September 28, 2022 Wednesday

Related news

September 27, 2022
September 26, 2022
September 23, 2022
September 10, 2022
September 9, 2022
September 5, 2022
September 5, 2022
September 4, 2022
September 4, 2022
September 3, 2022

നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണം; തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കണം

Janayugom Webdesk
തിരുവനന്തപുരം
September 11, 2020 10:43 pm

കുട്ടനാട്, ചവറ നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷനുകളോട് അഭ്യർത്ഥിക്കാൻ കേരളം ഐകകണ്ഠ്യേന തീരുമാനിച്ചു. കോവിഡ്19 മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെങ്കിലും അനന്തമായി നീളാതെ എത്രയും വേഗം നടത്തണമെന്ന പൊതുധാരണയാണ് ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിൽ ഉണ്ടായത്.
സർക്കാർ സംവിധാനമാകെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളിൽ കേവലം മൂന്നുമാസം പ്രവർത്തിക്കാൻ കഴിയുന്ന നിയമസഭാ അംഗത്തെ തെരഞ്ഞെടുക്കാൻവേണ്ടി, ഈ പ്രത്യേക ഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉചിതമാണോ എന്ന വിഷയമാണ് സർവകക്ഷി യോഗത്തിൽ ആദ്യം സർക്കാർ ചർച്ചയ്ക്ക് വച്ചത്. ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കണമെന്ന് എല്ലാ കക്ഷികളും ഒരേസ്വരത്തിൽ അഭിപ്രായപ്പെട്ടു. അടുത്ത ആറുമാസത്തിനിടയിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനോട് ഒപ്പം ഈ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്നും, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് ഐകകണ്ഠ്യേന ആവശ്യപ്പെടുന്നത് ഉചിതമാകും എന്ന പൊതുഅഭിപ്രായമാണ് യോഗത്തിലുണ്ടായത്.
കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് പല കക്ഷികളും ആശങ്ക പ്രകടിപ്പിച്ചു. നിലവിലെ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രയാസവും കക്ഷിനേതാക്കൾ ചൂണ്ടിക്കാട്ടി. അത് അംഗീകരിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് താൽക്കാലികമായി മാറ്റിവയ്ക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കാൻ ധാരണയായത്. എന്നാൽ അനന്തമായി തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കേണ്ടതില്ലെന്ന പൊതു അഭിപ്രായവും കമ്മിഷനെ അറിയിക്കും.

തെരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിന്റെ ആണിക്കല്ല് : മുഖ്യമന്ത്രി

തെരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിന്റെ ആണിക്കല്ലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവർത്തിക്കാൻ സാധ്യമായ സമയം ലഭിക്കാത്ത കാലാവധിക്കായി, ജനപ്രതിനിധിയെ തെരഞ്ഞെടുക്കാൻ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് അനാവശ്യ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നതും, ജനപ്രാതിനിധ്യത്തിന്റെ അന്തഃസത്തയ്ക്ക് നിരക്കാത്തതുമാണ്. ഇതെല്ലാം പരിഗണിച്ചുള്ള അഭിപ്രായ സമന്വയമാണ് സർവകക്ഷി യോഗത്തിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരള നിയമസഭയുടെ കാലാവധി 2021 മെയ് മാസത്തിൽ അവസാനിക്കും. പൊതുതെരഞ്ഞെടുപ്പ് 2021 ഏപ്രിൽ മാസം നടക്കാൻ സാധ്യതയുണ്ട്. മാർച്ചോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരും. 2020 നവംബറിൽ കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകൾ നടന്നാൽ മൂന്ന് മാസങ്ങൾ മാത്രമേ തെരഞ്ഞെടുക്കപ്പെടുന്ന അംഗത്തിന് പ്രവർത്തിക്കാനായി ലഭിക്കുകയുള്ളൂ. ഈ കാലയളവിൽ ഒരു നിയമസഭാ അംഗത്തിന് കാര്യമായ ഒരു പ്രവർത്തനവും കാഴ്ചവയ്ക്കാൻ സമയമുണ്ടാകില്ല. ജനപ്രാതിനിധ്യ നിയമം 1951 ന്റെ വകുപ്പ് 151എ പ്രകാരം, ഒഴിവുണ്ടായി ആറുമാസത്തിനുള്ളിൽ നികത്തണമെന്നാണ്. കുട്ടനാട് മണ്ഡലത്തിൽ തോമസ് ചാണ്ടിയുടെ മരണംമൂലം ഒഴിവുണ്ടായത് 2019 ഡിസംബർ 20 നാണ്. ചവറ മണ്ഡലത്തിൽ വിജയൻപിള്ളയുടെ മരണത്തെ തുടർന്ന് ഒഴിവുണ്ടായത് 2020 മാർച്ച് എട്ടിനും. കുട്ടനാട് മണ്ഡലത്തിൽ ഒഴിവുണ്ടായി ആറുമാസം കഴിഞ്ഞു. ഇതിനോടൊപ്പം കോവിഡ് 19ന്റെ വ്യാപനം വലിയ പ്രശ്നമായി തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകളുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ താരതമ്യം ചെയ്യാനാകില്ല. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളുടെ ഭരണസമിതിയുടെ അഞ്ചുവർഷ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് 2020 നവംബറിൽ പുതിയ ഭരണസമിതികൾ അധികാരമേൽക്കേണ്ടതുണ്ട്. മാറ്റിവയ്ക്കാനാവാത്ത ഭരണഘടനാ ബാധ്യതയാണ് തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ്. എങ്കിലും പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് തെരഞ്ഞെടുപ്പ് തീയതിയിൽ അൽപ്പമൊക്കെ വ്യത്യാസം വരുത്തുന്ന കാര്യം പരിശോധിക്കാവുന്നതാണെന്ന സർക്കാർ തീരുമാനത്തിന് പിന്തുണയുണ്ടായി.

ഭരണഘടനയുടെ അനുച്ഛേദം 243 ഇ, 243 യു എന്നിവ പ്രകാരമുള്ളതാണ് തദ്ദേശ തെരഞ്ഞെടുപ്പുകൾ നടത്താനുള്ള ബാധ്യത. അതിനാൽ, തദ്ദേശ തെരഞ്ഞെടുപ്പ് വളരെയധികം നീട്ടിക്കൊണ്ടുപോകുന്നത് അസാധ്യമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനം: സിപിഐ
ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകളെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു. സർവകക്ഷി യോഗത്തിൽ സിപിഐയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറുമാസത്തിന് മുൻപ് നടത്താമായിരുന്ന ഉപതെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോവുകയും അവശേഷിക്കുന്ന നാലു മാസത്തിൽ താഴെ കാലാവധിയിലേക്കുവേണ്ടി ഇപ്പോൾ ഒരു തെരഞ്ഞെടുപ്പ് നടത്തുന്നത് അനാവശ്യവുമാണെന്ന് പ്രകാശ്ബാബു പറഞ്ഞു. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തോട് പൂർണ്ണമായി യോജിക്കുന്നതായി പ്രകാശ്ബാബു യോഗത്തിൽ അറിയിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികൾക്ക് അഞ്ച് വർഷത്തിലധികം കാലാവധി നീട്ടിനൽകാൻ ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 243 ഇ, 243യു വകുപ്പുകൾ അനുവദിക്കുന്നില്ല. ആ സാഹചര്യത്തിൽ പഞ്ചായത്ത് രാജ് നിയമത്തിലെ 151-ാം വകുപ്പ് പ്രകാരവും, മുൻസിപ്പൽ നിയമത്തിലെ 65-ാം വകുപ്പ് പ്രകാരവും സ്പെഷ്യൽ ഓഫീസറായോ, മൂന്ന് ഉദ്യോഗസ്ഥന്മാർ അടങ്ങുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയേയോ നിയമിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് പകരം ഉദ്യോഗസ്ഥന്മാരെ ഏൽപ്പിക്കുന്നത് എത്രത്തോളം ഗുണകരമാകുമെന്നത് ആലോചിക്കേണ്ടതാണ്. എങ്കിലും, കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ എടുക്കുന്ന ഉചിതമായ തീരുമാനത്തെ അനുകൂലിക്കുമെന്നും സർവകക്ഷി യോഗത്തിൽ പ്രകാശ് ബാബു അറിയിച്ചു.
Eng­lish sum­ma­ry:  Elec­tion in Kerala

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.