November 29, 2022 Tuesday

Related news

November 27, 2022
November 24, 2022
November 19, 2022
November 19, 2022
November 17, 2022
November 13, 2022
November 12, 2022
November 12, 2022
November 12, 2022
November 9, 2022

പെറുവില്‍ ഇന്ന് നിര്‍ണായക തെരഞ്ഞെടുപ്പ്

Janayugom Webdesk
ലിമ
June 6, 2021 10:39 am

പെറുവിന്റെ ഭാവി നിശ്ചയിക്കുന്ന രണ്ടാം ഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. ജനപ്രിയനായ ഇടതുപക്ഷ ട്രേഡ് യൂണിയന്‍ നേതാവ് പെഡ്രോ കാസ്റ്റില്ലോയും ഫുജിമോറി കുടുംബത്തിലെ ഇളമുറക്കാരി കെയ്കോ ഫുജിമോറിയുമാണ് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത്.
ട്രേഡ് യൂണിയന്‍ നേതാവും സ്കൂള്‍ അ­ധ്യാപകനുമായ 55 കാരന്‍ കാസ്റ്റില്ലോ 2002ലാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 2017ല്‍ ശമ്പളത്തിന് വേണ്ടി നടത്തിയ സമരം കാസ്റ്റില്ലോയെ ദേശീയതലത്തില്‍ ശ്രദ്ധേയനാക്കി. പെറുവിന് പുതിയ ഭരണഘടന എന്ന ജനപ്രിയ ആശയവുമായാണ് കാസ്റ്റില്ലോ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും യുവാക്കളുടെ പിന്തുണയാണ് കാസ്റ്റില്ലോയ്ക്ക് പ്രതീക്ഷ നല്‍കുന്നത്.
പെറുവിലെ നിലവിലെ രാഷ്ട്രീയ അസ്ഥിരതകള്‍ക്ക് അടിത്തറയിട്ട ആല്‍ബര്‍ട്ട് ഫുജിമോറിയുടെ മകളാണ് കെയ്കോ ഫുജിമോറി. അഴിമതി ആരോപണങ്ങളില്‍ അന്വേഷണം നേരിടുന്ന 45 കാരിയായ കെയ്കോ മൂന്നമത്തെ തവണയാണ് പ്രസിഡന്റ് പദവിക്കായി മത്സരിക്കുന്നത്. രാജ്യത്ത് നടന്ന മനുഷ്യാവകാശ ലംഘനത്തിന് ആല്‍ബര്‍ട്ട് ഫുജിമോറിക്ക് 25 വര്‍ഷം ജയില്‍ ശിക്ഷ ലഭിച്ചിരുന്നു. നവലിബറല്‍ പ്രോജക്ടിലൂന്നിയുള്ള സ്വതന്ത്ര മാര്‍ക്കറ്റ്, പെറുവിലെ ഖനി സമ്പത്ത് ഉപയോഗിച്ച് സാമ്പത്തികരംഗം ത്വരിതപ്പെടുത്തുക, ആരോഗ്യ‑വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ 20 ലക്ഷം തൊഴില്‍ അവസരങ്ങള്‍ എന്നിവയാണ് കെയ്കോയുടെ വാഗ്ദാനങ്ങള്‍.

അതിഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് ഏതാനും വര്‍ഷങ്ങളായി പെറു കടന്നുപോകുന്നത്. ദക്ഷിണ അമേരിക്കയില്‍ കോവിഡ് ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് പെറു. സമ്പദ്‌വ്യവസ്ഥ 11 ശതമാനം ചുരുങ്ങുകയും രണ്ടര ലക്ഷത്തോളം പേര്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു. അതിന് പിന്നാലെ സര്‍ക്കാര്‍ ജീവനക്കാര്‍ രഹസ്യമായി കോവിഡ് വാക്സിന്‍ സ്വീകരിച്ചതും വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
ധാര്‍മികമായി അയോഗ്യനെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ നവംബറില്‍ മാര്‍ടിന്‍ വിസ്കാരയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പെറു പാര്‍ലമെന്റ് ഇംപീച്ച് ചെയ്തു. സമാധാനമായി സമരം നടത്തിയ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് അതിക്രമം അഴിച്ചുവിട്ടതിനെ തുടര്‍ന്ന് അടുത്ത പ്രസിഡന്റായ മാനുവല്‍ മെരിനോയും പുറത്തായി. ഫ്രാന്‍സിസ്കോ റാഫേല്‍ സഗാസ്തി പിന്നീട് പ്രസിഡന്റായി ചുമതലയേല്‍ക്കുകയായിരുന്നു.

പെറുവിലെ ജീവിച്ചിരിക്കുന്ന എല്ലാ മുന്‍ പ്രസിഡന്റുമാരും അഴിമതി ആരോപണവിധേയരോ കുറ്റക്കാരെന്ന് കണ്ടെത്തിയവരോ ആണ്. 2018ല്‍ നടത്തിയ സര്‍വെ അനുസരിച്ച് രാജ്യത്തെ 94 ശതമാനം മേയര്‍മാര്‍ക്കുമെതിരെ അന്വേഷണം നടക്കുകയാണ്. നിലവിലെ പാര്‍ലമെന്റംഗങ്ങളില്‍ പകുതിപേരും ഏതെങ്കിലും തരത്തില്‍ ആരോപണവിധേയരുമാണ്. പാര്‍ലമെന്റില്‍ അധികാരം കേന്ദ്രീകരിക്കുകയും നീതിപീഠത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി അനുകൂല വിധി നേടിയെടുക്കാന്‍ കഴിയുന്ന തരത്തിലുമാണ് നിലവിലെ ഭരണഘടന. പൊലീസിന്റെ അധികാരം നിയന്ത്രിക്കുകയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുകയും ചെയ്യുന്ന പുതിയ ഭരണഘടന വേണമെന്നാവശ്യപ്പെട്ടാണ് പെറുവിന്റെ യുവജനത പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

Eng­lish sum­ma­ry; Deci­sive elec­tion in Peru today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.