8 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

July 3, 2024
July 2, 2024
July 1, 2024
June 18, 2024
June 10, 2024
May 27, 2024
March 11, 2024
February 15, 2024
January 30, 2024
December 4, 2023

നിര്‍ണായക രാജ്യയുദ്ധം; രാജ്യസഭയിലേക്ക് കുതിരക്കച്ചവടം തന്നെ

Janayugom Webdesk
June 9, 2022 11:12 pm

ബിജെപിക്കും കോണ്‍ഗ്രസിനും ഏറെ നിര്‍ണായകമായ രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്. കുതിരക്കച്ചവടത്തിനും റിസോര്‍ട്ട് രാഷ്ട്രീയത്തിനും കളമൊരുക്കിക്കൊണ്ടുള്ള കരുനീക്കങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ് ഇത്തവണ ഏറെ ചര്‍ച്ചയായത്. രാജസ്ഥാന്‍, മഹാരാഷ്ട്ര, ഹരിയാന, കര്‍ണാടക സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് കുതിരക്കച്ചവട ഭീതിയിലാണ്. ഈ സംസ്ഥാനങ്ങളില്‍ നിലവിലുള്ള സീറ്റുകളെക്കാള്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ രംഗത്തുവന്നതോടെ ചൂടേറിയ ചര്‍ച്ചകള്‍ക്കും രാഷ്ട്രീയ വിവാദങ്ങള്‍ക്കും അരങ്ങുണരുകയായിരുന്നു. രാജസ്ഥാനില്‍ സ്വതന്ത്രരെയും ചെറുകക്ഷികളെയും കൂടെ നിര്‍ത്താന്‍ നെട്ടോട്ടത്തിലാണ് ഇരുപാര്‍ട്ടികളും. ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സുഭാഷ് ചന്ദ്രക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. പണം നല്‍കി എംഎല്‍എമാരെ വശത്താക്കാന്‍ ശ്രമം നടത്തുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അതേസമയം, കള്ളപ്പണം ഉപയോഗിച്ച് കോണ്‍ഗ്രസ് കുതിരക്കച്ചവടത്തിന് കോപ്പുകൂട്ടുന്നുവെന്നാണ് ബിജെപിയുടെ പരാതി. രാജസ്ഥാനില്‍ ഒരാഴ്ചയായി രണ്ടുപക്ഷത്തെയും എംഎല്‍എമാര്‍ റിസോര്‍ട്ടുകളിലായിരുന്നു വാസം.

41 ആദ്യ വോട്ടുകളാണ് ഒരു സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ ആവശ്യമുള്ളത്. 108 എംഎല്‍എമാരുള്ള കോണ്‍ഗ്രസ് മുഖ്യവക്താവ് രണ്‍ദീപ് സുര്‍ജേവാല, മുകുള്‍ വാസ്നിക്, പ്രമോദ് തിവാരി എന്നിവരെയാണ് സ്ഥാനാര്‍ത്ഥികളാക്കിയത്. 71 സീറ്റുകളുള്ള ബിജെപി വിജയിക്കുമെന്നുറപ്പുള്ള സീറ്റില്‍ ഘന്‍ശ്യാം തിവാരിയെ സ്ഥാനാര്‍ത്ഥിയാക്കുകയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സുഭാഷ് ചന്ദ്രയെ രംഗത്തിറക്കുകയും ചെയ്യുകയായിരുന്നു. ആറ് സീറ്റുകള്‍ ഒഴിവുള്ള മഹാരാഷ്ട്രയില്‍ 42 ആദ്യ പരിഗണനാ വോട്ടുകളാണ് ഒരു സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ വേണ്ടത്. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നിവരുള്‍പ്പെട്ടെ മഹാ വികസന സഖ്യത്തിന് മൂന്ന് സീറ്റുകള്‍ വിജയിപ്പിക്കാന്‍ സാധിക്കും. രണ്ട് സീറ്റുകള്‍ വിജയിപ്പിക്കാനുള്ള വോട്ട് കയ്യിലുള്ള ബിജെപി മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയായി ധനഞ്ജയ് മഹാദിക്കിനെ രംഗത്തിറക്കുകയായിരുന്നു. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍, മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരാണ് വിജയസാധ്യതയുള്ള സീറ്റുകളിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍.

കര്‍ണാടകയില്‍ നാല് സീറ്റുകളിലേക്കാണ് മത്സരം. 45 ആദ്യ പരിഗണനാ വോട്ടുകളാണ് ഒരു സ്ഥാനാര്‍ത്ഥിക്ക് ആവശ്യമായുള്ളത്. ബിജെപി കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍, എംഎല്‍സി ലഹര്‍ സിങ് സിരോയ, കന്നഡ നടന്‍ ജഗ്ഗേഷ് എന്നിവരെയും കോണ്‍ഗ്രസ് ജയ്റാം രമേഷ്, മന്‍സൂര്‍ അലി എന്നീ നേതാക്കളെയും സ്ഥാനാര്‍ത്ഥികളാക്കി. ആവശ്യമായ വോട്ടുകള്‍ ഇല്ലാതിരുന്നിട്ടും ജനതാദള്‍(എസ്) കുപേന്ദ്ര റെഡ്ഡിയെ മത്സരരംഗത്തിറക്കിയതോടെ മത്സരം കടുത്തു. ഹരിയാനയില്‍ അജയ് മാക്കന് പാര്‍ട്ടിയിലെ ആഭ്യന്തര കലഹം തിരിച്ചടിയാകുമെന്ന ഭീതിയിലാണ് കോണ്‍ഗ്രസ്. അവസാന നിമിഷമാണ് മാധ്യമ ഭീമന്‍ കാര്‍ത്തികേയ ശര്‍മ സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തുന്നത്. 30 വോട്ടുകളാണ് അജയ് മാക്കന് വിജയിക്കാന്‍ വേണ്ടതെന്നിരിക്കെ, കോണ്‍ഗ്രസിന്റെ 31 എംഎല്‍എമാരില്‍ കുല്‍ദീപ് ബിഷ്ണോയി ഇടഞ്ഞുനില്‍ക്കുന്നത് പാര്‍ട്ടിയുടെ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. ഒരു വോട്ട് കൂടി കോണ്‍ഗ്രസില്‍ നിന്ന് തട്ടിയെടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പരാജയമാകും സംഭവിക്കുക.

മത്സരം 16 സീറ്റുകളില്‍

15 സംസ്ഥാനങ്ങളില്‍ നിന്നായി 57 രാജ്യസഭാ സീറ്റുകളാണ് ഒഴിവാകുന്നത്. ഉത്തര്‍പ്രദേശ്(11), മഹാരാഷ്ട്ര(ആറ്), തമി‌ഴ്‌നാട്(ആറ്), ബിഹാര്‍(അഞ്ച്), രാജസ്ഥാന്‍(നാല്), ആന്ധ്രപ്രദേശ്(നാല്), കര്‍ണാടക(നാല്), മധ്യപ്രദേശ്(മൂന്ന്), ഒഡിഷ(മൂന്ന്), തെലങ്കാന(രണ്ട്), ഛത്തീസ്ഗഡ്(രണ്ട്), ഝാര്‍ഖണ്ഡ്(രണ്ട്), പഞ്ചാബ്(രണ്ട്), ഹരിയാന(രണ്ട്), ഉത്തരാഖണ്ഡ്(ഒന്ന്) എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം.
ഇവയില്‍ 41 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടു. ബാക്കിയുള്ള 16 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.
അതത് സംസ്ഥാന നിയമസഭകളില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ വൈകിട്ട് അഞ്ച് മണിക്ക് ആരംഭിക്കും.

അനില്‍ ദേശ്‌മുഖിനും നവാബ് മാലിക്കിനും വോട്ട് ചെയ്യാനാകില്ല

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി എന്‍സിപി നേതാക്കളായ അനില്‍ ദേശ്‌മുഖും നവാബ് മാലിക്കും സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. മുംബൈയിലെ പ്രത്യേക കോടതി ഒരു ദിവസത്തെ ജാമ്യം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് ഇരുവരും ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ജനങ്ങള്‍ തെരഞ്ഞെടുത്ത എംഎല്‍എമാരാണ്. അതുകൊണ്ട് രാജ്യസഭയിലേക്കുളള പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ ബാധ്യസ്ഥരാണെന്ന് അവകാശപ്പെട്ടാണ് ഇവര്‍ മുംബൈയിലെ പ്രത്യേക കോടതിയെ സമീപിച്ചത്. എന്നാല്‍ ആവശ്യം കോടതി തള്ളുകയായിരുന്നു.

Eng­lish Summary:Decisive nation­al war; It is a horse trade to the Rajya Sabha
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.