എസ് ആര്‍ മെഡി. കോളജ്: വിദ്യാര്‍ഥികളുടെ ഫലം തടഞ്ഞുവയ്ക്കാന്‍ ആരോഗ്യസര്‍വ്വകലാശാലാ തീരുമാനം

Web Desk
Posted on October 04, 2019, 10:58 pm

തിരുവനന്തപുരം: കൃത്യമായി ക്ലാസുകള്‍ നടത്താതെയും മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനയില്‍ വ്യാജ രോഗികളെ രംഗത്തിറക്കിയും വിവാദത്തിലായ വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളുടെ ഫലം തടഞ്ഞുവയ്ക്കാന്‍ ആരോഗ്യ സര്‍വ്വകലാശാല തീരുമാനിച്ചു. കോളജില്‍ ഇനി പരീക്ഷ സെന്റര്‍ അനുവദിക്കേണ്ടതില്ലെന്നും ഇന്നലെ ചേര്‍ന്ന സര്‍വകലാശാലയുടെ ഗവേണിങ് കൗണ്‍സില്‍ തീരുമാനിച്ചു. സര്‍വ്വകലാശാലയുടെ പ്രത്യേക സംഘം നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഒന്നാംവര്‍ഷ സപ്ലിമെന്ററി പരീക്ഷയുടെ ഫലമാണ് ഇനി വരാനുള്ളത്. കോളജിലെ 33 വിദ്യാര്‍ഥികളാണ് സപ്ലിമെന്ററി പരീക്ഷയെഴുതിയിരിക്കുന്നത്. നേരത്തേ കോളജിലെ ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യസര്‍വ്വകലാശാലയുടെ അന്വേഷണ സംഘം കോളജിലെത്തി പരിശോധന നടത്തിയത്. കോളജിലെ തട്ടിപ്പുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തിയ വിജിലന്‍സ് കഴിഞ്ഞ ദിവസം െ്രെകംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. വിദ്യാര്‍ഥികളെ മറ്റു കോളജുകളിലേക്ക് മാറ്റണമെന്നും വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു.
അതിനിടെ പരീക്ഷാഫലം തടഞ്ഞുവെന്നത് സംബന്ധിച്ച് അന്വേഷിക്കാന്‍ എത്തിയ വിദ്യാര്‍ഥിനിയെ കോളജിലെ ജീവനക്കാരി മര്‍ദിച്ചെന്ന് പരാതി ഉയര്‍ന്നു. കോളജില്‍ എത്തിയ ആര്യ അനില്‍ എന്ന വിദ്യാര്‍ഥിനിയെ കോളജിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മര്‍ദിച്ചെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. ഇതിന്റെ ദൃശ്യങ്ങളും വിദ്യാര്‍ഥികള്‍ പുറത്തുവിട്ടു. ഇതിനു പിന്നാലെ വിദ്യാര്‍ഥികള്‍ കോളജില്‍ പ്രതിഷേധവുമായെത്തിയത് നേരിയ സംഘര്‍ഷത്തിനിടയാക്കി.