തൊഴിലിടത്തിലും സ്ത്രീകളുടേതായ പരാതി ഉയര്‍ന്നാല്‍ അത് കൈകാര്യം ചെയ്യാന്‍ സുപ്രീംകോടതി മാര്‍ഗ നിര്‍ദേശ പ്രകാരമുള്ള സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കുന്ന കാര്യവും ജനറല്‍ ബോഡി ചര്‍ച്ചചെയ്യും.

യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സംഘടനയില്‍ നിന്നും ഇരയ്ക്ക് നീതി കിട്ടാതായപ്പോള്‍ വനിത താരങ്ങള്‍ രൂപം കൊടുത്ത വുമണ്‍ ഇന്‍ സിനിമ കളക്ടീവും (ഡബ്ല്യുസിസി) ഉയര്‍ത്തിയ ശക്തമായ പ്രതിഷേധത്തിനും സമ്മര്‍ദ്ദത്തിനുമൊടുവിലാണ് താര സംഘടന ഭരണഘടന മാറ്റത്തിനൊരുങ്ങുന്നത്. കഴിഞ്ഞ വാര്‍ഷിക പൊതുയോഗത്തില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാനുള്ള ഭാരവാഹികളുടെ നടപടിയാണ് സംഘടനയില്‍ വന്‍ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയത്. സംഘടന നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഡബ്ല്യുസിസി അടക്കമുള്ള സംഘടനകളും സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്ത് വന്നു.

ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചും ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. നാല് വനിതാ താരങ്ങള്‍ സംഘടനയില്‍ നിന്ന് രാജി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനിടെ മീടൂ ആരോപണവും മലയാള സിനിമാ മേഖലയിലെ പലരെക്കുറിച്ചും ഉയരുകയുണ്ടായി. സംഘടനയില്‍ ജനാധിപത്യമില്ലെന്നും ചിലരുടെ അധിപത്യമാണെന്നുമുള്ള ആക്ഷേപണങ്ങളും വനിതകള്‍ ഉന്നയിക്കുകയുണ്ടായി. ഇതിനിടെ പല ദുഷ്പ്രവണതകളെക്കുറിച്ചും ധാരാളം കഥകളാണ് പുറത്തുവന്നത്. എന്തായാലും വനിതാ താരങ്ങളെക്കൂടി ഒപ്പം നിര്‍ത്തി സംഘടന കൂടുതല്‍ ശക്തമായി മുന്നോട്ടുപോകുമെന്നുള്ള സൂചനകളാണ് എഎംഎംഎ ഭാരവാഹികളില്‍ നിന്നും ഇപ്പോള്‍ കേള്‍ക്കാനാകുന്നത്. ഇന്ന് നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ ഭരണഘടന ഭേദഗതിക്ക് കാര്യമായ എതിര്‍പ്പുണ്ടാകാനുള്ള സാധ്യത വിരളമാണ്. അതേസമയം തങ്ങള്‍ പലവട്ടം ചൂണ്ടിക്കാണിച്ച വിഷയങ്ങളില്‍ അനുകൂലമായ നടപടി താരസംഘടനയില്‍ നിന്നും ലഭിച്ചില്ലെന്നുള്ള നിലപാടില്‍ തന്നെയാണ് ഡബ്ല്യൂസിസി അംഗങ്ങള്‍.