Saturday
23 Feb 2019

ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക; ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുക

By: Web Desk | Friday 10 August 2018 10:01 PM IST


സാധാരണമായ കാലവര്‍ഷത്തെയാണ് ഈ വര്‍ഷം കേരളം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. പകുതിയോളം ഭൂപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന സ്ഥിതിയാണുണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ പത്തു ജില്ലകളിലുള്ള 24 അണക്കെട്ടുകളും തുറക്കേണ്ടിവന്നു. ഇത് ജലമൊഴുക്കിവിടുന്ന നദികളിലെ ജല നിരപ്പുയരുന്നതിനും പരിസരങ്ങളില്‍ താമസിക്കുന്നവരെ പരിഭ്രാന്തരാക്കുന്നതിനുമിടയാക്കി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മുപ്പതോളം പേരാണ് ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം ഉള്‍പ്പെടെ പ്രകൃതി ദുരന്തത്തില്‍ മരിച്ചത്. രണ്ടു കുടുംബങ്ങളാകെയും മൂന്ന് ദമ്പതികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
തീവ്രമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ ചൊവ്വാഴ്ച വരെയും ഇടുക്കി ജില്ലയില്‍ തിങ്കളാഴ്ച വരെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ രണ്ടു ദിവസത്തേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട സ്ഥിതിവിശേഷമാണുണ്ടായത്. ശക്തമായ മഴയും പുഴകള്‍ കവിഞ്ഞൊഴുകിയതും അണക്കെട്ടുകള്‍ തുറന്നുവിടേണ്ടി വന്നതുമായ സാഹചര്യങ്ങള്‍ കാരണം ജില്ലാ തലസ്ഥാനങ്ങള്‍ പോലും വെള്ളത്തിനടിയിലാകുന്ന സ്ഥിതിയുണ്ടായി. കാലവര്‍ഷത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കായി ആയിരക്കണക്കിന് ദുരിതാശ്വാസ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇവിടെയുള്ളവര്‍ക്ക് ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമൊരുക്കുന്നതിലും രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും സര്‍ക്കാരിന്റെ റവന്യു – ദുരന്ത നിവാരണ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വവിധ സന്നാഹങ്ങളും രംഗത്തുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും ദുരന്തനിവാരണത്തിന് ആര്‍മി, എയര്‍ഫോഴ്‌സ്, നേവി, കോസ്റ്റ് ഗാര്‍ഡ്, എന്‍ഡിആര്‍എഫ്, മിലിട്ടറി എന്‍ജിനീയറിംഗ് സര്‍വീസ് എന്നിവയുടെ സേവനവും ആര്‍മിയുടെ സംഘങ്ങളുംദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍ഡിആര്‍എഫ്) മൂന്ന് സംഘങ്ങളും ഒരുക്കിയാണ് അസാധാരണമായ മഴക്കെടുതികളെ നേരിടുന്നതിന് സര്‍ക്കാര്‍ സന്നദ്ധമായത്.
മെയ് അവസാനം തുടങ്ങിയ കാലവര്‍ഷം പല ഘട്ടങ്ങളിലായി കനക്കുകയും ദുരിതമായി പെയ്യുകയുമായിരുന്നു. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് വ്യാപകനാശം വിതച്ചുവെങ്കില്‍ പിന്നീട് മധ്യകേരളത്തില്‍ പ്രത്യേകിച്ച് ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ജീവഹാനിയും നാശനഷ്ടവും വിതച്ചു. ഇപ്പോള്‍ എല്ലാ ജില്ലകളിലും കനത്ത മഴ പെയ്യുന്നുണ്ടെങ്കിലും മലയോര ജില്ലകളിലാണ് വന്‍ ദുരിതമുണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ മാത്രം സംസ്ഥാനത്ത് അമ്പതോളം പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. പതിനായിരക്കണക്കിന് ഏക്കര്‍ കൃഷി നശിച്ചു. വീടുകള്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്നതിന്റെ അവസാന കണക്കുകള്‍ പുറത്തുവരുമ്പോള്‍ അത് പതിനായിരത്തിലധികമാകുമെന്നാണ് കരുതപ്പെടുന്നത്.
ദുരന്ത നിവാരണത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഇതിനകംതന്നെ സംസ്ഥാന സര്‍ക്കാര്‍ ആയിരക്കണക്കിന് കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു. നഷ്ടപരിഹാരമായി നല്‍കുന്നതിനും തകര്‍ന്ന പ്രദേശങ്ങളും കൃഷിയിടങ്ങളും പൂര്‍വ സ്ഥിതിയിലാക്കുന്നതിനും ആയിരക്കണക്കിന് കോടി രൂപ ഇനിയും ആവശ്യമായി വരും. ഇത്രയും വലിയ സാമ്പത്തിക ബാധ്യത താങ്ങുന്നതിന് കേന്ദ്രത്തിന്റെ അര്‍ഹമായ സഹായം ലഭ്യമാകേണ്ടതുണ്ട്. കഴിഞ്ഞ മാസം ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ നാശനഷ്ടം വിലയിരുത്തുന്നതിന് കേന്ദ്രസംഘം എത്തിയ വേളയിലാണ് ഇപ്പോഴത്തെ ദുരന്തമുണ്ടായിരിക്കുന്നത്. അതുകൊണ്ട് കെടുതിയുടെ വ്യാപ്തിയും ദുരന്തത്തിന്റെ ആഴവും അവര്‍ക്ക് മനസിലായിട്ടുണ്ടാകുമെന്നതില്‍ തര്‍ക്കമില്ല. അതിനനുസരിച്ച റിപ്പോര്‍ട്ട് അവര്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

അതെന്തായാലും അസാധാരണവും ഭീകരവുമായ പ്രകൃതി ദുരന്തമാണ് കാലവര്‍ഷത്തെ തുടര്‍ന്ന് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. അതിനെ അതിജീവിക്കാന്‍ കേരളത്തിന് തനിച്ച് സാധിക്കില്ലെന്നതുകൊണ്ട് അര്‍ഹമായ സാമ്പത്തിക സഹായം സംസ്ഥാനത്തിന് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്. അതിനായി കാലവര്‍ഷക്കെടുതി ദേശീയദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രം തയ്യാറാകണം. ഇതുവരെ കാണിച്ചുപോന്നിരുന്ന അവഗണനാ പൂര്‍വമായ സമീപനം മാറ്റിവച്ച് കാരുണ്യപൂര്‍വമായ സമീപനം ഇപ്പോഴെങ്കിലും സ്വീകരിക്കാന്‍ കേന്ദ്രം തയ്യാറാകുമെന്നാണ് കേരളീയര്‍ പ്രതീക്ഷിക്കുന്നത്.

ഇത്തരമൊരു ദുരന്തത്തില്‍ സകല കഴിവുകളും വിനിയോഗിച്ച് കര്‍മസജ്ജരായി നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന് കൈത്താങ്ങാവുകയെന്നത് ഓരോ പൗരന്റെയും കടമ കൂടിയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ അവധിയുപേക്ഷിച്ചും രാപകലെന്നില്ലാതെയും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. അവര്‍ക്കൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിരവധി പേരാണ് ജാതി – മതഭേദമില്ലാതെയും കക്ഷി രാഷ്ട്രീയം മറന്നും അണിനിരന്നിട്ടുള്ളത്. അതോടൊപ്പം ദുരിതബാധിതരെ സഹായിക്കുന്നതിനുള്ള സര്‍ക്കാരിന്റെ യത്‌നത്തില്‍ കയ്യയച്ച് സംഭാവന നല്‍കി പങ്കാളികളാകുന്നതിന് മുഴുവന്‍ മലയാളികളും സന്നദ്ധരാകേണ്ടതുണ്ട്.