അയോധ്യയിൽ നിരോധനാജ്ഞ നീട്ടാൻ തീരുമാനം

Web Desk
Posted on November 11, 2019, 10:23 am

ലക്നോ: ബാബരി കേസിലെ വിധിയുടെ പശ്ചാത്തലത്തിൽ പ്രദേശത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടാൻ തീരുമാനം. ഏറെ സുരക്ഷ വേണ്ട നിർണ്ണായകമായ ഘട്ടമാവും ഇനി അയോധ്യയിലെന്ന് ജില്ലാ പോലിസ് മേധാവി ആശിഷ് തിവാരി പറഞ്ഞു. കാർത്തിക പൂർണ്ണിമ പ്രമാണിച്ച് നാളെ കൂടുതൽ സുരക്ഷാ സേനയെ വിന്യസിക്കാൻ ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

അടുത്ത 15 വരെയാണ് അയോധ്യയിൽ നിരോധനാജ്ഞ. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ഉന്നതതല യോഗം നിരോധനാജ്ഞ നീട്ടാൻ തീരുമാനിച്ചു. സുപ്രിംകോടതി വിധിയനുസരിച്ച് ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കേണ്ടതിനാൽ വരും നാളുകൾ നിർണായക ഘട്ടമാകും ഇനി്.

ഏറെ വിശ്വാസികൾ അയോധ്യയിൽ തമ്ബടിക്കുന്ന ഉത്സവ കാലത്താണ് കേസിലെ വിധി വന്നതെന്നും ശ്രദ്ധേയം. വലിയ ആഘോഷമായ കാർത്തിക പൂർണ്ണിമ ദിനമായ നാളെ നിലവിലെ സുരക്ഷ പോരെന്ന വിലയിരുത്തലിലാണ് യോഗി സർക്കാർ. അതിനാൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കും. സരയൂ നദി തീരത്ത് നടക്കുന്ന ആഘോഷത്തിൽ കഴിഞ്ഞ വർഷം എട്ട് ലക്ഷം പേർ പങ്കെടുത്തതായാണ് പോലിസിന്റെ കണക്ക്.