പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും ഒരുമിച്ചു മുന്നേറാൻ ഇന്നലെ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ധാരണ. റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് രാജ്യവ്യാപകമായി ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടുള്ള ക്യാമ്പയിൻ സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. സുഭാഷ്ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 നും മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30 നും സാമുദായിക സൗഹാർദത്തിനായുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
സർവ്വകലാശാലകൾ, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നടക്കുന്ന പൊലീസ് ഭീകരതയെ യോഗം അപലപിച്ചു. പൗരത്വഭേദഗതിനിയമം, പൗരത്വ പട്ടിക, ജനസംഖ്യാ രജിസ്റ്റർ എന്നിവയ്ക്കെതിരെ എല്ലാ മതവിഭാഗങ്ങളിലുമുൾപ്പെട്ടവർ പങ്കെടുക്കുന്ന ബഹുജനസമരങ്ങൾ രാജ്യത്താകെയുണ്ടായി. ഭരണഘടന സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന വിവിധ രൂപത്തിലുള്ള സമാധാനപൂർണ്ണമായ സമരങ്ങൾക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പൊലീസിന്റെ നിയന്ത്രണമുള്ള ഡൽഹിയിലും ഇത്തരം പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് ശ്രമിക്കുന്നത്.
സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, നേതാക്കളായ മൻമോഹൻ സിങ്, രാഹുൽ ഗാന്ധി, അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ്, എൻസിപി നേതാക്കളായ ശരത് പവാർ, പ്രഫുൽ പട്ടേൽ, ഹേമന്ദ് സോറൻ (ജെഎം എം), മനോജ് ഝാ (ആർജെഡി), ശരത് യാദവ് (ലോക്താന്ത്രിക് ജനതാദൾ), പി കെ കുഞ്ഞാലിക്കുട്ടി (ഐയുഎംഎൽ), ശത്രുജിത് സിങ് (ആർഎസ്‌പി), തോമസ് ചാഴിക്കാടൻ (കേരള കോൺഗ്രസ് (മാണി), സിറാജുദ്ദീൻ അജ്മൽ-എഐയുഡി എഫ്, ഹസ്നാൻ മസൂദി-നാഷ്ണൽ കോൺഫ്രൻസ്, മിൽ മുഹമ്മദ് ഫയാസ് (പിഡിപി), ഡി കുപേന്ദ്ര റെഡ്ഡി (ജെഡിഎസ്), അജിത് സിങ്(ആർഎൽഡി), ജിതൻ റാം മാഞ്ചി (ഹിന്ദുസ്ഥാനി അവാമി മോർച്ച), ഉപേന്ദ്ര കുശ്‌വാഹ (ആർഎൽഎസ്‌പി) രാജു ഷെട്ടി (സ്വാഭിമാൻ പക്ഷ), ജി ദേവരാജൻ (ഫോർവേഡ് ബ്ലോക്ക്), തോൽ തിരുമാവലവൻ (വിസികെ) എന്നിവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ ജെഎൻയു അക്രമവും രാജ്യത്ത് വിവിധ ഭാഗങ്ങളിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും നടക്കുന്ന പ്രതിഷേധ സമരങ്ങളും ചർച്ചയായി. ഇരുപതു പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്ത യോഗത്തിൽ തൃണമൂൽ കോൺഗ്രസ്, ബിഎസ്|പി, സമാജ്‌വാദി പാർട്ടി,ഡിഎംകെ, ശിവസേന, എഎപി എന്നീ പാർട്ടികൾ പങ്കെടുത്തില്ല. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം അവസാനം ആരംഭിക്കാനിരിക്കെയാണ് പ്രതിപക്ഷ കക്ഷികൾ യോഗം ചേർന്നതെന്ന പ്രത്യേകതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.