Web Desk

കാബൂൾ

March 11, 2020, 10:54 pm

5,000 താലിബാൻ തടവുകാരെ മോചിപ്പിക്കാൻ തീരുമാനം

Janayugom Online

അഫ്ഗാനിസ്ഥാൻ സർക്കാരും താലിബാൻ തീവ്രവാദികളും തമ്മിൽ നടത്തിയ സമാധാന ചർച്ചയുടെ ഫലമായി 5,000 താലിബാൻ തടവുകാരെ ഈ ആഴ്ച മുതൽ മോചിപ്പിക്കാൻ തീരുമാനം. കലാപകാരികൾ അക്രമം ഒഴിവാക്കുമെന്ന ഉറപ്പിലാണ് സർക്കാർ അവരെ വിട്ടുനൽകുന്നതെന്ന് പ്രസിഡന്റ് അഷ്‌റഫ് ഘനിയുടെ വക്താവ് പറ‌ഞ്ഞു. അമേരിക്കയും താലിബാനും കഴിഞ്ഞ കുറെ വർഷങ്ങളായി തുടര്‍ന്നുവരുന്ന യുദ്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മാസം ദോഹയിൽവച്ച് അമേരിക്കൻ പട്ടാള ഉദ്യോഗസ്ഥരും താലിബാനും തമ്മിൽ കരാർ ഒപ്പുവച്ചിരുന്നു. ഇതനുസരിച്ച് അഫ്ഗാനിസ്ഥാനിലെ രണ്ട് താവളങ്ങളിൽ നിന്ന് സൈന്യം പിന്മാറാൻ തുടങ്ങിയെന്ന് യുഎസ് അറിയിച്ചിരുന്നു. അതിന്റെ ഭാഗമെന്നോണമാണ് അഫ്ഗാൻ സർക്കാറിന്റെ ഈ പ്രഖ്യാപനം.

ശനിയാഴ്ച മുതൽ 1,500 താലിബാൻ തടവുകാരെ സർക്കാർ മോചിപ്പിക്കും. പിന്നീട് താലിബാനുമായി നടക്കുന്ന സമാധാന ചർച്ചകൾക്ക് ശേഷം 3,500 പേരെ മോചിപ്പിക്കുമെന്ന് വക്താവ് സെദിക് സെദിഖി ട്വിറ്ററിൽ അറിയിച്ചു. രാജ്യത്ത് ആക്രമണങ്ങളെ ഗണ്യമായി പരിമിതപ്പെടുത്താനുള്ള താലിബാൻ സന്നദ്ധതയെ ആശ്രയിച്ചായിരിക്കും ആദ്യമെ തന്നെ 100 ​​തടവുകാരെ മോചിപ്പിക്കുന്ന കാര്യം ആലോചിക്കുക. കലാപകാരികളും അഫ്ഗാൻ സർക്കാരും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് തടസ്സം സൃഷ്ടിച്ച് ദീർഘകാലമായി നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കാൻ ശ്രമം നടക്കുന്നതായി വക്താവ് അറിയിച്ചു.

Eng­lish Sum­ma­ry: Deci­sion to release 5,000 Tal­iban prisoners